Sunday, 6 December 2009

സാഹിത്യകാരന്മാരെ സാക്ഷികളാക്കി വിസ്തരിക്കും

പൂന്താനം ഇല്ലം സംബന്ധിച്ച് പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതിയിലുള്ള കേസില്‍ വിചാരണ തിങ്കളാഴ്ച തുടങ്ങാനിരിക്കെ മൂന്നാം എതിര്‍കക്ഷിയായ പൂന്താനം സ്മാരകസമിതി സാഹിത്യകാരന്മാരെ സാക്ഷികളാക്കി വിസ്തരിക്കുന്നതിനുള്ള പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു.


പൂന്താനം ഇല്ലത്ത് അനുചിതമായ പരിപാടികളും യോഗങ്ങളും നടത്താന്‍ ദേവസ്വം രാഷ്ട്രീയമായ കാരണങ്ങളാല്‍ അനുവാദം നല്‍കാന്‍ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് പെരിന്തല്‍മണ്ണയിലെ പി.വി.ശശിധരന്‍ നല്‍കിയ കേസാണ് വിചാരണയ്ക്ക് വരുന്നത്. ഗുരുവായൂര്‍ ദേവസ്വം, ദേവസ്വം ചെയര്‍മാന്‍, പൂന്താനം സ്മാരക കമ്മിറ്റി, പൂന്താനം ഇല്ലം ക്ഷേത്ര സംരക്ഷണ സമിതി എന്നിവരാണ് പ്രതികള്‍.

അന്യായക്കാരന്റെ വാദങ്ങള്‍ക്ക് ദേവസ്വം കോടതിയില്‍ മറുപടി നല്‍കാത്തത് വിവാദമായിരുന്നു. കേസിലെ എതിര്‍കക്ഷിയായ പൂന്താനം സ്മാരകസമിതിയാണ് ഡോ. കെ.ജി.പൗലോസ്, സി.രാധാകൃഷ്ണന്‍, അബ്ദുസ്സമദ് സമദാനി, ടി.കെ.ഹംസ, പാലക്കീഴ് നാരായണന്‍, മണമ്പൂര്‍ രാജന്‍ബാബു, നാലകത്ത് സൂപ്പി, വി.ശശികുമാര്‍ എം.എല്‍.എ, ശ്രീരാമകൃഷ്ണന്‍, കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ഹംസ എന്നിവരെ സാക്ഷികളാക്കി വിസ്തരിക്കാന്‍ കോടതിയില്‍ പട്ടിക നല്‍കിയത്.

മാതൃഭൂമി വാർത്ത

Sunday, 29 November 2009

ലക്ഷക്കണക്കിന്‌ വ്യാജ സെല്‍ഫോണുകള്‍ ഇന്ന്‌ രാത്രിയോടെ പ്രവര്‍ത്തനരഹിതമാകും


ഭീകര പ്രവര്‍ത്തനത്തിന്റെയും നുഴഞ്ഞുകയറ്റത്തിന്റെയും പശ്ചാത്തലത്തില്‍, വ്യാജ ഫോണുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നിലവില്‍ വന്നതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് വ്യാജ ഫോണുകള്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെ പ്രവര്‍ത്തന രഹിതമാകും. അതേസമയം വ്യാജഫോണുകള്‍ അധികൃതമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള 'ഐ.എം.ഇ.ഐ. ഇംപ്ലാന്റ്' പ്രവര്‍ത്തനം സംസ്ഥാനമെങ്ങും തകൃതിയായി നടക്കുകയാണ്.


മൊബൈല്‍ ഫോണിന്റെ തിരിച്ചറിയില്‍ നമ്പരായ ഐ.എം.ഇ.ഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ഇല്ലാത്ത ഫോണുകളെയാണ് വ്യാജ ഫോണുകളുടെ പട്ടികയില്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ രണ്ടരക്കോടിയോളം ഫോണുകള്‍ രാജ്യത്ത് ഉപയോഗിച്ചുവരുന്നതായി കണക്കാക്കിയിട്ടുണ്ട്. മുപ്പതിനായിരത്തോളം രൂപ വിലവരുന്ന ആപ്പിള്‍ ഐ-ഫോണിന്റെ അതേ മാതൃകയില്‍ നിര്‍മിച്ച ചൈനീസ് മൊബൈല്‍ ഫോണുകള്‍ നാലായിരം രൂപയ്ക്ക് ലഭ്യമായിത്തുടങ്ങിയതോടെ കേരളത്തിലും വ്യാജ ഫോണുകള്‍ ഹരമായി മാറി.

നവംബര്‍ മുപ്പതോടെ, ഐ.എം.ഇ.ഐ. നമ്പര്‍ ഇല്ലാത്ത ഫോണുകളില്‍ നിന്ന് കാളുകള്‍ പോകുന്നത് തടയാന്‍ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇത്തരം ഫോണുകളിലേക്ക് തല്‍ക്കാലം ഇന്‍കമിങ് കാളുകള്‍ ലഭ്യമാകും. 'ഐ.എം.ഇ.ഐ. നമ്പര്‍ ഇംപ്ലാന്റ്' പ്രവര്‍ത്തനം നടത്താന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷനാണ് (ഐ.സി.എ.) ചുമതല നല്‍കിയിരിക്കുന്നത്. ഗ്ലോബല്‍ സിസ്റ്റം ഓഫ് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ് (ജി.എസ്.എം.) മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ ഐ.എം.ഇ.ഐ. നമ്പര്‍
ചയ്താല്‍ മതിയാകും. നമ്പരിന് നിയമസാധുത ഉണ്ടോയെന്നറിയാന്‍ 53232 എന്ന നമ്പരിലേക്ക് ഐ.എം.ഇ.ഐ. നമ്പര്‍ എസ്.എം.എസ്. ചെയ്യണം. ഫോണ്‍ വ്യാജമാണെങ്കില്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ ഐ.എം.ഇ.ഐ. ഇംപ്ലാന്റ് നടത്തി അവയ്ക്ക് നിയമ സാധുത നല്‍കാം.


പി.എസ്.ജയന്‍
മാതൃഭൂമി വാർത്ത

Monday, 9 November 2009

വീണ്ടും 'അത്ഭുത'ക്കുട്ടി


കണ്ണൂര്‍: സകല പ്രവചനങ്ങളെയും കാറ്റിപ്പറത്തിക്കൊണ്ടാണ് എ.പി. അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ പഴയ രാഷ്ട്രീയഗുരുവിനെതിരെ വിജയക്കൊടി പാറിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളിയെ തറപറ്റിച്ച് അത്ഭുതക്കുട്ടി എന്ന ഓമനപ്പേരു സമ്പാദിച്ച അബ്ദുള്ളക്കുട്ടി താന്‍ അക്ഷരാര്‍ഥത്തില്‍ തന്നെ അത്ഭുതക്കുട്ടിയാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ചേരിമാറ്റത്തിനും വിവാദ പ്രസ്താവനകള്‍ക്കും ഏറെ പഴി കേട്ടെങ്കിലും കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ മുല്ലപ്പള്ളിയേക്കാള്‍ കരുത്തനായ എം.വി. ജയരാജനെ തന്നെ മുട്ടുകുത്തിച്ചാണ് അബ്ദുള്ളക്കുട്ടി നിയമസഭയിലേയ്ക്കും കാലെടുത്തുവച്ചത്. കഴിഞ്ഞ തവണ കെ.സുധാകരന്‍ എന്ന അതികായന്റെ ഭൂരിപക്ഷം പോലും അബ്ദുള്ളക്കുട്ടിയുടെ മുന്നേറ്റത്തിന് മുന്നില്‍ അപ്രസക്തമായിപ്പോയി എന്നതാണ് ചരിത്രം.




ഒരര്‍ഥത്തില്‍ കെ.സുധാകരന് കൂടി അവകാശപ്പെട്ടതാണ് അബ്ദുള്ളക്കുട്ടിയുടെ വിജയം. ഒരു മാസം മുന്‍പ് മാത്രം സി.പി.എം വിട്ട് കോണ്‍ഗ്രസിലേയ്ക്ക് കൂറുമാറിയ അബ്ദുള്ളക്കുട്ടിയെ സുധാകരന്റെ സ്ഥാനാര്‍ഥിയായാണ് അവതരിപ്പിക്കപ്പെട്ടത്. ഡി.സി.സി. പ്രസിഡന്റ് പി. രാമകൃഷ്ണന്‍ അടക്കമുള്ള പ്രാദേശിക നേതാക്കളുടെ ആവശ്യം മാറ്റിനിര്‍ത്തി അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ സുധാകരന്റെ പിടിവാശി തന്നെയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ വിജയം കെ.സുധാകരന്റെ അപ്രമാദിത്തം ഒരിക്കല്‍ക്കൂടി കണ്ണൂരില്‍ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുകയാണ്.



ഗുരുവും ശിഷ്യനും തമ്മിലുള്ള പോരില്‍ സകല അടവുകളും പരീക്ഷിക്കപ്പെട്ടു. വര്‍ഗശത്രുവായി മുദ്രകുത്തിയ അബ്ദുള്ളക്കുട്ടിയെ തോല്‍പിക്കുക സി.പി.എമ്മിന്റെ അഭിമാനപ്രശനവുമായിരുന്നു. കണ്ണൂരിന്റെ ചരിത്രം എല്ലാകാലത്തും കോണ്‍ഗ്രസിനൊപ്പമാണെന്ന് അറിഞ്ഞിട്ടും ഇത്ര കടുത്ത പോരാട്ടത്തിന് സി.പി.എം രണ്ടും കല്‍പിച്ചിറങ്ങിയത് എതിരാളി അബ്ദുള്ളക്കുട്ടിയായതുകൊണ്ട് മാത്രമായിരുന്നു. തങ്ങളുടെ തട്ടകത്തില്‍ കെ.സുധാകരനെ കൂടാതെ മറ്റൊരു ശത്രകൂടി ഉയര്‍ന്നുവരുന്നത് ഒരു തരത്തിലും സി.പി.എമ്മിന് അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന എന്‍.ഡി.എഫിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നിര്‍ത്തിയത് ചെറിയ തോതില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ നഷ് ടപ്പെടുത്തിയെന്ന് രാഷ് ട്രീയവിഗ്ധര്‍ വിലയിരുത്തുന്നു.



ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സാഹചര്യത്തില്‍ പരമാവധി വോട്ടുകള്‍ സമാഹകരിക്കേണ്ടത് എസ്.ഡി.പി.ഐക്ക് അഭിമാനപ്രശ്‌നവുമായിരുന്നു. എസ്.ഡി.പി.ഐ കോണ്‍ഗ്രസിന് ദോഷമുണ്ടാക്കിയെങ്കില്‍ ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്ന ജമാത്തെ ഇസ് ലാമിയുടെ തീരുമാനം സി.പി.എമ്മിനും ക്ഷീണമുണ്ടാക്കി. ഏറക്കുറേ എസ്.ഡി.പി.ഐക്ക് കിട്ടിയ വോട്ടുകളുടെ അത്ര തന്നെ വോട്ടുകള്‍ പോള്‍ ചെയ്യാപ്പെടാതെ പോയത് സി.പിഎമ്മിന് കിട്ടേണ്ടവയായിരുന്നുവെന്ന് വേണം കരുതാന്‍. ബി.ജെ.പിയാകട്ടെ യുവനേതാവ് രഞ്ജിത്തിനെ നിര്‍ത്തിയാണ് പോരാടിയത്. വോട്ട് വില്‍പന ആരോപണം എല്ലാക്കാലവും നേരിടാറുള്ള ബി.ജെ.പിക്ക് പക്ഷേ കണ്ണൂരില്‍ മുഖ്യശത്രു സി.പി.എമ്മായതുകൊണ്ട് തന്നെ അവരുടെ കുറേ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്.



ഇന്ന് കണ്ണൂരില്‍ നിര്‍ത്താവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥി തന്നെയായിരുന്നു സി.പി.എമ്മിനെ സംബന്ധിച്ച് എം.വി ജയരാജന്‍. മുമ്പ് രണ്ട് വട്ടം എടക്കാട് നിന്ന് എം.എല്‍.എയായിട്ടുള്ള ജയരാജനെ ഏറക്കുറേ അസാധ്യമായ ദൗത്യം തന്നെയാണ് പാര്‍ട്ടി ഏല്‍പിച്ചത്. നേരെ മറിച്ച് കോണ്‍ഗ്രസിലാകട്ടെ സ്ഥാനാര്‍ഥി മോഹികളെ ഒട്ടാകെ വെട്ടിയാണ് കെ.സുധാകരന് അബ്ദുള്ളക്കുട്ടിയുടെ പേര് ഹൈക്കമാന്‍ഡിനെ കൊണ്ട് അംഗീകരിപ്പിച്ചത്. ഡി.സി.സി. പ്രസിഡന്റ് പി രാമകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അങ്ങനെ പലരേയും പിന്തള്ളിയാണ് അബ്ദുള്ളക്കുട്ടി രംഗത്തുവന്നത്.



കോണ്‍ഗ്രസില്‍ തന്നെ പലര്‍ക്കും ഇതില്‍ അമര്‍ഷമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ഈ അപസ്വരം മുതലാക്കാനും സി.പി.എം കിണഞ്ഞുശ്രമിച്ചു. പ്രകാശന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് സിപി.എം പ്രവര്‍ത്തിച്ചത്. ഒരുപക്ഷേ സി.പി.എ കണ്ണൂര്‍ ജില്ലയില്‍ ഇത്രയധികം വാശിയോടെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത് 1987 ലാണ്. എം.വി രാഘവനെതിരെ. സി. കണ്ണന്‍ ഒരു തവണ ജയിച്ചത് ഒഴിച്ചാല്‍ കണ്ണൂരില്‍ എല്ലാത്തവണയും ജയം കോണ്‍ഗ്രസിനായിരുന്നു.



ആലപ്പുഴയും എറണാകുളവും അത്രകാര്യമാക്കാതെ കണ്ണൂരില്‍ മാത്രമാണ് സി.പി.എം എല്ലാ അടവുകളും പയറ്റിയത്. പലതുകൊണ്ടും വിവാദങ്ങളിലൂടെ ദേശീയ ശ്രദ്ധ തന്നെ ആകര്‍ഷിച്ച തിരഞ്ഞെടുപ്പായിരുന്നു. രാഷ്ട്രീയത്തിന്റെ നേരും നെറികേടും വിലയിരുത്തപ്പെട്ടു. വോട്ടര്‍മാരെ അപ്പാടെ കാമറയില്‍ പകര്‍ത്തി നടത്തിയ അപൂര്‍വ്വ തിരഞ്ഞെടുപ്പും കേരളത്തില്‍ ആദ്യത്തേതുമായിരുന്നു കണ്ണൂരില്‍ നടന്നത്. ബാരക്കിലിരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി പറഞ്ഞ കേന്ദ്രസേനയുടെ കാവലിലാണ് ഓരോ ബൂത്തിലും വോട്ടിങ് നടന്നത്. വീട്ടുടമസ്ഥന്‍ അറിയാതെ സ്വന്തം വീട് വിലാസമാക്കി നാലും അഞ്ചും പേരുടെ പേര് വോട്ടര്‍പട്ടികയില്‍ കണ്ട് അന്തം വിട്ട വീട്ടുടമസ്ഥന്‍ ഉള്‍പ്പടെ ക്രമക്കേടുകളുടെ പട്ടിക തന്നെ തിരഞ്ഞെടുപ്പ് വേളയില്‍ ഉന്നയിക്കപ്പെട്ടു.



കഴിഞ്ഞ തവണത്തെ പട്ടികയില്‍ നിന്ന് 6386 പേര്‍ നീക്കം ചെയ്യപ്പെട്ടു. അതേ സമയം കുടിയേറ്റ വോട്ടായി ആക്ഷേപം വന്ന 7987 വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു. ഇതിന് പുറമേ വ്യാജ വോട്ടര്‍മാരായി മുദ്രകുത്തിയ 893 പേരില്‍ 511 പേരും വോട്ട് ചെയ്തു. കഷ്ടിച്ച് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ഏതെങ്കിലും സ്ഥാനാര്‍ഥി ജയിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് കോടതി കയറുമെന്നുറപ്പായിരുന്നു. സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയില്‍ കളക് ടര്‍ വി.കെ ബാലകൃഷ്ണനെ വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് മാറ്റിയ അവസ്ഥയുണ്ടായി. പകരം കളക്ടറുടെ നിയമകാര്യത്തില്‍ കമ്മീഷനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. ഇത്രയൊക്കെ അടവുകള്‍ പയറ്റിയിട്ടും



രണ്ട് തവണ എം.എല്‍.എയായ ജയരാജനും രണ്ട് തവണ എം.പിയായ അബ്ദുള്ളക്കുട്ടിയും തമ്മില്‍ അക്ഷരാര്‍ത്ഥത്തില്‍ നടന്നത് പൊരിഞ്ഞ പോരാട്ടമായിരുന്നു. ഓരോ വോട്ടും ഉറപ്പാക്കാന്‍ ഇരുവിഭാഗവും കച്ചകെട്ടിയിറങ്ങുകയായിരുന്നു. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീറും വാശിയും ജനങ്ങളിലെത്തിയതിന്റെ പ്രതിഫലനമായിരുന്നു വോട്ടിങ് ശതമാനത്തിലെ വര്‍ധനവ്. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടിയെ തന്നെ നിര്‍ത്തി സി.പി.എമ്മിനിട്ട് പണികൊടുക്കുക എന്ന കോണ്‍ഗ്രസ് തന്ത്രമാണ്.



2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധാകരന്‍ നേടിയ 8613 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാനുള്ള തന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സി.പി.എം ആവിഷ്‌കരിച്ചിരുന്നു. സ്ഥലത്തില്ലാത്തും യു.ഡി.എഫിന് അനുകൂലമായതുമായ വോട്ടര്‍മാരെ കൃത്യമായി കണ്ടെത്തി പട്ടികയില്‍ നീക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തന്നെ സി.പി.എം ഓപ്പറേഷന്‍ കണ്ണൂര്‍ ആസൂത്രണം ചെയ്തിരുന്നു. തങ്ങളുടെ വോട്ടര്‍മാരെ കൃത്യമായി പട്ടികയില്‍ ചേര്‍ത്ത് അവര്‍ വളരെ നേരത്തെ തയാറെടുപ്പ് പൂര്‍ത്തിയാക്കി. 2006 ലെ 8613 വോട്ട് സി.പി.എ ടാര്‍ജറ്റാക്കിയപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുധാകരന് കിട്ടിയ 23,000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു യു.ഡി.എഫിന് ആദ്യവസാനം ആത്മവിശ്വാസം പകര്‍ന്നത്.

കടപ്പാട്-   മാതൃഭൂമി

Wednesday, 23 September 2009

ചന്ദ്രനിലെ ജലസാന്നിധ്യം


ചന്ദ്രനിലെ ജലസാന്നിധ്യം: നാസ ഇന്ന് സ്ഥിരീകരിക്കും
Posted on: 23 Sep 2009



മുംബൈ: ഇന്ത്യയുടെ പ്രഥമ ചന്ദ്രപര്യവേഷണ വാഹനം ചന്ദ്രയാന്‍-1 ചന്ദ്രോപരിതലത്തില്‍ ജലാംശം കണ്ടെത്തിയെന്ന വിലപ്പെട്ട വിവരം ശാസ്ത്രലോകം സ്ഥിരീകരിച്ചു. നാസയിലെ ശാസ്ത്രജ്ഞനായ അമിതാഭ ഘോഷാണ് ഇന്ത്യയിലെ വിവിധ ടി.വി. ചാനലുകള്‍ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ഈ വിവരം സ്ഥിരീകരിച്ചത്. നൂറ്റാണ്ടിന്റെ കണ്ടെത്തല്‍ എന്നാണ് ഘോഷ് ഈ നേട്ടത്തെ വിലയിരുത്തിയത്. നേരത്തെ നാസയുടെ ഉപഗ്രഹങ്ങളായ ലൂണാര്‍ റിക്കൊണൈസന്‍സ് ഓര്‍ബിറ്ററും ലൂണാര്‍ ക്രേറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സെന്‍സിങ് സാറ്റലൈറ്റും ചന്ദ്രനിലെ ജലസാന്നിധ്യത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നെങ്കിലും നാസ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല.



ചന്ദ്രയാനില്‍ നിന്നു ലഭിച്ച പുതിയ വിവരങ്ങള്‍ ഈ പഴയ ഡാറ്റയുമായി ഒത്തുനോക്കിയശേഷമാണ് നാസ ജലസാന്നിധ്യം ഉറപ്പിച്ചതെന്ന് ഘോഷ് പറഞ്ഞു. ചന്ദ്രയാന്റെ പ്രോജക്റ്റ് ഡയറക്ടറായിരുന്ന ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ മയില്‍സ്വാമിയെ ഉദ്ധരിച്ച് ഇംഗ്ലണ്ടിലെ ടൈംസ് ദിനപത്രവും ജലസാന്നിധ്യം കണ്ടെത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ചന്ദ്രയാന്‍ ചന്ദ്രോപരിതലത്തില്‍ ജലസാന്നിധ്യം കണ്ടെത്തിയെന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ തയ്യാറായിട്ടില്ല.



ഇക്കാര്യത്തില്‍ നാസയുടെ ഔദ്യോഗിക സ്ഥിരീകരണം ഇന്നുണ്ടാകും. ഇന്ന് വൈകീട്ട് നാസ ഒരു പത്രസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വാഷിംഗ്ടണിലെ നാസയുടെ ആസ്ഥാനത്ത് മൂണ്‍ മിനറോളജി മാപ്പര്‍ നിരീക്ഷിക്കുന്ന ബ്രൗണ്‍ സര്‍വ്വകലാശാലയിലെ സംഘത്തിന്റെ മേധാവിയും പ്രശസ്ത ചാന്ദ്ര ശാസ്ത്രജ്ഞയുമായ കാര്‍ലെ പീറ്റേഴ്‌സാണ് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനം നടത്തുന്നത്. വാര്‍ത്താസമ്മേളനത്തിന്റെ ഉള്ളടക്കം എന്താണന്ന് വ്യക്തമാക്കാന്‍ തയ്യാറാകാത്ത ബ്രൗണ്‍ സര്‍വ്വകലാശാല വക്താവ് അത് ഒരു പ്രധാനപ്പെട്ട പ്രഖ്യാപനമായിരിക്കുമെന്നും, ചന്ദ്രയാനെ അത് മഹത്തരമാക്കുമെന്നും മാത്രമാണ് വെളിപ്പെടുത്തിയത്. 



ചന്ദ്രയാനില്‍ ഘടിപ്പിച്ചിരുന്ന നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ ചന്ദ്രോപരിതലത്തിലെ ജലാംശം കണ്ടെത്തിയത്. നേര്‍ത്ത പാളിയായാണ് ജലസാന്നിധ്യം മൂണ്‍ മാപ്പറില്‍ പതിഞ്ഞത്. ഇതോടെ വര്‍ഷങ്ങളായുള്ള ശാസ്ത്രലോകത്തിന്റെ നിരന്തരമായ അന്വേഷണത്തിനാണ് ഫലപ്രാപ്തിയാകുന്നത്. ഇതിന് വഴിയൊരുക്കിയത് ഒരു ഇന്ത്യന്‍ ഉപഗ്രഹമായത് ഇന്ത്യന്‍ ശാസ്ത്രലോകത്തിനും ചരിത്രനേട്ടമായി.



ചന്ദ്രയാന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം തന്നെ ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഭൗമനിലയവുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ആഗസ്തില്‍ ചന്ദ്രയാന്റെ ദൗത്യം അവസാനിച്ചിരുന്നു. രണ്ടുവര്‍ഷം ലക്ഷ്യമിട്ട ദൗത്യം കാലാവധിക്ക് ഒരു വര്‍ഷവും 55 ദിവസവും മുമ്പ് നിര്‍ത്തേണ്ടിവന്നെങ്കിലും ചന്ദ്രയാന്‍ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നൂറ് ശതമാനവും പൂര്‍ത്തിയാക്കിയതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ പറഞ്ഞു. ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ഈയാഴ്ച ലഭിക്കും എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചന്ദ്രോപരിതലത്തെക്കുറിച്ച് പഠിക്കാനായി 2008 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍- 1 വിക്ഷേപിച്ചത്.

മാതൃഭൂമി വാര്ത്ത




Saturday, 30 May 2009

കമല സുരയ്യക്ക് ആദരാഞ്ജലികള്‍

മലയാളിയുടെ പ്രിയപ്പെട്ട കഥാകാരി കമല സുരയ്യക്ക് ആദരാഞ്ജലികള്‍

കമല സുരയ്യ അന്തരിച്ചു

More Photos
പുണെ: മലയാളിയുടെ വായനാലോകത്ത്‌ സര്‍ഗ്ഗാത്മതകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരി കമല സുരയ്യ(75) അന്തരിച്ചു. പുണെയിലെ ജഹാങ്കീര്‍ ആസ്‌പത്രിയില്‍ ഞായറാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായ കമല ഒരുമാസമായി ആസ്‌പത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്നപേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി രണ്ടുഭാഷകളിലും ഏറെ ആരാധകരെ നേടിയ വ്യക്തിത്വമായിരുന്നു കമലയുടേത്‌.

ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്ത കാലം, പക്ഷിയുടെ മണം, യാ അല്ലാഹ്‌ എന്നിവയാണ്‌ പ്രധാനകൃതികള്‍. ധീരമായ തുറന്നുപറച്ചിലുകള്‍ കൊണ്ട്‌ വിവാദം സൃഷ്‌ടിച്ച 'എന്റെ കഥ' എന്ന ആത്മകഥയും കമലയുടേതായി പുറത്തിറങ്ങി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, എഴുത്തച്ഛന്‍ അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി വൈസ്‌ ചെയര്‍പേഴ്‌സണ്‍, സംസ്ഥാന ഫോറസ്‌ട്രി ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌ എന്നീ നിലകളിലും നപ്രവര്‍ത്തിച്ചു.

1999ല്‍ ഇസ്ല്‌ളാംമതവും കമല സുരയ്യ എന്ന പുതിയ പേരും സ്വീകരിച്ച കമലയുടെ തീരുമാനം ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പ്‌ കൊച്ചിയില്‍ നിന്ന്‌ ഇളയമകന്‍ ജയസൂര്യയുടെ വസതിയിലേക്ക്‌ താമസം മാറ്റുകയായിരുന്നു.

മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വി.എം. നായരുടെയും കവയിത്രി ബാലാമണി അമ്മയുടെയും മകളാണ്‌. ഭര്‍ത്താവ്‌ പരേതനായ എം.കെ. ദാസ്‌. മക്കള്‍: മാതൃഭൂമി മുന്‍പത്രാധിപര്‍ എം.ഡി. നാലപ്പാട്‌, ചിന്നന്‍, ജയസൂര്യ.

14 വര്‍ഷത്തെ താമസത്തിനുശേഷം 2007 ജനുവരിയിലായിരുന്നു കമലാ സുരയ്യ കൊച്ചിയോട്‌ വിടപറഞ്ഞത്‌. കടവന്ത്രയിലെ റോയല്‍ സ്‌റേഡിയം മാന്‍ഷന്‍ ഫ്‌ളാറ്റില്‍ നിന്ന്‌ ഇളയ മകന്‍ ജയസൂര്യയ്‌ക്കൊപ്പം പൂനയിലെ ഫ്‌ളാറ്റിലേക്കായിരുന്നു കമലാസുരയ്യ പോയത്‌. പുണെയില്‍ മീഡിയ കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന ജയസൂര്യയുടെ ഫ്‌ലാറ്റിലെ മുകളിലത്തെ നിലയിലെ ഫ്‌ളാറ്റിലായിരുന്നു കമലാ സുരയ്യയുടെ ജീവിതം.

മതിലുകള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, തരിശുനിലം, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്‌, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, എന്റെ കഥ, ബാല്യകാലസ്‌മരണകള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, നീര്‍മാതളം പൂത്ത കാലം, ചേക്കേറുന്ന പക്ഷികള്‍, ഒറ്റയടിപ്പാത, മാധവിക്കുട്ടിയുടെ മൂന്നു നോവലുകള്‍, നഷക്കടപ്പെട്ട നിലാംഭഭരി, അമാവാസി (കെ. എല്‍. മോഹനവര്‍മ്മയോടൊത്ത്‌), കവാടം (സുലോചനയോടൊത്ത്‌) സമ്മര്‍ ഹൗസ്‌, കലക്‌ടഡ്‌ പോയംസ്‌ തുടങ്ങിയ ഇംഗ്ലീഷ്‌ കവിതാസമാഹാരങ്ങളുമാണ്‌ പ്രധാന രചനകള്‍. അവയില്‍ ചിലതിന്റെ മലയാള വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചു. ഓണ്‍ലി ദി സോള്‍ നോസ്‌ ഹൗ റ്റു സിങ്‌ 1996 ഒക്‌ടോബറില്‍ ഡി.സി. ബുക്‌സ്‌ പ്രസിദ്ധപ്പെടുത്തി. എന്റെ കഥ 15 വിദേശഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.


1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടു. 99 ല്‍ ഇസ്ല്‌ളാം മതം സ്വീകരിച്ചു.

1964ല്‍ ഏഷ്യന്‍ പോയട്രി പ്രൈസ്‌ (ദി സൈറന്‍സ്‌), 1965ലെ ഏഷ്യന രാജയങ്ങളിലെ ഇംഗ്ലിഷ്‌ കൃതികള്‍ക്കുളള കെന്റ്‌ അവാര്‍ഡ്‌ (സമ്മര്‍ ഇന്‍ കല്‍ക്കത്ത), ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, അക്കാദമി പുരസ്‌കാരം (കലക്‌ടഡ്‌ പോയംസ്‌) എന്നിവ ലഭിച്ചു. 1969ല്‍ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്‌ക്കുളള അവാര്‍ഡ്‌ (തണുപ്പ്‌) നേടി. നഷ്‌ടപ്പെട്ട നിലാംബരിക്ക്‌ 1969ലേ എന്‍.വി. പുരസ്‌കാരം രഭിച്ചു. 1997ല്‍ നിര്‍മാതളം പൂത്ത കാലം എന്ന കൃതിക്ക്‌ വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌.

ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്റ്‌, കേരള പോറസ്‌റ്ററി ബോരഡ്‌ ചെയര്‍മാന്‍, ''പോയറ്റ്‌'' മാസികയുടെ ഓറിയന്റ്‌ എഡിറ്റര്‍ എന്നീ പ്രമുഖ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു. ''ബഹുതന്ത്രി''യുടെ സ്‌ഥാപക. ശ്രിലങ്ക, ഓസ്‌ട്രേലിയ, ജര്‍മനി, സിങ്കപ്പൂര്‍, മസ്‌കറ്റ്‌, അമേരിക്ക, വെസ്‌റ്റിന്‍ഡീസ്‌ എന്നീ വിദേശ രാജയങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌.

മാതൃഭൂമി വാര്‍ത്ത.


Thursday, 7 May 2009

അതിവേഗ വയര്‍ലെസ്‌ ഇന്റര്‍നെറ്റ്‌

റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിന്റെ അതിവേഗ വയര്‍ലെസ്‌ ബ്രോഡ്‌ബാന്‍ഡ്‌ സര്‍വീസായ 'നെറ്റ്‌കണക്ട്‌ ബ്രോഡ്‌ബാന്‍ഡ്‌ പ്ലസ്‌' വിപണിയില്‍ അവതരിപ്പിച്ചു.

3.1 എം.ബി.പി.എസ്‌. വേഗതയുള്ള ഈ ബ്രോഡ്‌ബാന്‍ഡ്‌ സര്‍വീസ്‌ കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ്‌ ആദ്യഘട്ടത്തില്‍ ലഭ്യമാവുക. മറ്റ്‌ ജില്ലകളിലേക്കും താമസിയാതെ സേവനം വ്യാപിപ്പിക്കുമെന്ന്‌ റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡ്‌ കേരള സി.ഇ.ഒ. ചെറിയാന്‍ പീറ്റര്‍ പറഞ്ഞു.

കേരളത്തിലുള്‍പ്പെടെ രാജ്യത്തെ 35 നഗരങ്ങളിലാണ്‌ പദ്ധതി തുടക്കമിടുന്നത്‌. ഉയര്‍ന്ന ഡൗണ്‍ലിങ്ക്‌ വേഗതയ്‌ക്കൊപ്പം മികച്ച ബ്രൗസിങ്‌ നിലവാരവും പദ്ധതിയുടെ നേട്ടങ്ങളായി കമ്പനി അവതരിപ്പിക്കുന്നു. ലാപ്‌ടോപ്പിലും ഡെസ്‌ക്‌ ടോപ്പിലുമിത്‌ ഒരേപോലെ ഉപയോഗിക്കാം. പ്രതിമാസ വരിസംഖ്യാ നിരക്ക്‌ 299 രൂപയാണ്‌.

ഏകദേശം 15 ദശലക്ഷം ഉപഭോക്താക്കളെയാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. ആദ്യഘട്ടത്തില്‍തന്നെ 99 ശതമാനം ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളിലും ചെന്നെത്താനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ചെറിയാന്‍ പീറ്റര്‍ പറഞ്ഞു.

രാജ്യത്തെ ഐ.ടി. റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ സ്റ്റോറുകള്‍, റിലയന്‍സ്‌ ശാഖകള്‍ തുടങ്ങിയവ വഴി നെറ്റ്‌ കണക്ട്‌ ബ്രോഡ്‌ബാന്‍ഡ്‌ പ്ലസ്‌ ലഭ്യമാകും.

സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌ വിഭാഗം മേധാവി രാധാകൃഷ്‌ണന്‍ വേലായുധന്‍ പിള്ളയ്‌ക്ക്‌ നല്‍കിക്കൊണ്ട്‌ ചെറിയാന്‍ പീറ്റര്‍ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.

മാതൃഭൂമി വാര്‍ത്ത.

Friday, 1 May 2009

സംസ്ഥാന പാഠ്യപദ്ധതിയോട്‌ താത്‌പര്യം കുറയുന്നു

സംസ്ഥാന പാഠ്യപദ്ധതിയോട്‌ താത്‌പര്യം കുറയുന്നു

കഴിഞ്ഞവര്‍ഷം കുറഞ്ഞത്‌ എണ്‍പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: കേരളത്തിലെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംസ്ഥാന പാഠ്യപദ്ധതിയോടുള്ള താത്‌പര്യം വര്‍ഷംതോറും കുറഞ്ഞുവരുന്നു. 2009 വരെയുള്ള ഒരു വ്യാഴവട്ടക്കാലത്തിനുള്ളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ്‌ മേഖലകളിലെ സ്‌കൂളുകളില്‍നിന്നും പത്തുലക്ഷത്തോളം കുട്ടികള്‍ കുറഞ്ഞതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. എണ്ണം ഓരോ വര്‍ഷവും ക്രമാനുഗതമായി കുറഞ്ഞാണ്‌ ആശങ്കാജനകമായ ഈ നിലയിലെത്തി നില്‍ക്കുന്നത്‌. 2008-09 വര്‍ഷംമാത്രം സംസ്ഥാന സിലബസ്‌ പഠിക്കുന്ന കുട്ടികളില്‍ വന്ന കുറവ്‌ 80,000 ആണ്‌.
സംസ്ഥാന പാഠ്യപദ്ധതി വിടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും പ്രകടമാകുന്നത്‌ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ നഗരപരിധിയില്‍പ്പെട്ട സ്‌കൂളുകളിലാണ്‌. തിരുവനന്തപുരത്ത്‌ കഴിഞ്ഞവര്‍ഷം 11,168 പേരും എറണാകുളത്ത്‌ 12,844 പേരും തൃശ്ശൂരില്‍ 10,858 പേരും കുറഞ്ഞു. എന്നാല്‍, വയനാട്‌ ജില്ലയില്‍ 412 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വര്‍ധിച്ചതായാണ്‌ കണക്ക്‌. ആലപ്പുഴ ജില്ലയിലും സര്‍ക്കാര്‍ പാഠ്യപദ്ധതിക്ക്‌ അനുകൂലമായ നേരിയ മാറ്റം കണ്ടുതുടങ്ങുന്നുണ്ട്‌.
സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളില്‍ ഒന്നാംക്ലാസില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും പ്രകടമായ കുറവുണ്ട്‌. 1998-99ല്‍ 4,64,925 കുട്ടികള്‍ ഒന്നില്‍ ചേര്‍ന്നപ്പോള്‍ 2008-09ല്‍ ഇത്‌ 3,73,807 ആയി കുറഞ്ഞു. എന്നാല്‍ സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. തുടങ്ങിയ കേന്ദ്രസിലബസുകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലെ പ്രവേശനനിരക്ക്‌ ഉയരുന്നുണ്ട്‌. 1998-99ല്‍ 160 സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്‌ ഇന്നത്‌ അറുനൂറ്‌ കവിയും.
അതേസമയം, കേന്ദ്ര സിലബസ്സിലേക്ക്‌ കുട്ടികള്‍ മാറുന്നതുകൊണ്ടുമാത്രമല്ല സംസ്ഥാന പാഠ്യപദ്ധതിയില്‍ കുട്ടികള്‍ കുറയുന്നത്‌ എന്നതും കണക്കിലെടുക്കണം. കുട്ടികളുടെ എണ്ണത്തിലും ജനനനിരക്കിലും വര്‍ഷംതോറും വരുന്ന കുറവും ഒരു ഘടകമാണ്‌.


തുടര്‍ന്നു ഇവിടെ നിന്നും വായിക്കാം.

http://www.mathrubhumi.com/php/showParam.php?pmCat=12552&Fdate=&Farc=




കടപ്പാട്-മാതൃഭൂമി