Tuesday 6 May 2008

മാതൃകയാക്കാം ഈവിവാഹം

മാതൃകയാക്കാം ഈവിവാഹം.
കണ്ണഞ്ചിപ്പിക്കുന്ന മണിയറയില്ല..., സ്‌ത്രീധനമായി കാറും സ്വര്‍ണവുമില്ല... കല്യാണവീട്ടില്‍ തലേദിവസത്തെ പാട്ടുംകൂത്തുമില്ല...വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ മാത്രം വിളിച്ച്‌ ചായസല്‍ക്കാരം....പിന്നെ സ്‌ത്രീധനമെന്ന മഹാവിപത്തിനെതിരെ പഠനക്ലാസും. വിവാഹധൂര്‍ത്തിനെതിരെ ലളിത വിവാഹം നടത്തി മാതൃകയായിരിക്കുകയാണ്‌ തീരമേഖലയിലെ സക്രിയ സി.പി.എം. പ്രവര്‍ത്തകനായ ഉസ്‌മാന്‍ കൊത്തിക്കാല്‍. പാര്‍ട്ടിയിലും സമുദായത്തിലും നടക്കുന്ന വിവാഹധൂര്‍ത്ത്‌ വാര്‍ത്തയാവുമ്പോള്‍ പെണ്‍വീട്ടുകാര്‍ക്ക്‌ മഹറ്‌ നല്‍കി സ്‌ത്രീധനമായി ഒന്നുംവാങ്ങാതെ തന്റെ ജീവിത സഖിയെ കണ്ടെത്തുകയായിരുന്നു ഉസ്‌മാന്‍. ബേക്കലിലെ പരേതനായ അബൂബക്കറിന്റെ മകള്‍ ഫാത്തിമയ്‌ക്കാണ്‌ ഉസ്‌മാന്‍ മിന്നുകെട്ടിയത്‌. വരന്റെ വീട്ടില്‍നിന്ന്‌ 20ഓളം പേര്‍മാത്രമാണ്‌ പെണ്ണിന്റെ വീട്ടിലെത്തി ചടങ്ങ്‌ നടത്തിയത്‌. ഇവിടെ ഒരു ചായസല്‍ക്കാരം മാത്രമാണുണ്ടായത്‌. വധുവിന്റെ വീട്ടില്‍നിന്ന്‌ വളരെ കുറച്ച്‌പേര്‍ മാത്രമാണ്‌ വൈകീട്ട്‌ വരന്റെവീട്ടിലേക്ക്‌ പോയത്‌. തുടര്‍ന്ന്‌ കൊത്തിക്കാലിലെ ഉസ്‌മാന്റെ വീട്ടില്‍ സ്‌ത്രീധനത്തിനെതിരെ ഖുര്‍ആനെ അടിസ്ഥാനമാക്കി കണ്ണൂര്‍സ്വദേശി ഷമീമ ടീച്ചര്‍ ക്ലാസെടുത്തു. സ്‌ത്രീധനത്തിനും വിവാഹധൂര്‍ത്തിനുമെതിരെയാണ്‌ ഇത്തരമൊരു വിവാഹമെന്ന്‌ ഉസ്‌മാന്‍ പറയുന്നു. സാമ്പത്തികസ്ഥിതിയനുസരിച്ച്‌ പെണ്ണിന്റെ വീട്ടുകാര്‍ക്ക്‌ മഹറ്‌നല്‍കി പെണ്‍കുട്ടിയെ സ്വീകരിക്കണമെന്നാണ്‌ ഇസ്‌ലാം അനുശാസിക്കുന്നതെന്നും എന്നാല്‍ നേര്‍വിപരീതമായി സ്‌ത്രീധനമായി വലിയതുക വാങ്ങിയാണ്‌ വിവാഹം നടത്തുന്നതെന്നും ഉസ്‌മാന്‍ പറഞ്ഞു. കൂടാതെ ആളുകളുടെ ബാഹുല്യം കുറച്ച്‌ വിവാഹം ലളിതമായി നടത്തണമെന്ന്‌ സംയുക്ത ജമാഅത്ത്‌ കമ്മിറ്റിയുടെ സര്‍ക്കുലര്‍ നിലവിലുണ്ടെങ്കിലും ആരും പാലിക്കുന്നില്ലെന്നും ഉസ്‌മാന്‍ ചൂണ്ടിക്കാട്ടി. ആര്‍ഭാടങ്ങള്‍ക്കെതിരെ ഒരു ബോധവത്‌കരണമാണ്‌ ഈ വിവാഹമെന്നും ഇതിന്‌ മുട്ടുന്തല ജമാഅത്ത്‌ കമ്മിറ്റിയുടെയും വീട്ടുകാരുടെയും പൂര്‍ണ പിന്തുണയുണ്ടെന്നും ഉസ്‌മാന്‍ പറഞ്ഞു. കൊത്തിക്കാലിലെ പരേതനായ അബൂബക്കറിന്റെയും ഫാത്തിമയുടെയും മകനായ ഉസ്‌മാന്‍ അജാനൂര്‍ പഞ്ചായത്ത്‌ ന്യൂട്രി മിക്‌സ്‌ നിര്‍മാണ യൂണിറ്റിന്റെ സെക്രട്ടറിയാണ്‌. നേരത്തെ ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ സെക്രട്ടറിയായിരുന്നു.




കാഞ്ഞങ്ങാട്ടെ ഒരുസുഹൃത്തിന്‍റെ വിവാഹത്തെ കുറിച്ച് വന്ന പത്രവാര്‍ത്ത.