Wednesday, 23 September 2009

ചന്ദ്രനിലെ ജലസാന്നിധ്യം


ചന്ദ്രനിലെ ജലസാന്നിധ്യം: നാസ ഇന്ന് സ്ഥിരീകരിക്കും
Posted on: 23 Sep 2009



മുംബൈ: ഇന്ത്യയുടെ പ്രഥമ ചന്ദ്രപര്യവേഷണ വാഹനം ചന്ദ്രയാന്‍-1 ചന്ദ്രോപരിതലത്തില്‍ ജലാംശം കണ്ടെത്തിയെന്ന വിലപ്പെട്ട വിവരം ശാസ്ത്രലോകം സ്ഥിരീകരിച്ചു. നാസയിലെ ശാസ്ത്രജ്ഞനായ അമിതാഭ ഘോഷാണ് ഇന്ത്യയിലെ വിവിധ ടി.വി. ചാനലുകള്‍ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ഈ വിവരം സ്ഥിരീകരിച്ചത്. നൂറ്റാണ്ടിന്റെ കണ്ടെത്തല്‍ എന്നാണ് ഘോഷ് ഈ നേട്ടത്തെ വിലയിരുത്തിയത്. നേരത്തെ നാസയുടെ ഉപഗ്രഹങ്ങളായ ലൂണാര്‍ റിക്കൊണൈസന്‍സ് ഓര്‍ബിറ്ററും ലൂണാര്‍ ക്രേറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സെന്‍സിങ് സാറ്റലൈറ്റും ചന്ദ്രനിലെ ജലസാന്നിധ്യത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നെങ്കിലും നാസ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല.



ചന്ദ്രയാനില്‍ നിന്നു ലഭിച്ച പുതിയ വിവരങ്ങള്‍ ഈ പഴയ ഡാറ്റയുമായി ഒത്തുനോക്കിയശേഷമാണ് നാസ ജലസാന്നിധ്യം ഉറപ്പിച്ചതെന്ന് ഘോഷ് പറഞ്ഞു. ചന്ദ്രയാന്റെ പ്രോജക്റ്റ് ഡയറക്ടറായിരുന്ന ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ മയില്‍സ്വാമിയെ ഉദ്ധരിച്ച് ഇംഗ്ലണ്ടിലെ ടൈംസ് ദിനപത്രവും ജലസാന്നിധ്യം കണ്ടെത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ചന്ദ്രയാന്‍ ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം കണ്ടെത്തിയെന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ തയ്യാറായിട്ടില്ല.



ഇക്കാര്യത്തില്‍ നാസയുടെ ഔദ്യോഗിക സ്ഥിരീകരണം ഇന്നുണ്ടാകും. ഇന്ന് വൈകീട്ട് നാസ ഒരു പത്രസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വാഷിംഗ്ടണിലെ നാസയുടെ ആസ്ഥാനത്ത് മൂണ്‍ മിനറോളജി മാപ്പര്‍ നിരീക്ഷിക്കുന്ന ബ്രൗണ്‍ സര്‍വ്വകലാശാലയിലെ സംഘത്തിന്റെ മേധാവിയും പ്രശസ്ത ചാന്ദ്ര ശാസ്ത്രജ്ഞയുമായ കാര്‍ലെ പീറ്റേഴ്‌സാണ് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനം നടത്തുന്നത്. വാര്‍ത്താസമ്മേളനത്തിന്റെ ഉള്ളടക്കം എന്താണന്ന് വ്യക്തമാക്കാന്‍ തയ്യാറാകാത്ത ബ്രൗണ്‍ സര്‍വ്വകലാശാല വക്താവ് അത് ഒരു പ്രധാനപ്പെട്ട പ്രഖ്യാപനമായിരിക്കുമെന്നും, ചന്ദ്രയാനെ അത് മഹത്തരമാക്കുമെന്നും മാത്രമാണ് വെളിപ്പെടുത്തിയത്. 



ചന്ദ്രയാനില്‍ ഘടിപ്പിച്ചിരുന്ന നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ ചന്ദ്രോപരിതലത്തിലെ ജലാംശം കണ്ടെത്തിയത്. നേര്‍ത്ത പാളിയായാണ് ജലസാന്നിധ്യം മൂണ്‍ മാപ്പറില്‍ പതിഞ്ഞത്. ഇതോടെ വര്‍ഷങ്ങളായുള്ള ശാസ്ത്രലോകത്തിന്റെ നിരന്തരമായ അന്വേഷണത്തിനാണ് ഫലപ്രാപ്തിയാകുന്നത്. ഇതിന് വഴിയൊരുക്കിയത് ഒരു ഇന്ത്യന്‍ ഉപഗ്രഹമായത് ഇന്ത്യന്‍ ശാസ്ത്രലോകത്തിനും ചരിത്രനേട്ടമായി.



ചന്ദ്രയാന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം തന്നെ ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഭൗമനിലയവുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ആഗസ്തില്‍ ചന്ദ്രയാന്റെ ദൗത്യം അവസാനിച്ചിരുന്നു. രണ്ടുവര്‍ഷം ലക്ഷ്യമിട്ട ദൗത്യം കാലാവധിക്ക് ഒരു വര്‍ഷവും 55 ദിവസവും മുമ്പ് നിര്‍ത്തേണ്ടിവന്നെങ്കിലും ചന്ദ്രയാന്‍ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നൂറ് ശതമാനവും പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പറഞ്ഞു. ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ഈയാഴ്ച ലഭിക്കും എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചന്ദ്രോപരിതലത്തെക്കുറിച്ച് പഠിക്കാനായി 2008 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍- 1 വിക്ഷേപിച്ചത്.

മാതൃഭൂമി വാര്ത്ത




3 comments:

  1. ചന്ദ്രനിലേക് ഒരു വിസ കിട്ടോ ആവോ?
    ഒന്ന് പോയി കുളിച്ചു വരാമായിരുന്നു

    ReplyDelete
  2. കളർ ഒന്ന് ശ്രദ്ധിക്കൂ. ഇളം കളറുകൾ വായനാസുഖം കൂട്ടും.

    വെറും ഒരു അഭിപ്രാ‍യം :)

    ReplyDelete
  3. റഫീക് ജീ,
    ടെക്സ്റ്റ് കളര്‍ ഇവിടെ വരുമ്പോള്‍ വായിക്കാന്‍ പറ്റുന്നുണ്ടെങ്കിലും റീഡറില്‍ ആകെ നരച്ചിട്ടാണ്. ഇളം ബാക് ഗ്രൌണ്ടില്‍ കറുത്തതോ സമാനമോ ആയ നിറമാണ് ടെക്സ്റ്റ് റീഡബിളിറ്റിക്ക് എപ്പോഴും നല്ലത്.

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.