കണ്ണൂര്‍: സകല പ്രവചനങ്ങളെയും കാറ്റിപ്പറത്തിക്കൊണ്ടാണ് എ.പി. അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ പഴയ രാഷ്ട്രീയഗുരുവിനെതിരെ വിജയക്കൊടി പാറിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയെ തറപറ്റിച്ച് അത്ഭുതക്കുട്ടി എന്ന ഓമനപ്പേരു സമ്പാദിച്ച അബ്ദുള്ളക്കുട്ടി താന്‍ അക്ഷരാര്‍ഥത്തില്‍ തന്നെ അത്ഭുതക്കുട്ടിയാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ചേരിമാറ്റത്തിനും വിവാദ പ്രസ്താവനകള്‍ക്കും ഏറെ പഴി കേട്ടെങ്കിലും കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ മുല്ലപ്പള്ളിയേക്കാള്‍ കരുത്തനായ എം.വി. ജയരാജനെ തന്നെ മുട്ടുകുത്തിച്ചാണ് അബ്ദുള്ളക്കുട്ടി നിയമസഭയിലേയ്ക്കും കാലെടുത്തുവച്ചത്. കഴിഞ്ഞ തവണ കെ.സുധാകരന്‍ എന്ന അതികായന്റെ ഭൂരിപക്ഷം പോലും അബ്ദുള്ളക്കുട്ടിയുടെ മുന്നേറ്റത്തിന് മുന്നില്‍ അപ്രസക്തമായിപ്പോയി എന്നതാണ് ചരിത്രം.
ഒരര്‍ഥത്തില്‍ കെ.സുധാകരന് കൂടി അവകാശപ്പെട്ടതാണ് അബ്ദുള്ളക്കുട്ടിയുടെ വിജയം. ഒരു മാസം മുന്‍പ് മാത്രം സി.പി.എം വിട്ട് കോണ്‍ഗ്രസിലേയ്ക്ക് കൂറുമാറിയ അബ്ദുള്ളക്കുട്ടിയെ സുധാകരന്റെ സ്ഥാനാര്‍ഥിയായാണ് അവതരിപ്പിക്കപ്പെട്ടത്. ഡി.സി.സി. പ്രസിഡന്റ് പി. രാമകൃഷ്ണന്‍ അടക്കമുള്ള പ്രാദേശിക നേതാക്കളുടെ ആവശ്യം മാറ്റിനിര്‍ത്തി അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ സുധാകരന്റെ പിടിവാശി തന്നെയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ വിജയം കെ.സുധാകരന്റെ അപ്രമാദിത്തം ഒരിക്കല്‍ക്കൂടി കണ്ണൂരില്‍ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഗുരുവും ശിഷ്യനും തമ്മിലുള്ള പോരില്‍ സകല അടവുകളും പരീക്ഷിക്കപ്പെട്ടു. വര്‍ഗശത്രുവായി മുദ്രകുത്തിയ അബ്ദുള്ളക്കുട്ടിയെ തോല്‍പിക്കുക സി.പി.എമ്മിന്റെ അഭിമാനപ്രശനവുമായിരുന്നു. കണ്ണൂരിന്റെ ചരിത്രം എല്ലാകാലത്തും കോണ്‍ഗ്രസിനൊപ്പമാണെന്ന് അറിഞ്ഞിട്ടും ഇത്ര കടുത്ത പോരാട്ടത്തിന് സി.പി.എം രണ്ടും കല്‍പിച്ചിറങ്ങിയത് എതിരാളി അബ്ദുള്ളക്കുട്ടിയായതുകൊണ്ട് മാത്രമായിരുന്നു. തങ്ങളുടെ തട്ടകത്തില്‍ കെ.സുധാകരനെ കൂടാതെ മറ്റൊരു ശത്രകൂടി ഉയര്‍ന്നുവരുന്നത് ഒരു തരത്തിലും സി.പി.എമ്മിന് അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന എന്‍.ഡി.എഫിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നിര്‍ത്തിയത് ചെറിയ തോതില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ നഷ് ടപ്പെടുത്തിയെന്ന് രാഷ് ട്രീയവിഗ്ധര്‍ വിലയിരുത്തുന്നു.
ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സാഹചര്യത്തില്‍ പരമാവധി വോട്ടുകള്‍ സമാഹകരിക്കേണ്ടത് എസ്.ഡി.പി.ഐക്ക് അഭിമാനപ്രശ്‌നവുമായിരുന്നു. എസ്.ഡി.പി.ഐ കോണ്‍ഗ്രസിന് ദോഷമുണ്ടാക്കിയെങ്കില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്ന ജമാത്തെ ഇസ് ലാമിയുടെ തീരുമാനം സി.പി.എമ്മിനും ക്ഷീണമുണ്ടാക്കി. ഏറക്കുറേ എസ്.ഡി.പി.ഐക്ക് കിട്ടിയ വോട്ടുകളുടെ അത്ര തന്നെ വോട്ടുകള്‍ പോള്‍ ചെയ്യാപ്പെടാതെ പോയത് സി.പിഎമ്മിന് കിട്ടേണ്ടവയായിരുന്നുവെന്ന് വേണം കരുതാന്‍. ബി.ജെ.പിയാകട്ടെ യുവനേതാവ് രഞ്ജിത്തിനെ നിര്‍ത്തിയാണ് പോരാടിയത്. വോട്ട് വില്‍പന ആരോപണം എല്ലാക്കാലവും നേരിടാറുള്ള ബി.ജെ.പിക്ക് പക്ഷേ കണ്ണൂരില്‍ മുഖ്യശത്രു സി.പി.എമ്മായതുകൊണ്ട് തന്നെ അവരുടെ കുറേ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്.
ഇന്ന് കണ്ണൂരില്‍ നിര്‍ത്താവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥി തന്നെയായിരുന്നു സി.പി.എമ്മിനെ സംബന്ധിച്ച് എം.വി ജയരാജന്‍. മുമ്പ് രണ്ട് വട്ടം എടക്കാട് നിന്ന് എം.എല്‍.എയായിട്ടുള്ള ജയരാജനെ ഏറക്കുറേ അസാധ്യമായ ദൗത്യം തന്നെയാണ് പാര്‍ട്ടി ഏല്‍പിച്ചത്. നേരെ മറിച്ച് കോണ്‍ഗ്രസിലാകട്ടെ സ്ഥാനാര്‍ഥി മോഹികളെ ഒട്ടാകെ വെട്ടിയാണ് കെ.സുധാകരന് അബ്ദുള്ളക്കുട്ടിയുടെ പേര് ഹൈക്കമാന്‍ഡിനെ കൊണ്ട് അംഗീകരിപ്പിച്ചത്. ഡി.സി.സി. പ്രസിഡന്റ് പി രാമകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അങ്ങനെ പലരേയും പിന്തള്ളിയാണ് അബ്ദുള്ളക്കുട്ടി രംഗത്തുവന്നത്.
കോണ്‍ഗ്രസില്‍ തന്നെ പലര്‍ക്കും ഇതില്‍ അമര്‍ഷമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ഈ അപസ്വരം മുതലാക്കാനും സി.പി.എം കിണഞ്ഞുശ്രമിച്ചു. പ്രകാശന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് സിപി.എം പ്രവര്‍ത്തിച്ചത്. ഒരുപക്ഷേ സി.പി.എ കണ്ണൂര്‍ ജില്ലയില്‍ ഇത്രയധികം വാശിയോടെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത് 1987 ലാണ്. എം.വി രാഘവനെതിരെ. സി. കണ്ണന്‍ ഒരു തവണ ജയിച്ചത് ഒഴിച്ചാല്‍ കണ്ണൂരില്‍ എല്ലാത്തവണയും ജയം കോണ്‍ഗ്രസിനായിരുന്നു.
ആലപ്പുഴയും എറണാകുളവും അത്രകാര്യമാക്കാതെ കണ്ണൂരില്‍ മാത്രമാണ് സി.പി.എം എല്ലാ അടവുകളും പയറ്റിയത്. പലതുകൊണ്ടും വിവാദങ്ങളിലൂടെ ദേശീയ ശ്രദ്ധ തന്നെ ആകര്‍ഷിച്ച തിരഞ്ഞെടുപ്പായിരുന്നു. രാഷ്ട്രീയത്തിന്റെ നേരും നെറികേടും വിലയിരുത്തപ്പെട്ടു. വോട്ടര്‍മാരെ അപ്പാടെ കാമറയില്‍ പകര്‍ത്തി നടത്തിയ അപൂര്‍വ്വ തിരഞ്ഞെടുപ്പും കേരളത്തില്‍ ആദ്യത്തേതുമായിരുന്നു കണ്ണൂരില്‍ നടന്നത്. ബാരക്കിലിരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി പറഞ്ഞ കേന്ദ്രസേനയുടെ കാവലിലാണ് ഓരോ ബൂത്തിലും വോട്ടിങ് നടന്നത്. വീട്ടുടമസ്ഥന്‍ അറിയാതെ സ്വന്തം വീട് വിലാസമാക്കി നാലും അഞ്ചും പേരുടെ പേര് വോട്ടര്‍പട്ടികയില്‍ കണ്ട് അന്തം വിട്ട വീട്ടുടമസ്ഥന്‍ ഉള്‍പ്പടെ ക്രമക്കേടുകളുടെ പട്ടിക തന്നെ തിരഞ്ഞെടുപ്പ് വേളയില്‍ ഉന്നയിക്കപ്പെട്ടു.
കഴിഞ്ഞ തവണത്തെ പട്ടികയില്‍ നിന്ന് 6386 പേര്‍ നീക്കം ചെയ്യപ്പെട്ടു. അതേ സമയം കുടിയേറ്റ വോട്ടായി ആക്ഷേപം വന്ന 7987 വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു. ഇതിന് പുറമേ വ്യാജ വോട്ടര്‍മാരായി മുദ്രകുത്തിയ 893 പേരില്‍ 511 പേരും വോട്ട് ചെയ്തു. കഷ്ടിച്ച് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ഏതെങ്കിലും സ്ഥാനാര്‍ഥി ജയിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് കോടതി കയറുമെന്നുറപ്പായിരുന്നു. സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയില്‍ കളക് ടര്‍ വി.കെ ബാലകൃഷ്ണനെ വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് മാറ്റിയ അവസ്ഥയുണ്ടായി. പകരം കളക്ടറുടെ നിയമകാര്യത്തില്‍ കമ്മീഷനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. ഇത്രയൊക്കെ അടവുകള്‍ പയറ്റിയിട്ടും
രണ്ട് തവണ എം.എല്‍.എയായ ജയരാജനും രണ്ട് തവണ എം.പിയായ അബ്ദുള്ളക്കുട്ടിയും തമ്മില്‍ അക്ഷരാര്‍ത്ഥത്തില്‍ നടന്നത് പൊരിഞ്ഞ പോരാട്ടമായിരുന്നു. ഓരോ വോട്ടും ഉറപ്പാക്കാന്‍ ഇരുവിഭാഗവും കച്ചകെട്ടിയിറങ്ങുകയായിരുന്നു. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീറും വാശിയും ജനങ്ങളിലെത്തിയതിന്റെ പ്രതിഫലനമായിരുന്നു വോട്ടിങ് ശതമാനത്തിലെ വര്‍ധനവ്. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടിയെ തന്നെ നിര്‍ത്തി സി.പി.എമ്മിനിട്ട് പണികൊടുക്കുക എന്ന കോണ്‍ഗ്രസ് തന്ത്രമാണ്.
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധാകരന്‍ നേടിയ 8613 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാനുള്ള തന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സി.പി.എം ആവിഷ്‌കരിച്ചിരുന്നു. സ്ഥലത്തില്ലാത്തും യു.ഡി.എഫിന് അനുകൂലമായതുമായ വോട്ടര്‍മാരെ കൃത്യമായി കണ്ടെത്തി പട്ടികയില്‍ നീക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തന്നെ സി.പി.എം ഓപ്പറേഷന്‍ കണ്ണൂര്‍ ആസൂത്രണം ചെയ്തിരുന്നു. തങ്ങളുടെ വോട്ടര്‍മാരെ കൃത്യമായി പട്ടികയില്‍ ചേര്‍ത്ത് അവര്‍ വളരെ നേരത്തെ തയാറെടുപ്പ് പൂര്‍ത്തിയാക്കി. 2006 ലെ 8613 വോട്ട് സി.പി.എ ടാര്‍ജറ്റാക്കിയപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുധാകരന് കിട്ടിയ 23,000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു യു.ഡി.എഫിന് ആദ്യവസാനം ആത്മവിശ്വാസം പകര്‍ന്നത്.
കടപ്പാട്- മാതൃഭൂമി
No comments:
Post a Comment
വായനക്കാരുടെ പ്രതികരണങ്ങള്‍.