Sunday 26 October 2008

'മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....' - ഫയാസിന്റെ ഉമ്മ

കണ്ണൂര്‍: 'ഓന്‍ നമ്മുടെ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെങ്കില്‍ ശിക്ഷ അനുഭവിക്കണം. നമ്മക്ക്‌ മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....ഒരുമ്മക്കും ഇനി ഈ ഗതി വരരുത്‌'. ഇത്‌ പറയുമ്പോള്‍ കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മൈതാനപ്പള്ളി സ്വദേശി മുഹമ്മദ്‌ ഫയാസിന്റെ ഉമ്മ സഫിയയുടെ കണ്ണ്‌ നിറഞ്ഞു. ഒരു തീവ്രവാദിയുടെ ഉമ്മയെന്ന്‌ ആള്‍ക്കാര്‍ പറയുകയും കാണുകയും ചെയ്യുമ്പോള്‍ സഹിക്കാന്‍ പറ്റ്വോ? അവര്‍ പറഞ്ഞു.

തയ്യില്‍ മൈതാനപ്പള്ളിയിലെ വീട്ടില്‍ കശ്‌മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട മകന്റെ വിധിയോര്‍ത്ത്‌ കണ്ണീര്‍ വാര്‍ക്കുകയാണുമ്മ. ഓന്റെ മയ്യത്ത്‌ എനിക്ക്‌ കാണണംന്നില്ല. ഖബറടക്കുന്ന സമയം പറയാമെന്ന്‌ പോലീസ്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ മതി -അവര്‍ പറഞ്ഞു.

ചെറുപ്പത്തിലേ ഓനെ നല്ലനിലയിലാണ്‌ പോറ്റിയത്‌. സിറ്റി സ്‌കൂളില്‍ എട്ടാം ക്ലാസ്‌ വരെയേ ഫയാസ്‌ പഠിച്ചിട്ടുള്ളൂ. രാത്രിനേരം വൈകി വീട്ടിലെത്തിയാല്‍ ഞാന്‍ വാതില്‌ തൊറന്ന്‌കൊടുക്കാറില്ല. അത്ര ശ്രദ്ധിച്ചിരുന്നു. പൊറത്തെ കൂട്ടുകെട്ടൊന്നും എനക്ക്‌ അറിയില്ല -അവര്‍ പറഞ്ഞു.

അവന്‍ ആരുടെയോ മാല പൊട്ടിച്ച വിവരം അറിഞ്ഞ്‌ ഞെട്ടിപ്പോയി. രണ്ടുമാസം തലശ്ശേരി ജയിലിലായിരുന്നു. ജയിലിലെ കൂട്ടാണെന്ന്‌ തോന്നുന്ന്‌ പിന്നെയാകെ മാറി. ഒന്നും പറഞ്ഞാ കേക്കില്ല. അപ്പോഴാണ്‌ ഈ ഫൈസലുമായി കൂട്ടുകൂടുന്നത്‌. ഓനാ എന്റെ മോനെ ബാംഗ്ലൂരിലേക്ക്‌ കൊണ്ടോയത്‌. ഒരു നോമ്പ്‌ അത്താഴത്തിന്റെ സമയം രാത്രിയാണ്‌ ഫൈസല്‍ വീട്ടിലെത്തിയത്‌. എന്തെങ്കിലും പണിയെടുത്ത്‌ നാട്ടില്‍ കയിഞ്ഞാമതീന്ന്‌ കൊറേ പറഞ്ഞുനോക്കി, കേട്ടില്ല. പിന്നെ വിചാരിച്ചു, മാല പൊട്ടിച്ച കേസിന്റെ നാണക്കേട്‌കൊണ്ടാ പോയതെന്ന്‌. പക്ഷേ, ഇതിപ്പോ ഇങ്ങനെയായില്ലേ.

ബാംഗ്ലൂരില്‍ പോയശേഷം ഒരു വിവരവും ഇല്ലായിരുന്നു. ഓനെ കൊണ്ടോയ ഫൈസല്‍ നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ കാണാന്‍ പോയി. ഓന്‍ നന്നായി എന്നും അഹമ്മദാബാദില്‍ ഖുറാന്‍ പഠിക്കാന്‍ പോയെന്നുമാ പറഞ്ഞത്‌. ഞാന്‍ കരുതി പടച്ചോന്‍ ഓനെ നന്നാക്കീന്ന്‌. പക്ഷേ... അവര്‍ കണ്ണ്‌ തുടച്ചു.

30 വര്‍ഷമായി ഓന്റെ ബാപ്പ ഞങ്ങളെ വിട്ടുപോയിട്ട്‌, ഒഴിവാക്കിയപോലെന്നെയാണ്‌. രണ്ട്‌ ആങ്ങളമാര്‍ എന്തെങ്കിലും തന്നിട്ടാ കയിഞ്ഞുപോകുന്നത്‌. അവര്‍ക്കും കഷ്ടപ്പാടാണ്‌. സഫിയ പറഞ്ഞു. 'ഒന്നല്ലേ ആകെയുള്ളൂ, ഓനല്ലേ നമ്മളെ നോക്കേണ്ടത്‌'. ഫയാസിനെ കൂടാതെ ഒരു മകളുണ്ട്‌ സഫിയക്ക്‌, ആഫിയ. അവരുടെ വിവാഹം കഴിഞ്ഞു.

'സംഭവം അറിഞ്ഞപ്പോത്തന്നെ ഓന്റെ മയ്യത്ത്‌ കാണേണ്ടാന്ന്‌ വിചാരിച്ചതാണ്‌. നാട്ടിന്‌ വേണ്ടാത്തോനായില്ലേ' -അവര്‍ കണ്ണ്‌ തുടച്ചു.

'ഞങ്ങളെ ഒരിക്കലും ഒരു തീവ്രവാദിയുടെ കുടുംബമായി കാണരുത്‌. ജീവനേക്കാള്‍ വലുത്‌ നമ്മള്‍ക്ക്‌ രാജ്യമാണ്‌. രാജ്യത്തിന്‌ എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവരെ തകര്‍ക്കണം' -സഫിയയുടെ സഹോദരനും മൈതാനപ്പള്ളി ഐസ്‌ പ്ലാന്റ്‌ തൊഴിലാളിയുമായ സാദിഖ്‌ പറഞ്ഞു. അവനെ ആരൊക്കെയോകൂടി ചതിച്ചതാണ്‌. ഏതായാലും അവന്റെ തെറ്റിന്‌ പടച്ചോന്‍ കൊടുത്ത ശിക്ഷയാണിതെന്ന്‌ നമ്മള്‍ കരുതിക്കോളും -സാദിഖ്‌ പറഞ്ഞു. നമ്മള്‍ ഇന്നുവരെ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഇന്നാട്ടിലെ ആരോട്‌ ചോദിച്ചാലും പറയും -അദ്ദേഹം പറഞ്ഞു.

ദിനകരന്‍ കൊമ്പിലാത്ത്‌


മാതൃഭൂമി വാര്‍ത്ത.

Wednesday 22 October 2008

ഇന്ത്യന്‍ ശാസ്ത്രലോകത്തിന് അഭിന്ദനങ്ങള്‍

നൂറ്റി പത്ത്കോടി വരുന്ന ഇന്ത്യന്‍ ജനതയുടെയും ശാസ്ത്രലോകത്തിന്‍റെയും ചന്ദ്രസ്വപ്നങ്ങള്‍ക്ക് വിജയകരമായ തുടക്കം.

ഇന്ത്യന്‍ ശാസ്ത്രലോകത്തിന് അഭിന്ദനങ്ങള്‍ നേരുന്നു.



ചെന്നൈ: ഇന്ത്യക്ക്‌ ഇത്‌ ചരിത്ര നിമിഷം. ചന്ദ്രനില്‍ ഇനി ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ പതാക പാറും. ബുധനാഴ്‌ച രാവിലെ കൃത്യം 6.22 ന്‌ രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ ഒന്നുമായി പി.എസ്‌.എല്‍.വി. സി. 11 ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ കുതിച്ചുയര്‍ന്നു. സെക്കന്‍ഡില്‍ 9.89 കിലോമീറ്റര്‍ വേഗത്തില്‍ ഭ്രമണപഥത്തിലേക്ക്‌ കുതിച്ചുപാഞ്ഞ റോക്കറ്റ്‌ കൃത്യം 18 ാം മിനിറ്റില്‍ തന്നെ ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ചു. തുടര്‍ന്ന്‌ ഉപഗ്രഹം റോക്കറ്റുമായി വേര്‍പ്പെട്ടു.

ഇതോടെ ചന്ദ്രനിലേക്ക്‌ ഉപഗ്രഹം അയക്കുന്ന ആറാമത്തെ രാജ്യമായിരിക്കുകയാണ്‌ ഇന്ത്യ. അമേരിക്ക, മുന്‍ സോവിയറ്റ്‌ യൂണിയന്‍, യൂറോഷ്യന്‍ സ്‌പേസ്‌ ഏജന്‍സി, ചൈന, ജപ്പാന്‍ എന്നിവരാണ്‌ ചാന്ദ്രയാത്രയില്‍ ഇന്ത്യയുടെ മുന്‍ഗാമികള്‍.

ശാസ്‌ത്ര ലോകത്തിന്റെ സുപ്രധാന നാഴികക്കല്ലായ ചാന്ദ്രയാന്‍ ഒന്ന്‌ ദൗത്യത്തിന്റെ പ്രാഥമികവും ഏറ്റവും വെല്ലുവിളി നിറഞ്ഞതുമായ പ്രാഥമികഘട്ടം വിജയകരമായി. ഇതോടെ വരും കാലങ്ങളില്‍ രാജ്യത്തെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമാകുമെന്ന്‌ കരുതപ്പെടുന്ന ദൗത്യത്തിന്റെ പാതി ഭാഗം പിന്നിട്ടു കഴിഞ്ഞു.

ഇന്ത്യയും ചന്ദ്രനുമായുള്ള കൂടിക്കാഴ്‌ച ലക്ഷ്യമിട്ടുള്ള ചന്ദ്രയാന്‍ 1 അതിന്റെ പ്രയാണം വൈകാതെ തുടങ്ങും. 15 ദിവസത്തിനുള്ളില്‍ ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ഒക്‌ടോബര്‍ 22 ബുധനാഴ്‌ച സമയം രാവിലെ 6.22 അങ്ങനെ ചരിത്ര താളുകളില്‍ രേഖപ്പെടുത്തപ്പെട്ടു. ബഹിരാകാശ ശാസ്‌ത്രജ്ഞര്‍ക്കും ഐ.എസ്‌.ആര്‍.ഒയ്‌ക്കും ഒപ്പം 110 കോടി ജനങ്ങള്‍ക്കും അഭിമാനിക്കാവുന്ന നിമിഷം.

കാലാവസ്ഥയായിരുന്നു വിക്ഷേപണത്തിനുള്ള ഏക പ്രതികൂല ഘടകം. എന്നാല്‍ ഐ.എസ്‌.ആര്‍.ഒയും ശാസ്‌ത്രജ്ഞന്മാരും പ്രതീക്ഷിച്ച പോലെ രാവിലെയായപ്പോഴേക്കും മഴ കുറഞ്ഞു. അതോടെ ആശങ്കകള്‍ അകന്നു. നിശ്ചയിച്ച സമയത്ത്‌ തന്നെ സ്വപ്‌നക്കുതിപ്പിന്‌ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. കൃത്യം 6.22 ന്‌ തന്നെ വിക്ഷേപണം. ലോകത്തിന്റെ മുന്‍ നിരയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനാണ്‌ ചന്ദ്രയാന്‍ പരീക്ഷണം അടിവരയിടുന്നത്‌.

ഇന്ത്യന്‍ ജനതയും ശാസ്‌ത്രലോകവും കാത്തിരിക്കുന്ന ചന്ദ്രയാനും ചന്ദ്രനുമായുള്ള ആദ്യ കൂടിക്കാഴ്‌ച നവംബര്‍ എട്ടിനായിരിക്കും നടക്കുക. അതിനുശേഷം ഒരാഴ്‌ച കൂടി കഴിഞ്ഞായിരിക്കും ചന്ദ്രയാനില്‍ നിന്നുള്ള മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ (എം.ഐ.പി.) എന്ന പരീക്ഷണ ഉപകരണം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. രണ്ട്‌ വര്‍ഷത്തോളം ചന്ദ്രയാന്‍ ചന്ദ്രനെ ചുറ്റും. ചന്ദ്രോപരിതലത്തില്‍ വീണ്‌ ചിതറുന്നതിന്‌ മുമ്പ്‌ എം.ഐ.പി. അയയ്‌ക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയുടെ ചാന്ദ്രഗവേഷണത്തിന്‌ നിര്‍ണായക സംഭാവനയാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. എം.ഐ.പി. കൂടാതെ 10 പരീക്ഷണ ഉപകരണങ്ങള്‍ കൂടി പേടകം വഹിക്കുന്നുണ്ട്‌.

ചന്ദ്രനില്‍ വെള്ളമുണ്ടോയെന്ന്‌ കണ്ടുപിടിക്കുന്നതിനുള്ള മിനിയേച്ചര്‍ സിന്തറ്റിക്‌ അപ്പര്‍ച്ചര്‍ റഡാര്‍ അയയ്‌ക്കുന്ന സിഗ്ന ലുകളും നിര്‍ണായകമായിരിക്കും. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയാണ്‌ ഈ ഉപകരണം നിര്‍മിച്ചിട്ടുള്ളത്‌.

''ബഹിരാകാശത്തിന്റെ ഉള്‍ത്തട്ടുകളിലേക്ക്‌ യാത്ര ചെയ്യുന്നതിനുള്ള നമ്മുടെ സാങ്കേതിക മികവിന്റെ മാറ്റുരയ്‌ക്കുന്ന സംരംഭമാണിത്‌. ചന്ദ്രോപരിതലത്തിന്റെ വ്യക്തമായൊരു ഭൂപടം സ്വായത്തമാക്കാന്‍ ഇതിലൂടെ കഴിയും. ചന്ദ്രനിലുള്ള ധാതുലവണങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും ലഭ്യമാകും. സര്‍വോപരി പ്രപഞ്ചത്തിന്റെ വിസ്‌മയങ്ങളിലേക്ക്‌ യുവതലമുറയ്‌ക്ക്‌ ശാസ്‌ത്രീയമായ അവബോധം നല്‍കുന്നതിനുള്ള ഇന്ത്യയുടെ സുധീരമായ ദൗത്യം കൂടിയാണിത്‌''- ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ ഡോ.ജി. മാധവന്‍നായര്‍ പറഞ്ഞു.

ചന്ദ്രനില്‍ മനുഷ്യനെയും യന്ത്രമനുഷ്യനെയും ഇറക്കിയ അമേരിക്കയെയും റഷ്യയെയുംകാള്‍, ഈ ദൗത്യത്തെ ഉറ്റുനോക്കുന്നത്‌ ഏഷ്യയിലെ മറ്റു രണ്ട്‌ ശൂന്യാകാശ ശക്തികളായ ചൈനയും ജപ്പാനുമാണ്‌. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസപോലും രണ്ട്‌ ശാസ്‌ത്രീയ ഉപകരണങ്ങള്‍ (പേ ലോഡുകള്‍) വിക്ഷേപിക്കാന്‍ ഏല്‌പിച്ചിരിക്കുന്നത്‌ ഈ ചന്ദ്രയാന്‍ ദൗത്യത്തിലാണ്‌. ഇന്ത്യന്‍ ശാസ്‌ത്രജ്ഞരിലുള്ള നാസയുടെ വിശ്വാസമാണ്‌ അതിന്‌ കാരണം. ഇത്‌ ഇന്ത്യയ്‌ക്ക്‌ ഈ രംഗത്തുള്ള അംഗീകാരമായിട്ടാണ്‌ ഇപ്പോള്‍ മറ്റുരാജ്യങ്ങള്‍ കാണുന്നത്‌.

ഇന്ത്യന്‍ ശാസ്‌ത്രലോകത്തിന്‌ ഇത്‌ ചരിത്ര നിമിഷമാണന്ന്‌ വിക്ഷേപണത്തിന്‌ ശേഷം സംസാരിച്ച ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാലു ദിവസമായി എല്ലാ പ്രതികൂല ഘടകങ്ങളോടും പൊരുതി വിക്ഷേപണം വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്‌ത്രജ്ഞര്‍ക്കും മാധവന്‍ നായര്‍ നന്ദി പറഞ്ഞു.

രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌, പ്രതിപക്ഷ നേതാവ്‌ എല്‍.കെ. അദ്വാനി എന്നിവര്‍ ചരിത്രനേട്ടം കൈവരിച്ച ഐ.എസ്‌.ആര്‍.ഒയിലെ ശാസ്‌ത്രജ്ഞരെ അനുമോദിച്ചു.




ഇത്‌ ചരിത്രനിമിഷം, 2015ല്‍ മനുഷ്യനെ അയക്കാം: മാധവന്‍ നായര്‍

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍-ഒന്നിന്റെ വിജയകരമായ വിക്ഷേപണം ഇന്ത്യന്‍ ശാസ്‌ത്രരംഗത്തിന്റെ ചരിത്രനിമിഷമാണെന്ന്‌ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍നായര്‍. 2015ല്‍ ചന്ദ്രനിലേക്ക്‌ മനുഷ്യനെ അയക്കാമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മാധവന്‍നായര്‍ പറഞ്ഞു.

ചന്ദ്രനിലേക്കുള്ള നിര്‍ണായകമായ ഒരു യാത്ര ആരംഭിച്ചിരിക്കുകയാണ്‌. യാത്രയുടെ രണ്ടാംഘട്ടം രണ്ടാഴ്‌ചയ്‌ക്കകം പൂര്‍ത്തിയാകും. ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം എന്റെ അഭിനന്ദനങ്ങള്‍-വിക്ഷേപണം കഴിഞ്ഞയുടനെ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധാവന്‍ സ്‌പേസ്‌ സെന്ററില്‍ മാധവന്‍ നായര്‍ പറഞ്ഞു.

ഒരുപാട്‌ എതിര്‍പ്പുകളോട്‌ അടരാടിയാണ്‌ നമ്മള്‍ ഈ വിജയം കൈവരിച്ചിരിക്കുന്നത്‌. പ്രതികൂല കാലാവസ്‌ഥയായിരുന്നു ഏറ്റവും വലിയ പ്രതിബന്ധം. എന്നാല്‍ ഇതൊക്കെ മറികടക്കാന്‍ നമുക്കായി. ബഹിരാകാശത്തിന്റെ ഉള്‍ത്തട്ടുകളിലേക്ക്‌ യാത്ര ചെയ്യുന്നതിനുള്ള നമ്മുടെ സാങ്കേതിക മികവിന്റെ മാറ്റുരയ്‌ക്കുന്ന സംരംഭമാണിത്‌. ചന്ദ്രോപരിതലത്തിന്റെ വ്യക്തമായൊരു ഭൂപടം സ്വായത്തമാക്കാന്‍ ഇതിലൂടെ കഴിയും. ചന്ദ്രനിലുള്ള ധാതുലവണങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും ലഭ്യമാകും. സര്‍വോപരി പ്രപഞ്ചത്തിന്റെ വിസ്‌മയങ്ങളിലേക്ക്‌ യുവതലമുറയ്‌ക്ക്‌ ശാസ്‌ത്രീയമായ അവബോധം നല്‍കുന്നതിനുള്ള ഇന്ത്യയുടെ സുധീരമായ ദൗത്യം കൂടിയാണിത്‌-മാധവന്‍നായര്‍ പറഞ്ഞു.

ചന്ദ്രയാന്റെ വിജയകരമായ വിക്ഷേപണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ശാസ്‌ത്രജ്‌ഞരെയും രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അഭിനന്ദിച്ചു.


മാതൃഭൂമി വാര്‍ത്ത