Wednesday, 6 February 2008

ദീപികക്കു സഹിക്കുന്നില്ല

ഇന്നത്തെ ദീപികയിലെ മുഖ പ്രസംഗം നോക്കൂ... കെ.ഇ.ആര്‍ റിപ്പോര്‍ട്ട് ദീപികക്ക് സഹിക്കാന്‍ പറ്റുന്നില്ല.

പരിഷ്കരണത്തിനു പിന്നിലും പകപോക്കല്‍ രാഷ്ട്രീയം


വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ പരിഷ്ക്കാരങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഗൂഢലക്ഷ്യങ്ങളോടെ ചില കാര്യങ്ങള്‍ നടപ്പാക്കാന്‍ കുറുക്കുവഴികള്‍ തേടുന്നതാണ് എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളുടെയും കാലത്ത് കാണാറുള്ളത്. ഇക്കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഇത്തരം ശ്രമങ്ങളുടെ ഒരു പരമ്പര തന്നെ കാണാനാവും.

കേരള വിദ്യാഭ്യാസചട്ട പരിഷ്കരണസമിതി തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി എം. എ ബേബിക്കു കൈമാറിയ റിപ്പോര്‍ട്ട് പ്രത്യക്ഷത്തില്‍ സദുദ്ദേശ്യപരമായ പല നിര്‍ദ്ദേശങ്ങളും അടങ്ങിയതാണെന്ന തോന്നല്‍ ഉണ്ടാക്കിക്കൊണ്ട് ഇടതുപക്ഷ സര്‍ക്കാരിന്റെ രഹസ്യ അജന്‍ഡ നടപ്പാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ നയവും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ നയവും സര്‍ക്കാര്‍ നിയമിക്കുന്ന ഒരു പഠനസമിതി പാലിക്കേണ്ടതുണ്േടാ എന്ന ചോദ്യം കൂടി ഇവിടെ ഉയരുന്നുണ്ട്.

കെ. ഇ. ആര്‍ പരിഷ്കരണസമിതി റിപ്പോര്‍ട്ടിന്റെ ഉള്ളറകളിലൂടെ പോകുമ്പോള്‍ ഈ റിപ്പോര്‍ട്ട് ആര്‍ക്കുവേണ്ടി തയാറാക്കി എന്നു വ്യക്തമാവും. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രവും സാഹചര്യങ്ങളും മനസിലാക്കാതെ ഇടതുപക്ഷ നയസമീപനങ്ങള്‍ക്കനുസൃതമായി ഒരു റിപ്പോര്‍ട്ട് സമര്‍പ്പാക്കാനാണോ സമിതിയെ ചുമതലപ്പെടുത്തിയിരുന്നതെന്ന് ആര്‍ക്കും ന്യായമായി സംശയമുണ്ടാവും.

സ്വകാര്യ വിദ്യാഭ്യാസ മേഖലയാണ് ഇവിടുത്തെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന മുന്‍വിധിയാണോ പരിഷ്കരണസമിതിയേയും നയിച്ചത്? അല്ലെങ്കില്‍ പിന്നെ എന്തിനാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇത്രയേറെ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ കുത്തിനിറച്ചത്.

സ്വകാര്യ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക- അനധ്യാപക നിയമനം ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്പിക്കണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ കുറെക്കാലമായി എസ് എഫ് ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ആവശ്യമാണ്. അതിന് സി. പി. നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പച്ചക്കൊടി കാണിച്ചിരിക്കുന്നു. എന്നാല്‍ ഈ വിഷയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെ കൂടി ഭാഗമാണെന്ന് മുന്‍ ചീഫ് സെക്രട്ടറി കൂടിയായ സമിതി ചെയര്‍മാനും അംഗങ്ങള്‍ക്കും അറിയാന്‍ പാടില്ലെന്നുണ്േടാ? കേരളത്തിലെ സ്വകാര്യവിദ്യാലയങ്ങളില്‍ നല്ലൊരു പങ്കും ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്നതാണെന്നും കേരളത്തിന്റെ വിദ്യാഭ്യാസ വികസനത്തില്‍ ഈ വിദ്യാലയങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്ര മഹത്തരമാണെന്നും അറിയാത്തവരൊന്നുമല്ല ഇവര്‍.

മൂല്യബോധവും ഈശ്വരവിശ്വാസവും സാഹോദര്യവും സമഭാവനയും ഉള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ സ്കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഉള്ള പങ്ക് സമിതി അംഗങ്ങള്‍ ഒട്ടും തന്നെ കണക്കിലെടുക്കാതിരുന്നത് അത്യന്തം ഖേദകരമെന്നല്ലാതെ എന്തു പറയാന്‍.

സ്കൂളുകളില്‍ ദൈവാരാധന പാടില്ല എന്ന നിര്‍ദ്ദേശം ലാഘവബുദ്ധിയോടെ കാണാന്‍ നമ്മുടെ സംസ്കാരവും പാരമ്പര്യ വും എങ്ങിനെ അനുവദിക്കും? സ്കൂളില്‍ പൊതു പ്രാര്‍ഥന നടത്തുന്നതുപോലും പാടില്ല എന്ന നിര്‍ദ്ദേശം സ്കൂള്‍ കാമ്പസുകളെ ഈശ്വരചിന്തയില്‍നിന്നും അകറ്റുക എന്ന ഉദ്ദേശ്യത്തോടെയല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? സ്കൂള്‍ വളപ്പില്‍ പള്ളിയോ പൊതു ആരാധനാ സ്ഥലമോ പാടില്ലെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പള്ളിക്കൂടം എന്ന വാക്കു തന്നെ പള്ളിയുമായി ബന്ധപ്പെട്ടതാണ്. ക്രൈസ്തവ മാനേജ്മെന്റുകളുടെ കീഴിലുള്ള ഒട്ടു മിക്ക സ്കൂളുകളും പള്ളി പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. പള്ളിക്കുവേണ്ടി വിശ്വാസികള്‍ നല്‍കിയ സ്ഥലത്ത് സ്കൂള്‍ നടത്തി എല്ലാ സമുദായങ്ങള്‍ക്കും വിശിഷ്യ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് അക്ഷരജ്ഞാനവും മൂല്യാധിഷ്ഠിത ജീവിതത്തിനുതകുന്ന ആശയങ്ങളും പകര്‍ന്നു നല്‍കിയതിന് നല്‍കുന്ന ശിക്ഷയാണോ ഇത്?

ചില ക്രൈസ്തവ വിദ്യാലയങ്ങളോടനുബന്ധിച്ച് പണ്ടു മുതല്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ചാപ്പലുകളുണ്ട്. നിരവധി അക്രൈസ്തവ വിദ്യാര്‍ഥികള്‍ പോലും ഇവിടെ കയറി ഈശ്വരസാന്നിധ്യം അനുഭവിക്കുന്നത് ഇന്നും പലയിടങ്ങളിലും കാണാനാവും. അവരാരും മതം മാറുകയോ മൌലികവാദികളാവുകയോ ചെയ്തിട്ടില്ല. മറിച്ച്, ഇന്നും ആ ഈശ്വാരാഭിമുഖ്യത്തിന്റെ ചൈതന്യം പേറുന്നത് അഭിമാനത്തോടെ പറയുന്നവരാണ് പലരും.

സ്കൂളിന്റെ ചുറ്റു മതിലുകള്‍ പരസ്യത്തിനുപയോഗിക്കരുതെന്ന നിര്‍ദ്ദേശം നമ്മുടെ പല സര്‍ക്കാര്‍ സ്കൂളുകളിലെയും ഭിത്തികള്‍ അലങ്കരിക്കുന്ന സിനിമാ പരസ്യങ്ങള്‍ ഒഴിവാക്കാനോ അതോ സദ്ഗ്രന്ഥങ്ങളില്‍ നിന്നുള്ള സദ്വചനങ്ങള്‍ എഴുതുന്നത് ഒഴിവാക്കാനോ?

ചെറിയ കാര്യങ്ങളെന്നു തോന്നുമെങ്കിലും ഇതിന്റെയെല്ലാം പിന്നില്‍ വിദ്യാഭ്യാസ വികസനത്തിന്റെ സദുദ്ദേശ്യങ്ങളല്ല കാണാനാവുന്നത്. സ്വകാര്യ സ്കൂളുകളെ ഇല്ലായ്മ ചെയ്താല്‍ ഇവിടുത്തെ അടിസ്ഥാന വിദ്യാഭ്യാസ മേഖല നന്നാകുമെന്ന വിശ്വാസം പ്രത്യയശാസ്ത്ര മൌലികവാദം തലയ്ക്കുപിടിച്ച രാഷ്ട്രീയക്കാര്‍ക്കുണ്ടാകാം എന്നാല്‍ വിദ്യാഭ്യാസ മേഖലയെ പാവനമായൊരു കര്‍മരംഗമായി കാണുന്നവര്‍ക്ക് അതിനാവില്ല. അതുകൊണ്ടു തന്നെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയെ ഇത്തരം ചട്ടങ്ങളൊരുക്കി ഞെരുക്കി തോല്പിക്കാമെന്ന വ്യാമോഹവും ആര്‍ക്കും വേണ്ട.

9 comments:

 1. കെ.ഇ.ആര്‍ പരിഷ്ക്കരണം അത്ര എളുപ്പമുള്ള ഒന്നല്ല എന്ന് എല്ലാവര്‍ക്കുമറിയാം. അത് ആവശ്യമാണെന്നു സമ്മതിക്കുമ്പോഴും, തീര്‍ത്തും അപ്രായോഗികമാണ് ഇന്നത്തെ അവസ്ഥയില്‍. കാരണം, വിദ്യാഭ്യാസമേഖല, സ്വകാര്യസംരംഭകരുടെ കയ്യിലാണ്. ജാതി-മത-സാമുദായികാ‍ടിസ്ഥാനത്തില്‍. അതിനെ തൊട്ടു കളിച്ചാല്‍ കൈ പൊള്ളും. അപ്പോള്‍ ആദ്യം വേണ്ടത്, ഇപ്പോഴുള്ള പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥയെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ്. കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകളും, അവക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളും വ്യാപകമായ രീതിയില്‍ ഒരുക്കണം. ഫീസ് ഘടനയെ ശാസ്ത്രീയമായി പുനക്രമീകരിക്കണം. അവയുടെ സിലബസ്സ് കൂടുതല്‍ തൊഴിലധിഷ്ഠിതവും, വൈവിദ്ധ്യത്തിന് ഇടനല്‍കുന്നതുമാക്കേണ്ടിയിരിക്കുന്നു.

  അങ്ങിനെ, സ്വകാര്യവിദ്യാഭ്യാസത്തിന്റെ ലോകത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുക മാത്രമേ നിവൃത്തിയുള്ളു. അതിനു വേണ്ടത്, വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം അതിലേക്കായി മാറ്റിവെക്കുകയാണ്.
  ഓരോ വര്‍ഷം കഴിയുമ്പോഴും, വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായുള്ള നമ്മുടെ നീക്കിയിരുപ്പ് (കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും)കുറഞ്ഞുവരികയാണുതാനും.

  ഇതൊന്നും ചെയ്യാതെയുള്ള ഏതു പരിഷ്ക്കരണവും കൂടുതല്‍ വിനാശകരമായ ഭവിഷ്യത്ത് ഉണ്ടാക്കാനേ ഉപകരിക്കൂ. അത്രമാത്രം ശക്തമാണ് ഈ ജാതി-മത-സാമുദായികശക്തികള്‍. അതിനെ മറികടക്കണമെങ്കില്‍, പ്രതിബദ്ധതയും, സാമര്‍ത്ഥ്യവും വേണം. നിര്‍ഭാഗ്യവശാല്‍, ഇടതുപക്ഷം അതിനൊന്നും ഒരുക്കമല്ല. എല്ലാ വിട്ടുവീഴ്ചകളും പ്രതിഫലിപ്പിക്കുന്ന, ആരേയും നോവിക്കാതെ,എന്നാല്‍ പുരോഗമനപ്രതിച്ഛായ നിലനിര്‍ത്താന്‍ ശ്രമപ്പെട്ടുകൊണ്ടുള്ള ഒരു ഏര്‍പ്പാടിനാണ് അവര്‍ ഒരുങ്ങിപ്പുറപ്പെട്ടത്.അതുകൊണ്ടാണ് മാനേജുമെന്റുകളെ പ്രീതിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള എവിടെയും തൊടാത്ത രീതിയിലുള്ള അദ്ധ്യാപക നിയമനവും,മാറ്റം വരാത്ത സ്കൂള്‍ സമയവുമൊക്കെ പരിഷ്ക്കരണത്തില്‍ ഇടം കണ്ടത്. ശാസ്ത്രസാഹിത്യ പരിഷത്ത്, കുറച്ചുകൂടി ഗൌരവത്തോടെ ഇതില്‍ ഇടപെടാന്‍ ശ്രമം നടത്തി എന്നു പറയാതെ വയ്യ. ഫലമൊന്നുമുണ്ടായില്ലെന്നു മാത്രം.

  പള്ളിയും/പള്ളിക്കൂടവും, അമ്പലവും/ സരസ്വതീക്ഷേത്രവും, എല്ലാം ആഭാസകരമായ അളവില്‍ ഒന്നിക്കുന്ന ഒരു കാലഘട്ടത്തിലാണ് കേരളവും, ഇന്ത്യയും ഇന്ന്.

  ദീപികയും, മനോരമയും, ജന്മഭൂമിയുമൊക്കെ ഈ പരിഷ്ക്കാരങ്ങളെ എതിര്‍ക്കും. അതില്‍ അതിശയിക്കാനൊന്നുമില്ല. അവര്‍ നിലനില്‍ക്കുന്നതും, ശക്തിയാര്‍ജ്ജിക്കുന്നതും സ്വകാര്യമൂലധനത്തിന്റെയും, സാമുദായികശക്തികളുടെയും ദുഷിച്ച ചോര നിറഞ്ഞ അകിടുകളുടെ സഹായത്തോടെയാണല്ലോ.

  അഭിവാദ്യങ്ങളോടെ

  ReplyDelete
 2. ചില ക്യസ്ത്യന്‍ സ്കൂളുകളിലെങ്കിലും നിര്‍ബന്ധമായി തന്നെ പ്രാര്‍ത്ഥനകളിലും മറ്റും ( അന്യ മതസ്തരെയും ) പങ്കെടുപ്പിക്കുകയും , തലയില്‍ തട്ടം ധരിക്കുന്നത്‌ അനുവദിക്കാതിരിക്കുക , സുവിശേഷം അടിച്ചേല്‍പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നടന്നു വരുന്നു.. മത പരിവര്‍ത്തന ശ്രമങ്ങളും നടക്കുന്നു എന്നത്‌ ഒരു വസ്ഥുതയാണു.. അനുഭവസ്ഥര്‍ വിവരിക്കുന്നു.. പിന്നെ മതിലില്‍ എഴുതുകയല്ല.. മനസ്സില്‍ പതിപ്പിക്കുകയാണു വേണ്ടത്‌ ദൈവീക വചനങ്ങള്‍.. അപ്പോള്‍ അഭയമാര്‍ സ്യഷ്ടിക്കപ്പെടുകയില്ല.. മുരിങ്ങൂര്‍ ഉണ്ടാവുകയില്ല.. ഇത്‌ എല്ലാ മതക്കാര്‍ക്കും ഭാധകമാണു..

  ReplyDelete
 3. നമ്മുടെ നട്ടിലെ വിദ്യഭ്യാസം, മുകവുട്ടതാണങ്കിലും അതിനെ, പല ആവിശ്യങ്ങള്‍ക്കും വളചൊടിക്കുകയും, ഉപയോകിക്കുന്ന്നുമുണ്ട്‌

  ReplyDelete
 4. രാജീവ് ചേലനാട്ടിന്റെ അഭിപ്രായത്തോട് യോജിയ്ക്കുന്നു. കേ ഈ ആര്‍ പരിഷ്കരിക്കണം എന്നതിന് യാതൊരു സംശയവുമില്ല. പക്ഷേ അതോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തേണ്ടിയുമിരിയ്ക്കുന്നു.അല്ലാന്നു വരികില്‍ ഏത് രീതിയിലുള്ള പരിഷ്കരണവും സാധ്യമാവുകയില്ല.

  ക്രസ്ത്യന്‍ മാനേജ്മെന്റുകള്‍ പൊതുവായിയെടുത്താല്‍ കേരളത്തിലെ വിദ്യാഭ്യാസത്തിന് വന്‍ സംഭാവനയാണ് നല്‍കിയിട്ടുള്ളത്.ഉയര്‍ന്നുവന്ന വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് അനുരൂപമായി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല വളര്‍ന്നിരുന്നില്ല തന്നെ. ആ സ്ഥാനമാണ് കൃസ്തീയ മാനേജ്മെന്റുകള്‍ ഏറ്റെടൂത്തത്.(വിദ്യഭ്യാസസ്ഥാപനങ്ങള്‍ വഴി കൃസ്തീയ‍ മൂല്യങ്ങള്‍ പ്രചരിപ്പിച്ചെങ്കിലും അത്രകണ്ട് മതപ്രചാരണം സ്കൂളുകള്‍ വഴി നടത്തിയിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടാവില്ല. പലപ്പോഴും ഈ സമൂഹത്തില്‍ ആ പരിപ്പ് വേവില്ല എന്നറിഞ്ഞ് കൊണ്ട് തന്നെയാണ്.അതവരുടേ ബിസിനസ് മാത്രമാണ്.). എന്‍ എസ് എസ്, എസ് എന്‍ ഡീ പീ,മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങളും അത് തന്നെ ചെയ്തു ചെയ്യുന്നു. പക്ഷേ സാമാന്യ വിദ്യാഭ്യാസവും, പരീക്ഷാ മികവുള്ള ചില മണ്ടന്മാരെ സൃഷ്ടിക്കലുമൊഴിച്ചാല്‍ ഈ മാനേജ്മെന്റുകളും പൊതുവിദ്യാഭ്യാസവും ഒന്നും കേരളത്തിലെ ശരാശരി വിദ്യാഭ്യാസമേഖലയില്‍ യാതൊരു രീതിയിലുള്ള പുരോഗമനപരമായ മാറ്റങ്ങളുമുളവാക്കിയില്ല എന്നോര്‍ക്കണം.

  പക്ഷേ ഡീ പീ ഈ പീ അത്തരത്തിലൊരു മാറ്റമായിരുന്നു ..എന്തൊക്കെ ന്യൂനതകളുണ്ടെങ്കിലും.

  ഏറ്റവും വലിയ ന്യൂനത ഡീ പീ ഈ പീപോലൊരു പഠനരീതിക്കാവശ്യമുള്ള പശ്ചാത്തല സൌകര്യം (മാനുഷിക വിഭവ ശേഷി ഉള്‍പ്പെടെ) കേരള സര്‍ക്കാര്‍ സ്കൂളുകളില്‍ ഒരുക്കാന്‍ കഴിയാതെ പോയി എന്നത് തന്നെയാണ്. അതുകൊണ്ട് മാത്രമാണ് അത് എങ്ങുമെത്താതെ പോയത്.

  രാജീവ് പറഞ്ഞത് പോലെ തന്നെ എന്തൊക്കെ ചെയ്താലും കേരളാ പൊതുവിദ്യാഭ്യാസത്തിന്റെ മൂല്യം ഉയര്‍ത്തി സ്വകാര്യ വിദ്യാഭ്യാസലോകത്തിന് നിലനില്‍പ്പില്ലാതാക്കിയാലേ എന്തെങ്കിലും നടക്കൂ. റീസള്‍ട്ടിലാണ് കാര്യം.(പരീക്ഷയുടെയല്ല.) മൂല്യം ഉയര്‍ന്നതെങ്കില്‍ ഉല്‍പ്പന്നങ്ങളും നന്നായിരിയ്ക്കും. ആരൊക്കെ ചീത്ത വിളിച്ചാലും ഉള്ള കുട്ടികള്‍ പത്ത് കൊല്ലംകഴിഞ്ഞിറങ്ങുമ്പോള്‍ അവനവന്റെ മേഖലയില്‍ മിടുക്കരെങ്കില്‍ പതിനൊന്നാം കൊല്ലം മാതാപിതാക്കള്‍ ആ വിദ്യാലയം തേടി പോകും.ഫീസ് കൊടുക്കുന്നതുംകൊടുക്കാത്തതുമൊന്നും അവിടെ കാര്യമല്ല.

  അതുകൊണ്ട് തന്നെ കേ ഈ ആര്‍ പരിഷ്കരണത്തിന്റെ കൂടെയോ അതിനുമുന്‍പോ തന്നെ പൊതുവിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ നടപടികളുണ്ടാവണം.

  (ഓഫ് ടൊപ്പിക്:ബീ എഡ് എന്ന കോഴ്സ് നിര്‍ത്തിയാല്‍ പൊതുവിദ്യാഭ്യാസ രംഗം പകുതി നന്നാവും എന്നൊരു തമാശക്കാര്യം പറയാന്‍ തോന്നുന്നു.)

  ReplyDelete
 5. ഇപ്പൊ വിദ്യാഭ്യാസം ഒരു കച്ചവടമായി എടുത്തിരിക്കുകയല്ലെ..

  ReplyDelete
 6. ദീപികയുടെ അസുഖം വേറേയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം ഇടിയുന്നതോ, സ്കൂളില്‍ മതപ്രാര്‍ത്ഥന നടത്തുന്നതിലുള്ള വിലക്കുകളോ ഒന്നുമല്ല അവരുടെയും അവരുടെ പിന്നിലിരുന്ന് ‘സ്വാശ്രയ’ അജണ്ടകള്‍ നടപ്പാക്കുന്നവരുടേയും ലക്ഷ്യം.
  പ്രശ്നം എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനം വഴി ‘ഒപ്പിക്കുന്ന’ ലക്ഷങ്ങളും കോടികളും നഷ്ടമാകാന്‍ പോകുന്നതോര്‍ത്തിട്ടുള്ള ചൊരുക്കാണ്.

  ജനമടയ്ക്കുന്ന ടാക്സില്‍ നിന്നും കാശെടുത്ത് ജനത്തിന്/സര്‍ക്കാരിന് യാതൊരു പങ്കാളിത്തവുമില്ലാത്ത സ്കൂളുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ തന്നെ ശമ്പളം നല്‍കിക്കൊണ്ടിരിക്കുന്നതില്‍ ഈ ജാതി/മത കോമരങ്ങള്‍ക്ക് യാതൊരു പരാതിയുമുണ്ടായിരുന്നില്ല. അപ്പോഴൊന്നുമുയരാ‍ത്ത നീതിബോധം ഇപ്പോള്‍ ഉദ്ധരിച്ച് പിടിച്ചോണ്ട് വരുന്നതു കാണുമ്പോള്‍ ചിരി വരുന്നു.

  സ്വകാര്യ വിദ്യാഭ്യാസ സംവിധാനത്തെ പൂര്‍ണ്ണമായി ഇല്ലാതാ‍ക്കണമെന്നു അഭിപ്രായമില്ലെങ്കിലും രാജീവ് ജീയുടെ വാക്കുകളോട് യോജിക്കുന്നു.
  മിക്ക വിദേശരാജ്യങ്ങളിലും പബ്ലിക് സ്കൂളുകളാണ് പ്രൈവറ്റ് സ്കൂളുകളേക്കാള്‍ മികച്ചു നില്‍ക്കുന്നത്. നമ്മുടെ നാ‍ട്ടിലും ആ സ്ഥിതി സംജാതമാകണം. ഇന്ന് 5ലക്ഷം കോടിയുടെ കേന്ദ്രബജറ്റില്‍ വിദ്യാഭ്യാസത്തിനായി വര്‍ഷാവര്‍ഷം നീക്കി വയ്ക്കുന്നത് കഷ്ടിച്ച് 15,000 കോടി - അതായത് ദേശീയ വരുമാനത്തിന്റെ 1% !!

  അതേ സമയം അപ്പുറത്ത് പാകിസ്ഥാനും ചൈനയും എന്തോ മലമറിക്കുന്നുവെന്ന് പറഞ്ഞ് നാട്ടാരെ പേടിപ്പിച്ച് വാങ്ങിക്കൂട്ടുന്ന ആയുധങ്ങളടക്കം പ്രതിരോധ/പട്ടാള മേഖലയില്‍ നാം പ്രതിവര്‍ഷം ചിലവാക്കുന്നത് 85,000 കോടിരൂപയും !! (പ്രതിരോധരംഗത്ത് ലോകത്തേറ്റവും കൂടുതല്‍ ചെലവില്‍ ആയുധം വാങ്ങി വയ്ക്കുന്ന മൂന്നു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ!) വിദ്യാഭ്യാസത്തിന് എന്തു തുക മാറ്റിവച്ചാലും കാര്യമായി ‘വെട്ടുമേനി’ കിട്ടില്ല - ആയുധ ഇടപാട് അങ്ങനെയല്ലല്ലോ.
  നാലക്ഷരം പഠിച്ച് നാട്ടാരുടെ കണ്ണ് തെളിഞ്ഞുപോയാലോ ;)

  ReplyDelete
 7. *പൊതുവിദ്യാഭ്യാസം മെച്ചപെടുത്തുക തന്നെ വേണം.
  രാജീവേട്ടന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.

  *അബി വിശദമായി പ്രതികരിച്ചതിന് നന്ദി.

  *സൂരജ്, മാനേജുമെന്‍റുകളെ എന്തിനെക്കാളുമേറെ
  പേടിപ്പിക്കുന്നത് കോഴവാങ്ങാനുള്ള അവസരം ഇല്ലാതാവുമോ എന്നത് തന്നെയാണ്.

  *റഫീക്ക്,കൈതമുള്ള്,ബഷീര്‍,സജി,
  പ്രതികരിച്ചതില്‍ സന്തോഷം

  ReplyDelete
 8. കുറെ സമാന ചിന്താഗതിക്കാരെ കണ്ടതില്‍ വളരെ സന്തോഷം തോന്നുന്നു.

  തെരെഞ്ഞെടുപ്പു രാഷ്ട്രീയം എല്ലാ പാര്‍ട്ടിക്കാരേയും നട്ടെല്ലില്ലാത്തവരാക്കിയിരിക്കുന്നു.. ഫിറ്റെസ്റ്റ്‌ നല്ലേ സര്‍വൈവ്‌ ചെയ്യാന്‍ പറ്റൂ.. നിലനില്‍പാണല്ലോ പ്രശ്നം!

  ഈ സഭാ പിതാക്കന്‍മാരൊക്കെ യാതൊരു ഉളുപ്പുമില്ലാതെ നിയമനത്തിലൂടെ കിട്ടുന്ന കാശു പോകുമല്ലോന്നോര്‍ത്ത് ഉറക്കെ വിലപിക്കുന്നതു കേള്‍ക്കുംപോളാണ്‌ ചൊറിഞ്ഞു വരുന്നത്‌.. സാക്ഷരരും പ്രബുദ്ധരുമായ നായന്മാരും നസ്രാണികളും ഇല്ലേ ഇവിടെ പ്രതികരിക്കാന്‍??

  ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.