Monday, 28 April 2008

ബ്ലോഗ് ശില്പശാല മാതൃഭൂമി വാര്‍ത്ത.


കോഴിക്കോട്‌: ആശയവിനിമയത്തിന്റെ അനന്തസാധ്യതകള്‍ പകരുന്ന ബ്ലോഗ്‌ ലോകത്തേക്ക്‌ നവാഗതരെ സ്വാഗതംചെയ്‌തുകൊണ്ട്‌ കേരള ബ്ലോഗ്‌ അക്കാദമിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട്‌ മലയാളം ബ്ലോഗ്‌ ശില്‌പശാല സംഘടിപ്പിച്ചു. കോഴിക്കോട്‌ സഹകരണ അര്‍ബന്‍ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടന്ന ശില്‌പശാല പങ്കാളിത്തംകൊണ്ടും വിഷയത്തിന്റെ പുതുമകൊണ്ടും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. എങ്ങനെ ബ്ലോഗ്‌ തുടങ്ങാമെന്നും എങ്ങനെ ബ്ലോഗിങ്‌ നടത്താമെന്നും ഇന്റര്‍നെറ്റിലെ മലയാളികൂട്ടായ്‌മ എങ്ങനെ സജീവമാക്കാമെന്നതിനെയും വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ശില്‌പശാല.
മലയാളം ബ്ലോഗ്‌ ലോകത്തെ പ്രശസ്‌തരുടെ കൂട്ടായ്‌മയില്‍ വിരിഞ്ഞ കേരള ബ്ലോഗ്‌ അക്കാദമിയുടെ രണ്ടാമത്‌ ശില്‌പശാലയായിരുന്നു കോഴിക്കോട്ടേത്‌. കഴിഞ്ഞമാസം കണ്ണൂരിലായിരുന്നു ആദ്യശില്‌പശാല. ബ്ലോഗുകളിലൂടെ നല്‍കിയ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ്‌ ശില്‌പശാല സംഘടിപ്പിക്കപ്പെട്ടത്‌. നൂറ്റമ്പതോളം പേര്‍ പങ്കെടുത്ത ശില്‌പശാലയില്‍ മലയാളം 'ബൂലോക'ത്തിലെ പ്രശസ്‌തര്‍ വിവിധവിഷയങ്ങളില്‍ ക്ലാസുകളെടുത്തു. പിന്നീട്‌ ബൂലോകത്തെ നവാഗതരുടെ ബ്ലോഗുകള്‍ തുടങ്ങിക്കൊണ്ട്‌ ബ്ലോഗ്‌ വിദ്യാരംഭവും നടന്നു.
ചിത്രകാരന്‍, ഏറനാടന്‍, കണ്ണൂരാന്‍, വിശ്വപ്രഭ, മലബാറി, അരീക്കോടന്‍, കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി, വി.കെ.ആദര്‍ശ്‌, സുനില്‍ കെ. ഫൈസല്‍ തുടങ്ങി പ്രശസ്‌തരായ ബ്ലോഗര്‍മാരാണ്‌ ക്ലാസുകള്‍ നിയന്ത്രിച്ചത്‌. ബ്ലോഗ്‌ലോകത്തെക്കുറിച്ച്‌ കെ.പി.സുകുമാരന്‍, ശില്‌പശാലയുടെ ആവശ്യകതയെക്കുറിച്ച്‌ ഏറനാടന്‍, മലയാളം ടൈപ്പ്‌ ചെയ്യുന്നതിനെക്കുറിച്ചും ബ്ലോഗ്‌ തുടങ്ങുന്നതിനെക്കുറിച്ചും കണ്ണൂരാന്‍, സംഗീത ബ്ലോഗുകളെക്കുറിച്ച്‌ ടി.പ്രദീപ്‌കുമാര്‍, ബ്ലോഗിന്റെ ഭാവിയെക്കുറിച്ച്‌ വി.കെ.ആദര്‍ശ്‌, എന്റെ ബ്ലോഗ്‌ അനുഭവങ്ങളെക്കുറിച്ച്‌ മൈന ഉമൈബാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുനീഷ്‌ മലബാറി സ്വാഗതവും സുനില്‍ കെ.ഫൈസല്‍ നന്ദിയും പറഞ്ഞു.
രണ്ടുവര്‍ഷംമുമ്പ്‌ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന ബ്ലോഗുകളെക്കുറിച്ചുള്ള ലേഖനമാണ്‌ ബൂലോകത്തിലേക്ക്‌ പലരെയും അടുപ്പിച്ചതെന്ന്‌ ശില്‌പശാലയില്‍ പങ്കെടുത്ത മിക്കവരും അഭിപ്രായപ്പെട്ടു. ഇന്ന്‌ മലയാളത്തില്‍ മൂവായിരത്തോളം ബ്ലോഗുകളുണ്ട്‌. ആയിരത്തിലധികം പേര്‍ സജീവമായി ബ്ലോഗിങ്‌ നടത്തുന്നു.

1 comment:

  1. ചിത്രകാരന്‍, ഏറനാടന്‍, കണ്ണൂരാന്‍, വിശ്വപ്രഭ, മലബാറി, അരീക്കോടന്‍, കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി, വി.കെ.ആദര്‍ശ്‌, സുനില്‍ കെ. ഫൈസല്‍ തുടങ്ങി പ്രശസ്‌തരായ ബ്ലോഗര്‍മാരാണ്‌ ക്ലാസുകള്‍ നിയന്ത്രിച്ചത്‌.


    ഇതില്‍ ചില പ്രശസ്തന്മാരെപറ്റി ആദ്യമായിട്ടു കേള്‍ക്കുകയാ....

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.