Wednesday, 6 February 2008

ദീപികക്കു സഹിക്കുന്നില്ല

ഇന്നത്തെ ദീപികയിലെ മുഖ പ്രസംഗം നോക്കൂ... കെ.ഇ.ആര്‍ റിപ്പോര്‍ട്ട് ദീപികക്ക് സഹിക്കാന്‍ പറ്റുന്നില്ല.

പരിഷ്കരണത്തിനു പിന്നിലും പകപോക്കല്‍ രാഷ്ട്രീയം


വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ പരിഷ്ക്കാരങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഗൂഢലക്ഷ്യങ്ങളോടെ ചില കാര്യങ്ങള്‍ നടപ്പാക്കാന്‍ കുറുക്കുവഴികള്‍ തേടുന്നതാണ് എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളുടെയും കാലത്ത് കാണാറുള്ളത്. ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇത്തരം ശ്രമങ്ങളുടെ ഒരു പരമ്പര തന്നെ കാണാനാവും.

കേരള വിദ്യാഭ്യാസചട്ട പരിഷ്കരണസമിതി തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി എം. എ ബേബിക്കു കൈമാറിയ റിപ്പോര്‍ട്ട് പ്രത്യക്ഷത്തില്‍ സദുദ്ദേശ്യപരമായ പല നിര്‍ദ്ദേശങ്ങളും അടങ്ങിയതാണെന്ന തോന്നല്‍ ഉണ്ടാക്കിക്കൊണ്ട് ഇടതുപക്ഷ സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡ നടപ്പാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ നയവും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ നയവും സര്‍ക്കാര്‍ നിയമിക്കുന്ന ഒരു പഠനസമിതി പാലിക്കേണ്ടതുണ്േടാ എന്ന ചോദ്യം കൂടി ഇവിടെ ഉയരുന്നുണ്ട്.

കെ. ഇ. ആര്‍ പരിഷ്കരണസമിതി റിപ്പോര്‍ട്ടിന്റെ ഉള്ളറകളിലൂടെ പോകുമ്പോള്‍ ഈ റിപ്പോര്‍ട്ട് ആര്‍ക്കുവേണ്ടി തയാറാക്കി എന്നു വ്യക്തമാവും. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രവും സാഹചര്യങ്ങളും മനസിലാക്കാതെ ഇടതുപക്ഷ നയസമീപനങ്ങള്‍ക്കനുസൃതമായി ഒരു റിപ്പോര്‍ട്ട് സമര്‍പ്പാക്കാനാണോ സമിതിയെ ചുമതലപ്പെടുത്തിയിരുന്നതെന്ന് ആര്‍ക്കും ന്യായമായി സംശയമുണ്ടാവും.

സ്വകാര്യ വിദ്യാഭ്യാസ മേഖലയാണ് ഇവിടുത്തെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന മുന്‍വിധിയാണോ പരിഷ്കരണസമിതിയേയും നയിച്ചത്? അല്ലെങ്കില്‍ പിന്നെ എന്തിനാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇത്രയേറെ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ കുത്തിനിറച്ചത്.

സ്വകാര്യ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക- അനധ്യാപക നിയമനം ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്പിക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ കുറെക്കാലമായി എസ് എഫ് ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യമാണ്. അതിന് സി. പി. നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പച്ചക്കൊടി കാണിച്ചിരിക്കുന്നു. എന്നാല്‍ ഈ വിഷയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെ കൂടി ഭാഗമാണെന്ന് മുന്‍ ചീഫ് സെക്രട്ടറി കൂടിയായ സമിതി ചെയര്‍മാനും അംഗങ്ങള്‍ക്കും അറിയാന്‍ പാടില്ലെന്നുണ്േടാ? കേരളത്തിലെ സ്വകാര്യവിദ്യാലയങ്ങളില്‍ നല്ലൊരു പങ്കും ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്നതാണെന്നും കേരളത്തിന്റെ വിദ്യാഭ്യാസ വികസനത്തില്‍ ഈ വിദ്യാലയങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്ര മഹത്തരമാണെന്നും അറിയാത്തവരൊന്നുമല്ല ഇവര്‍.

മൂല്യബോധവും ഈശ്വരവിശ്വാസവും സാഹോദര്യവും സമഭാവനയും ഉള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ സ്കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഉള്ള പങ്ക് സമിതി അംഗങ്ങള്‍ ഒട്ടും തന്നെ കണക്കിലെടുക്കാതിരുന്നത് അത്യന്തം ഖേദകരമെന്നല്ലാതെ എന്തു പറയാന്‍.

സ്കൂളുകളില്‍ ദൈവാരാധന പാടില്ല എന്ന നിര്‍ദ്ദേശം ലാഘവബുദ്ധിയോടെ കാണാന്‍ നമ്മുടെ സംസ്കാരവും പാരമ്പര്യ വും എങ്ങിനെ അനുവദിക്കും? സ്കൂളില്‍ പൊതു പ്രാര്‍ഥന നടത്തുന്നതുപോലും പാടില്ല എന്ന നിര്‍ദ്ദേശം സ്കൂള്‍ കാമ്പസുകളെ ഈശ്വരചിന്തയില്‍നിന്നും അകറ്റുക എന്ന ഉദ്ദേശ്യത്തോടെയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? സ്കൂള്‍ വളപ്പില്‍ പള്ളിയോ പൊതു ആരാധനാ സ്ഥലമോ പാടില്ലെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പള്ളിക്കൂടം എന്ന വാക്കു തന്നെ പള്ളിയുമായി ബന്ധപ്പെട്ടതാണ്. ക്രൈസ്തവ മാനേജ്മെന്റുകളുടെ കീഴിലുള്ള ഒട്ടു മിക്ക സ്കൂളുകളും പള്ളി പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. പള്ളിക്കുവേണ്ടി വിശ്വാസികള്‍ നല്‍കിയ സ്ഥലത്ത് സ്കൂള്‍ നടത്തി എല്ലാ സമുദായങ്ങള്‍ക്കും വിശിഷ്യ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് അക്ഷരജ്ഞാനവും മൂല്യാധിഷ്ഠിത ജീവിതത്തിനുതകുന്ന ആശയങ്ങളും പകര്‍ന്നു നല്‍കിയതിന് നല്‍കുന്ന ശിക്ഷയാണോ ഇത്?

ചില ക്രൈസ്തവ വിദ്യാലയങ്ങളോടനുബന്ധിച്ച് പണ്ടു മുതല്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ചാപ്പലുകളുണ്ട്. നിരവധി അക്രൈസ്തവ വിദ്യാര്‍ഥികള്‍ പോലും ഇവിടെ കയറി ഈശ്വരസാന്നിധ്യം അനുഭവിക്കുന്നത് ഇന്നും പലയിടങ്ങളിലും കാണാനാവും. അവരാരും മതം മാറുകയോ മൌലികവാദികളാവുകയോ ചെയ്തിട്ടില്ല. മറിച്ച്, ഇന്നും ആ ഈശ്വാരാഭിമുഖ്യത്തിന്റെ ചൈതന്യം പേറുന്നത് അഭിമാനത്തോടെ പറയുന്നവരാണ് പലരും.

സ്കൂളിന്റെ ചുറ്റു മതിലുകള്‍ പരസ്യത്തിനുപയോഗിക്കരുതെന്ന നിര്‍ദ്ദേശം നമ്മുടെ പല സര്‍ക്കാര്‍ സ്കൂളുകളിലെയും ഭിത്തികള്‍ അലങ്കരിക്കുന്ന സിനിമാ പരസ്യങ്ങള്‍ ഒഴിവാക്കാനോ അതോ സദ്ഗ്രന്ഥങ്ങളില്‍ നിന്നുള്ള സദ്വചനങ്ങള്‍ എഴുതുന്നത് ഒഴിവാക്കാനോ?

ചെറിയ കാര്യങ്ങളെന്നു തോന്നുമെങ്കിലും ഇതിന്റെയെല്ലാം പിന്നില്‍ വിദ്യാഭ്യാസ വികസനത്തിന്റെ സദുദ്ദേശ്യങ്ങളല്ല കാണാനാവുന്നത്. സ്വകാര്യ സ്കൂളുകളെ ഇല്ലായ്മ ചെയ്താല്‍ ഇവിടുത്തെ അടിസ്ഥാന വിദ്യാഭ്യാസ മേഖല നന്നാകുമെന്ന വിശ്വാസം പ്രത്യയശാസ്ത്ര മൌലികവാദം തലയ്ക്കുപിടിച്ച രാഷ്ട്രീയക്കാര്‍ക്കുണ്ടാകാം എന്നാല്‍ വിദ്യാഭ്യാസ മേഖലയെ പാവനമായൊരു കര്‍മരംഗമായി കാണുന്നവര്‍ക്ക് അതിനാവില്ല. അതുകൊണ്ടു തന്നെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയെ ഇത്തരം ചട്ടങ്ങളൊരുക്കി ഞെരുക്കി തോല്പിക്കാമെന്ന വ്യാമോഹവും ആര്‍ക്കും വേണ്ട.