Wednesday, 15 December 2010

അന്നും ഇന്നും

വീട്ടിലെ പഴപെട്ടിയില്‍ നിന്നും കിട്ടിയ  1970 കളിലെ ഒരു ബാങ്ക് പാസ്‍ബുക്ക്. കവറിനു പുറത്ത് എഴുതിയ കാര്യന്ങള്‍ കണ്ടെപ്പോള്‍  കൌതുകം തോന്നി.  കാറിനും,ഫ്ളാറ്റിനുമൊക്കെ ലോണ്‍ വാരികോരി കൊടുത്ത്  നിങള്‍ അടിച്ചു പൊളിച്ചൂ ജീവിക്കൂ ...എന്ന് പരസ്യം ചെയ്യുന്ന ഇന്നത്തെ ബാങ്കുകളുടെ അവസ്ത വെച്ച് നോക്കുമ്പോള്‍. 

Wednesday, 14 July 2010

ഇതിഹാസം രചിക്കാന്‍ ഇന്ത്യന്‍ ബ്രൗസര്‍


ബാംഗ്ലൂര്‍: ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍ വരുന്നു. സ്വതന്ത്ര സോഫ്ട്‌വേറില്‍ അധിഷ്ഠിതമായ 'എപ്പിക്ക്' ആണ്, ബ്രൗസര്‍രംഗം അടക്കിവാഴുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനും ഫയര്‍ഫോക്‌സിനും ഗൂഗിള്‍ ക്രോമിനുമിടയിലേക്ക് മത്സരത്തിന് എത്തുന്നത്. ഇന്ത്യയില്‍ രൂപംകൊടുത്ത ആദ്യ നെറ്റ്ബ്രൗസറായ 'എപ്പിക്' വ്യാഴാഴ്ച മുതല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സോഫ്റ്റ്‌വേര്‍ സ്ഥാപനമായ ഹിഡന്‍ റിഫ്‌ളക്‌സാണ് 'എപ്പിക്കി'ന് പിന്നില്‍. വ്യാഴാഴ്ച ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ സോഫ്ട്‌വേര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഓഫ് ഇന്ത്യ (എസ്.ടി.പി.ഐ.) മുന്‍ ഡയറക്ടര്‍ ബി.വി. നായിഡു എപ്പിക്ക് പുറത്തിറക്കും.

ഇന്റര്‍നെറ്റില്‍ പ്രവേശിക്കാനും അതില്‍നിന്ന് വിവരങ്ങള്‍ തേടാനും വിവിധ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാനും സഹായിക്കുന്ന സോഫ്റ്റ്‌വേര്‍ ആപ്ലിക്കേഷനാണ് ബ്രൗസര്‍. ലോകത്ത് ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററാണ് ഭൂരിപക്ഷം പേരും ഉപയോഗിക്കുന്ന ബ്രൗസര്‍. ഫയര്‍ഫോക്‌സ്, ഗൂഗിള്‍ക്രോം, ഒപ്പേറ എന്നിവയാണ് മറ്റു പ്രധാന ബ്രൗസറുകള്‍.

സ്വതന്ത്ര സോഫ്റ്റ്‌വേറായ മോസില്ലയില്‍ അധിഷ്ഠിതമായാണ് എപ്പിക് നിര്‍മിച്ചിരിക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വംകൊടുത്ത ഹിഡന്‍ റിഫ്‌ളക്‌സ് മേധാവി അലോക് ഭരദ്വാജ് പറഞ്ഞു. ഇംഗ്ലീഷിനുപുറമെ, മലയാളമുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ അഡ്രസ് ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഇന്‍ഡി ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബ്രൗസറാണ് എപ്പിക്ക്.

മറ്റ് ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി, ആന്റി വൈറസ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ എപ്പിക്ക് ഉപയോഗിക്കുമ്പോള്‍ പണം കൊടുത്ത് ആന്റി വൈറസ് സോഫ്ട്‌വേറുകള്‍ വാങ്ങുകയോ അവ പുതുക്കുകയോ വേണ്ട. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഒന്നായി എപ്പിക്കിനെ മാറ്റാന്‍ ഈ പ്രത്യേകത സഹായിക്കുമെന്ന് അലോക് ഭരദ്വാജ് പറഞ്ഞു. ദുര്‍ലക്ഷ്യങ്ങളുള്ള വെബ്‌സൈറ്റുകളെ തിരിച്ചറിയാനുള്ള സംവിധാനവും എപ്പിക്കില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.

മറ്റ് ബ്രൗസറുകളേക്കാള്‍ ആയിരത്തിയഞ്ഞൂറിലധികം അധിക സൗകര്യങ്ങള്‍ (ഫീച്ചറുകള്‍) എപ്പിക്കിലുണ്ട്. സൈഡ് ബാറുകളില്‍ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ ഫയലുകള്‍ ശേഖരിക്കാനും എഡിറ്റു ചെയ്യാനുമുള്ള സംവിധാനമുണ്ട്. ഇക്കാര്യം നെറ്റ് ഉപയോക്താവിന് ഏറ്റവും ഉചിതമായ ബ്രൗസറായി എപ്പിക്കിനെ മാറ്റിയേക്കാം.

സൈഡ്ബാറില്‍ തന്നെ ആര്‍.എസ്.എസ്. ഫീഡ് ഉപയോഗിച്ച് അപ്പപ്പോഴുള്ള വാര്‍ത്തകള്‍ നിരത്താനും ഇതിന് കഴിയും. യൂണികോഡിലായതിനാല്‍ മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷനിലെ വാര്‍ത്തകള്‍ മറ്റു ബ്രൗസറുകളിലെപ്പോലെ തന്നെ ഒട്ടും തടസ്സമില്ലാതെ പുതിയ ബ്രൗസറില്‍ വായിക്കാന്‍ കഴിയും.

വ്യാഴാഴ്ച രാവിലെ മുതല്‍ www.epicbrowser.com എന്ന വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ബ്രൗസര്‍ ഡൗണ്‍ ലോഡ് ചെയ്യാനാകും. കമ്പ്യൂട്ടറിലേത് ഏത് ഓപ്പറേറ്റിങ്‌സിസ്റ്റമായാലും എപ്പിക്' ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് അലോക് ഭരദ്വാജ് അറിയിച്ചു.

മാതൃഭൂമി വാർത്ത

Wednesday, 24 February 2010

സച്ചിന് ഡബിള്‍സെഞ്ച്വറി-പുതിയ ചരിത്രം

ഗ്വാളിയോര്‍; ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇരട്ടസെഞ്ച്വറി നേടുന്ന ബാറ്റസ്മാന്‍ എന്ന ബഹുമതി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്.

ഗ്വാളിയറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് സച്ചിന്‍ ഈ അപൂര്‍വ്വ നേട്ടം കുറിച്ചത്. 147 പന്തില്‍ നിന്ന് 200 റണ്‍സുമായി സച്ചിന്‍ പുറത്താകെ നിന്നു. 1997 ല്‍ ഇന്ത്യക്കെതിരെ ചെപ്പോക്കില്‍ സയിദ് അന്‍വറും സിംബാബ്‌വയുടെ ചാള്‍സ് കവന്ററിയും സ്ഥാപിച്ച 194 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയാകുന്നത്.

ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സും ഏറ്റവും കൂടുതല്‍ സെഞ്ച്വറികളും നേടിയ സച്ചിന്‍ ഈ ഇന്നിങ്‌സോടെ പുതിയ ചരിത്രമാണ് എഴുതിച്ചേര്‍ത്തത്.

കരിയറില്‍ 46-ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്റെ നേതൃത്വത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സ് അടിച്ചുകൂട്ടി. ദിനേഷ് കാര്‍ത്തിക്ക്(79), യൂസഫ് പഠാന്‍(36) ധോനി (68 നോട്ടൗട്ട്) എന്നിവര്‍ സച്ചിന് ഉറച്ച പിന്തുണ നല്‍കി.

25 ബൗണ്ടറികളും മൂന്നു സിക്‌സറുകളും അടങ്ങുന്നതായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ റെക്കോഡ് ഇന്നിങ്‌സ്.


മാതൃഭൂമി വാർത്ത

Tuesday, 16 February 2010

മതത്തിന്റെ പേരിലുള്ള ഭൂമികൈയേറ്റം തടയണം-സുപ്രീംകോടതി

ന്യൂഡല്‍ഹി: മത-ആരാധനാകേന്ദ്രങ്ങള്‍ പണിയാനായി സര്‍ക്കാര്‍ഭൂമി കൈയേറുന്നത് തടയാന്‍എല്ലാ സംസ്ഥാനസര്‍ക്കാറുകളും എട്ടാഴ്ചയ്ക്കകം സമഗ്രനയം ആവിഷ്‌കരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.


നിലവിലുള്ള ഇത്തരം കൈയേറ്റങ്ങളുടെ കാര്യത്തില്‍ എന്തു ചെയ്യാനാവുമെന്ന് അറിയിക്കാനും ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദേശിച്ചു.

അഹമ്മദാബാദില്‍ സര്‍ക്കാര്‍ഭൂമിയില്‍ അനധികൃതമായി പണിത ആരാധനാകേന്ദ്രങ്ങള്‍ പൊളിക്കുന്നതിനെതിരെ ഗുജറാത്ത് ഹൈക്കോടതി 'സ്റ്റേ' പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രം സമര്‍പ്പിച്ച അപ്പീല്‍ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
മതത്തിന്റെ പേരിലുള്ള കൈയേറ്റംമൂലം സര്‍ക്കാറിന് അന്യാധീനപ്പെട്ട ഭൂമിയുടെ വിശദാംശങ്ങള്‍ എല്ലാ സംസ്ഥാനസര്‍ക്കാറുകളും നേരത്തേ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിരുന്നു.

മാതൃഭൂമി വാർത്ത.

Monday, 1 February 2010

ഒളിഞ്ഞുനോട്ടവും നിയമവാഴ്ചയും

ഒളിഞ്ഞുനോട്ടവും നിയമവാഴ്ചയും
ഇവിടെ നിന്നും വായിക്കാം.

ഒളിഞ്ഞുനോട്ടവും നിയമവാഴ്ചയും

ഒളിഞ്ഞുനോട്ടവും നിയമവാഴ്ചയും

മലയാളികള്‍ പൊതുവില്‍ അനുഭവിക്കുന്ന ലൈംഗിക പട്ടിണിയുടെ സ്വാഭാവിക പരിണതഫലമാണ് ഒളിഞ്ഞുനോട്ടപ്രവണത. ആണ്‍-പെണ്‍ വിഭജനം ഇത്ര കൃത്രിമമായി നിലനിര്‍ത്തുന്ന പ്രദേശം ലോകത്ത് മറ്റെവിടെയും ഉണ്ടെന്നു തോന്നുന്നില്ല. മറ്റൊരു ഇന്ത്യന്‍ സംസ്ഥാനത്തും സ്ഥിതി ഇത്ര ഭീകരമല്ല. കൊച്ചുകുട്ടിക്കാലം മുതല്‍ക്കേ, സ്‌കൂളിലും സമൂഹത്തിലും ആണ്‍-പെണ്‍ ഇടപെടലിനെ ബോധപൂര്‍വം തടഞ്ഞുനിര്‍ത്തുന്ന ഒരു സാമൂഹികാന്തരീക്ഷമാണ് ഇവിടെ നിലനില്ക്കുന്നത്.


പട്ടണങ്ങളില്‍പ്പോലും ബസ്സിലും ട്രെയിനിലും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇടകലര്‍ന്നിരിക്കാന്‍ തീരെ സാധ്യമല്ലാത്ത സംസ്ഥാനവും കേരളം മാത്രമായിരിക്കും. പൗരാണികമായി, താരതമ്യേന സ്വതന്ത്രാന്തരീക്ഷം നിലനിന്നിരുന്ന കേരളത്തില്‍, ഇപ്പോള്‍ ആണുങ്ങളും പെണ്ണുങ്ങളും ഇടപഴകുന്നതുപോകട്ടെ സംസാരിക്കുന്നതുപോലും സദാചാരപ്രശ്‌നമായി കാണുന്ന അന്തരീക്ഷം വളര്‍ന്നുവന്നത് എങ്ങനെ എന്നത് ഗവേഷണവിഷയമാണ്.

ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാം. ഏതാനും വര്‍ഷം മുമ്പ് ഗുരുവായൂരില്‍ ലോഡ്ജില്‍ റൂമെടുത്തു താമസിച്ച കാമുകീകാമുകന്മാരെ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തതിന്റെ പേരില്‍ പിറ്റേ ദിവസം ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനിടയായി. ദിവസേനയെന്നോണം നടക്കുന്ന ഇത്തരം സംഭവങ്ങള്‍ എല്ലാം ആത്മഹത്യയിലേക്ക് നയിക്കാറില്ലെങ്കിലും ഇങ്ങനെ കേസില്‍പ്പെടുന്നവരുടെ ഭാവിജീവിതം ദുരന്തപൂര്‍ണമായിത്തീരും.

കൊച്ചിയിലെ തോപ്പുംപടിയില്‍ ലോഡ്ജില്‍ റൂമെടുത്ത ഭാര്യാഭര്‍ത്താക്കന്മാരെ പോലീസ് റെയ്ഡ് ചെയ്ത് കേസെടുത്തു. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞിട്ടും പോലീസ് ആദ്യം വിശ്വസിച്ചില്ല. സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതിനുശേഷമാണ് വിട്ടയച്ചത്. സ്ത്രീയും പുരുഷനും ഒരുമിച്ച് ഹോട്ടലില്‍ മുറിയെടുക്കണമെങ്കില്‍ ഭാര്യാഭര്‍ത്തൃബന്ധം തെളിയിക്കുന്ന രേഖകളുമായി നടക്കേണ്ടിവരുന്നത് എത്ര ഭീകരമാണ്!

ഏഷ്യാനെറ്റില്‍ 'കേരളസ്‌കാന്‍' എന്ന പരിപാടിയില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ക്യാമറയ്ക്കു മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത് നാട്ടുകാരുടെ സമ്മര്‍ദം മൂലമാണ് അറസ്റ്റ് ചെയ്തതെന്നാണ്. നിലവിലുള്ള നിയമപ്രകാരം അറസ്റ്റിനുസാധൂകരണമില്ലെന്നും സമ്മതിച്ചു.

തിരുവനന്തപുരം ഭാഗത്ത് ഒരുയര്‍ന്ന എകൈ്‌സസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ഒരു സ്ത്രീ ചെന്നതിനു പിന്നാലെ പോലീസും ചെന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ആ സ്ത്രീയുടെ ഹാന്‍ഡ്ബാഗില്‍നിന്ന് കുറച്ചുപണം കണ്ടെടുത്തു എന്നതായിരുന്നു ഏക തെളിവായി ഉണ്ടായിരുന്നത്. അവരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനും ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത് നിയമമൊന്നുമില്ലെന്നും ജനം കൂടിയതുകൊണ്ട് അറസ്റ്റ് ചെയ്യാതിരിക്കാന്‍ നിര്‍വാഹമില്ലാതെ വന്നു എന്നുമാണ്.

ഇതു സംബന്ധമായി ഇന്ത്യയില്‍ നിലവിലുള്ള നിയമം 1956-ലെ വ്യഭിചാരനിരോധനനിയമമാണ്. (Iuuvnam dnaiilc (ynhzhrdlvr) acd). ലൈംഗികചൂഷണം മൂന്നാമതൊരു കൂട്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ ദുരുപയോഗപ്പെടുത്തുമ്പോള്‍ മാത്രമാണ് ഈ നിയമപ്രകാരം കുറ്റമാകുന്നത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും പരസ്​പരസമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ഒരു തരത്തിലും കുറ്റമാകുന്നില്ല.

ഡല്‍ഹി ഹൈക്കോടതിയുടെ വിധിപ്രകാരം വാണിജ്യാടിസ്ഥാനത്തിലല്ലാത്ത വേശ്യാവൃത്തിപോലും കുറ്റകരമല്ല. ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം റെയ്ഡ് ചെയ്ത് മുറികളില്‍ താമസിക്കുന്ന സ്ത്രീയെയും പുരുഷനെയും അവിഹിതബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്ന പോലീസാണ് യഥാര്‍ഥത്തില്‍ കുറ്റം ചെയ്യുന്നത്; നിയമം ലംഘിക്കുന്നത്.

നിയമവാഴ്ചയുടെ കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമായി കണക്കാക്കപ്പെടുന്ന കേരളം ഇക്കാര്യത്തില്‍ നിയമവാഴ്ചയെ പരിഹസിക്കുന്ന അവസ്ഥയിലാണെന്നു കാണാം. ഒളിച്ചുനോട്ടക്കാരായ നാട്ടുകാരും അവരോടൊപ്പം ചേരുന്ന പോലീസുകാരും ചേര്‍ന്നാല്‍ ആരുടെയും സ്വകാര്യജീവിതത്തിലേക്ക് കടന്നുചെല്ലാനും അവരുടെ സാമൂഹികജീവിതം താറുമാറാക്കാനും കഴിയും. എളുപ്പത്തില്‍ ലഭ്യമാവുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായമുണ്ടെങ്കില്‍ വൈരാഗ്യമുള്ളവരെ നശിപ്പിക്കാന്‍ ആര്‍ക്കുമാകും. രാഷ്ട്രീയശത്രുക്കളെ തകര്‍ക്കാനുള്ള ഏറ്റവും ഏളുപ്പവഴിയായും കേരളത്തില്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.
ഏറ്റവും അവസാനം കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കേസ് നോക്കുക. ഉണ്ണിത്താന്റെയോ കൂടെ സഞ്ചരിച്ച സഹപ്രവര്‍ത്തകയുടെയോ വ്യക്തിപരമായ പശ്ചാത്തലത്തെക്കുറിച്ച് എനിക്കറിയില്ല; അറിയേണ്ട ആവശ്യവുമില്ല. പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും അറിഞ്ഞ വിവരങ്ങള്‍ വെച്ചുനോക്കിയാല്‍ ഉണ്ണിത്താനെതിരായി നാട്ടുകാര്‍ ഇടപെടേണ്ടതോ പോലീസ് കേസെടുക്കേണ്ടതോ ആയ ഒന്നും സംഭവിച്ചിട്ടില്ല.

ഉണ്ണിത്താന്‍ ആരോപിക്കുംപോലെ സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടായിക്കൊള്ളണമെന്നുമില്ല. നാട്ടുകാരുടെ ഒളിഞ്ഞുനോട്ട പ്രവണതയായിരിക്കണം പ്രശ്‌നം സൃഷ്ടിച്ചത്. രാഷ്ട്രീയ എതിരാളികള്‍ അതിനെ മുതലാക്കിയിട്ടുമുണ്ടാകാം. എന്തായാലും ആരംഭത്തില്‍ സൂചിപ്പിച്ച മലയാളിയുടെ പ്രാകൃത മാനസികാവസ്ഥയുടെ സൃഷ്ടിതന്നെയാണ് ഈ സംഭവവും. എന്നിട്ടും ഒരു ഡിവൈ.എസ്.പി. കേസ് ചാര്‍ജ് ചെയ്തിരിക്കുന്നു എന്നത് ഇവിടത്തെ നിയമവാഴ്ചയുടെ പരിഹാസ്യമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.ഇത്തരം വിഷയങ്ങളില്‍ കേരളത്തില്‍ നിയമവാഴ്ച പുനഃസ്ഥാപിക്കുക എളുപ്പമല്ല. ആദ്യംതന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നയം തീരുമാനിക്കണം. നിലവിലുള്ള നിയമപ്രകാരമല്ലാത്ത നടപടികളൊന്നും ജനങ്ങളുടെ പേരുംപറഞ്ഞ് എടുക്കരുതെന്ന് പോലീസിനു കര്‍ശനമായ നിര്‍ദേശം നല്കണം. എന്നാലും പഴയ ശൈലികള്‍ തുടരാനിടയുണ്ട്. അങ്ങനെ തുടരാതിരിക്കാനുള്ള മേല്‍നോട്ടത്തിനു സംവിധാനമുണ്ടാക്കുകയും വേണം.

നാട്ടുകാരുടെ മനോഭാവത്തിലും മാറ്റമുണ്ടാവണം. നിലവിലുള്ള നിയമപ്രകാരം ലൈംഗികപ്രശ്‌നങ്ങളിലും മറ്റും ഏതുതരം പ്രവൃത്തികളാണ് കുറ്റകരമാവുന്നതെന്ന് ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷന് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാവുന്നതാണ്. ജനങ്ങളെ ബോധവത്കരിക്കുന്ന കാര്യത്തില്‍ മാധ്യമങ്ങളാണ് പ്രധാന കര്‍ത്തവ്യം ഏറ്റെടുക്കേണ്ടത്.

പക്ഷേ, മാധ്യമങ്ങള്‍ പലപ്പോഴും ഒളിഞ്ഞുനോട്ട പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നതു കാണാറുണ്ട്. ആ സമീപനം മാറ്റി, നിയമവാഴ്ചയെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാന്‍ മാധ്യമങ്ങള്‍തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. എങ്കില്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും മലയാളിയുടെ പ്രാകൃതമായ ഈ ഒളിഞ്ഞുനോട്ട മനോഭാവത്തിന് അറുതിവരുത്താനാകൂ.

കെ. വേണു

കടപ്പാട്- മാതൃഭൂമീ.

Thursday, 21 January 2010

മനോരമയിൽ വീണ്ടും ഗ്രഹണശാസ്ത്രം

മനോരമയിൽ വീണ്ടും ഗ്രഹണശാസ്ത്രം.21,1,2010 നു മലയാള മനോരമ പത്രത്തിൽ വന്ന ലേഖനം.