Sunday 26 October 2008

'മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....' - ഫയാസിന്റെ ഉമ്മ

കണ്ണൂര്‍: 'ഓന്‍ നമ്മുടെ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെങ്കില്‍ ശിക്ഷ അനുഭവിക്കണം. നമ്മക്ക്‌ മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....ഒരുമ്മക്കും ഇനി ഈ ഗതി വരരുത്‌'. ഇത്‌ പറയുമ്പോള്‍ കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മൈതാനപ്പള്ളി സ്വദേശി മുഹമ്മദ്‌ ഫയാസിന്റെ ഉമ്മ സഫിയയുടെ കണ്ണ്‌ നിറഞ്ഞു. ഒരു തീവ്രവാദിയുടെ ഉമ്മയെന്ന്‌ ആള്‍ക്കാര്‍ പറയുകയും കാണുകയും ചെയ്യുമ്പോള്‍ സഹിക്കാന്‍ പറ്റ്വോ? അവര്‍ പറഞ്ഞു.

തയ്യില്‍ മൈതാനപ്പള്ളിയിലെ വീട്ടില്‍ കശ്‌മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട മകന്റെ വിധിയോര്‍ത്ത്‌ കണ്ണീര്‍ വാര്‍ക്കുകയാണുമ്മ. ഓന്റെ മയ്യത്ത്‌ എനിക്ക്‌ കാണണംന്നില്ല. ഖബറടക്കുന്ന സമയം പറയാമെന്ന്‌ പോലീസ്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ മതി -അവര്‍ പറഞ്ഞു.

ചെറുപ്പത്തിലേ ഓനെ നല്ലനിലയിലാണ്‌ പോറ്റിയത്‌. സിറ്റി സ്‌കൂളില്‍ എട്ടാം ക്ലാസ്‌ വരെയേ ഫയാസ്‌ പഠിച്ചിട്ടുള്ളൂ. രാത്രിനേരം വൈകി വീട്ടിലെത്തിയാല്‍ ഞാന്‍ വാതില്‌ തൊറന്ന്‌കൊടുക്കാറില്ല. അത്ര ശ്രദ്ധിച്ചിരുന്നു. പൊറത്തെ കൂട്ടുകെട്ടൊന്നും എനക്ക്‌ അറിയില്ല -അവര്‍ പറഞ്ഞു.

അവന്‍ ആരുടെയോ മാല പൊട്ടിച്ച വിവരം അറിഞ്ഞ്‌ ഞെട്ടിപ്പോയി. രണ്ടുമാസം തലശ്ശേരി ജയിലിലായിരുന്നു. ജയിലിലെ കൂട്ടാണെന്ന്‌ തോന്നുന്ന്‌ പിന്നെയാകെ മാറി. ഒന്നും പറഞ്ഞാ കേക്കില്ല. അപ്പോഴാണ്‌ ഈ ഫൈസലുമായി കൂട്ടുകൂടുന്നത്‌. ഓനാ എന്റെ മോനെ ബാംഗ്ലൂരിലേക്ക്‌ കൊണ്ടോയത്‌. ഒരു നോമ്പ്‌ അത്താഴത്തിന്റെ സമയം രാത്രിയാണ്‌ ഫൈസല്‍ വീട്ടിലെത്തിയത്‌. എന്തെങ്കിലും പണിയെടുത്ത്‌ നാട്ടില്‍ കയിഞ്ഞാമതീന്ന്‌ കൊറേ പറഞ്ഞുനോക്കി, കേട്ടില്ല. പിന്നെ വിചാരിച്ചു, മാല പൊട്ടിച്ച കേസിന്റെ നാണക്കേട്‌കൊണ്ടാ പോയതെന്ന്‌. പക്ഷേ, ഇതിപ്പോ ഇങ്ങനെയായില്ലേ.

ബാംഗ്ലൂരില്‍ പോയശേഷം ഒരു വിവരവും ഇല്ലായിരുന്നു. ഓനെ കൊണ്ടോയ ഫൈസല്‍ നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ കാണാന്‍ പോയി. ഓന്‍ നന്നായി എന്നും അഹമ്മദാബാദില്‍ ഖുറാന്‍ പഠിക്കാന്‍ പോയെന്നുമാ പറഞ്ഞത്‌. ഞാന്‍ കരുതി പടച്ചോന്‍ ഓനെ നന്നാക്കീന്ന്‌. പക്ഷേ... അവര്‍ കണ്ണ്‌ തുടച്ചു.

30 വര്‍ഷമായി ഓന്റെ ബാപ്പ ഞങ്ങളെ വിട്ടുപോയിട്ട്‌, ഒഴിവാക്കിയപോലെന്നെയാണ്‌. രണ്ട്‌ ആങ്ങളമാര്‍ എന്തെങ്കിലും തന്നിട്ടാ കയിഞ്ഞുപോകുന്നത്‌. അവര്‍ക്കും കഷ്ടപ്പാടാണ്‌. സഫിയ പറഞ്ഞു. 'ഒന്നല്ലേ ആകെയുള്ളൂ, ഓനല്ലേ നമ്മളെ നോക്കേണ്ടത്‌'. ഫയാസിനെ കൂടാതെ ഒരു മകളുണ്ട്‌ സഫിയക്ക്‌, ആഫിയ. അവരുടെ വിവാഹം കഴിഞ്ഞു.

'സംഭവം അറിഞ്ഞപ്പോത്തന്നെ ഓന്റെ മയ്യത്ത്‌ കാണേണ്ടാന്ന്‌ വിചാരിച്ചതാണ്‌. നാട്ടിന്‌ വേണ്ടാത്തോനായില്ലേ' -അവര്‍ കണ്ണ്‌ തുടച്ചു.

'ഞങ്ങളെ ഒരിക്കലും ഒരു തീവ്രവാദിയുടെ കുടുംബമായി കാണരുത്‌. ജീവനേക്കാള്‍ വലുത്‌ നമ്മള്‍ക്ക്‌ രാജ്യമാണ്‌. രാജ്യത്തിന്‌ എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവരെ തകര്‍ക്കണം' -സഫിയയുടെ സഹോദരനും മൈതാനപ്പള്ളി ഐസ്‌ പ്ലാന്റ്‌ തൊഴിലാളിയുമായ സാദിഖ്‌ പറഞ്ഞു. അവനെ ആരൊക്കെയോകൂടി ചതിച്ചതാണ്‌. ഏതായാലും അവന്റെ തെറ്റിന്‌ പടച്ചോന്‍ കൊടുത്ത ശിക്ഷയാണിതെന്ന്‌ നമ്മള്‍ കരുതിക്കോളും -സാദിഖ്‌ പറഞ്ഞു. നമ്മള്‍ ഇന്നുവരെ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഇന്നാട്ടിലെ ആരോട്‌ ചോദിച്ചാലും പറയും -അദ്ദേഹം പറഞ്ഞു.

ദിനകരന്‍ കൊമ്പിലാത്ത്‌


മാതൃഭൂമി വാര്‍ത്ത.

20 comments:

  1. 'ഞങ്ങളെ ഒരിക്കലും ഒരു തീവ്രവാദിയുടെ കുടുംബമായി കാണരുത്‌. ജീവനേക്കാള്‍ വലുത്‌ നമ്മള്‍ക്ക്‌ രാജ്യമാണ്‌. രാജ്യത്തിന്‌ എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവരെ തകര്‍ക്കണം'

    ReplyDelete
  2. രാജ്യസ്നേഹികളെന്ന് സ്വയം കൊട്ടിഘോഷിച്ച് രാജ്യത്തിനെ ഒറ്റിക്കൊടുക്കുന്നവരെ തിരിച്ചറിയാന്‍ ഏതു മാനദണ്ഡമാണ് ഉപയോഗിക്കുക? ഒരു രാജ്യത്ത് താമസിക്കുന്നതിന് ആ രാജ്യത്തിനോട് നിരുപാധികമായ സ്നേഹം അനിവാര്യമാണെന്നു ശഠിക്കുന്നവരോട് സഹതപിക്കാതെ വയ്യ. ഇവിടെയും അത്തരം ആശയങ്ങളെയാണ് സമര്‍ത്ഥമായി സമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുന്നത്.

    ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന രാജ്യസ്നേഹം രാജ്യസ്നേഹമേ അല്ല. രാജ്യം ഭരിക്കുന്നവരോടും അവരുടെ വിശ്വാസപ്രമാണങ്ങളോടുമുള്ള നിരുപാധിക വിധേയത്വത്തെയാണ് രാജ്യസ്നേഹമെന്ന് നമ്മള്‍ ഇന്ന് കള്ളപ്പേരിട്ടു വിളിക്കുന്നത്. ഇതൊരു കെണിയാണ്. നാഷണല്‍ ഷോവനിസം.

    ഫയാസിന്റെ ഉമ്മയെപ്പോലുള്ളവരുടെ സത്യസന്ധതക്കും കരളുറപ്പിനും ഒരു സല്യൂട്ട്. എങ്കിലും നിരപരാധികളെപ്പോലും കുറ്റവാളികളായി മുദ്രകുത്തുകയും വിചാരണചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്. സ്വന്തം ആളുകളെത്തന്നെ സാങ്കേതികതയുടെയും മറ്റും പേരുപറഞ്ഞ്, സംശയത്തോടെ നോക്കുകയും, എണ്ണിത്തിട്ടപ്പെടുത്തുകയും, ആട്ടിപ്പായിക്കാന്‍ ഉത്സാഹം കാണിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ-ഉദ്യോഗസ്ഥ-നീതിന്യായ-മാധ്യമ സംവിധാനവും നമുക്കുണ്ട് .

    അത്തരം കപടരാജ്യസ്നേഹ മഹാമഹങ്ങള്‍ക്കിടക്ക് ബോധപൂര്‍വ്വവും കൌശലപൂര്‍വ്വവും നടപ്പാക്കിക്കൊണ്ടിരിക്കുന്ന എലിമിനേഷനുകള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്താന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.

    മതമൌലികവാദികളും തീവ്രവാദ രാഷ്ട്രീയത്തിന്റെ വക്താക്കളുമൊന്നും ഇത്തരം മാലപൊട്ടിക്കല്‍ കലാപരിപാടികളിലൊന്നും പൊതുവെ ചെന്നുപെടാറില്ല. അവരുടെ ലൈന്‍ വ്യത്യസ്തമാണ്. മതമൌലികവാദികളെയും രാഷ്ട്രീയക്കാരെയും ഒരു കുടക്കീഴില്‍ പ്രദര്‍ശിപ്പിക്കുക എന്നതും അധികാരരാഷ്ട്രീയത്തിന്റെ പഴയൊരു കലാപരിപാടിയാണ്. ഇപ്പോഴിതാ, പെറ്റിക്രിമിനലുകളായും അവരെ നമ്മള്‍ വ്യാഖ്യാനിച്ചുതുടങ്ങിയിരിക്കുന്നു.

    നാളെ ഈ മകന്‍ നിരപരാധിയായിരുന്നുവെന്ന് ഈ ഉമ്മ അറിയാന്‍ ഇടവന്നാല്‍, എന്തു സമാ‍ധാനമാണ് അവര്‍ക്കുണ്ടാവുക? നമ്മള്‍ അവരോടും എന്തു സമാധാനം പറയും.

    മുജ്ജന്മവൈരാഗ്യം വെച്ച് ഒരാളെ വെടിവെച്ചുകൊന്നാലും രക്ഷപ്പെടാന്‍ രാജ്യസ്നേഹത്തിന്റെ കൊടിയെടുത്ത് വീശിയാല്‍ മതി എന്നിടത്തോളമെത്തിയിരിക്കുന്നു നമ്മുടെ പാട്രിയോട്ടിസം.

    ഇത് മറ്റൊരുതരത്തിലുള്ള ഓട്ടിസമാണ്.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  3. ഈ ഉമ്മയുടെ മുന്നില്‍, ഈ മനസ്സിന്റെ മുന്നില്‍ നമ്മളൊക്കെ വെറും നിസ്സാരന്‍മാര്‍. ഉമ്മാ നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. അഭിമാനികളായ ഭാരതീയര്‍. ഈ മനസ്സുള്ള നിങ്ങളെ ഒരിക്കലും ഞങ്ങളാരും ഒറ്റപ്പെടുത്തില്ല. ഒരുമ്മാക്കും ഈ ഗതി വരാണ്ടിരിക്കട്ടെ...

    ReplyDelete
  4. റഫീക്ക്, രാവിലെ പത്രത്തില്‍ വായിച്ചപ്പോഴേ ഒരു പോസ്റ്റ് എഴുതണമെന്ന് കരുതിയതാണ്. ഫയാസിന്റെ ഉമ്മയുടെ ശബ്ദം സമുദായത്തിന്റെ ശബ്ദമാണെന്ന് പാണക്കാട് ശിഹാബ് തങ്ങളുടെ പ്രസ്ഥാവനയും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ആ ഉമ്മയുടെ രാജ്യസ്നേഹത്തിനു മുന്‍പില്‍ നമിക്കുന്നു. വഴിതെറ്റിപ്പോയ ചിലരെ ചൂണ്ടി ഒരു സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നവര്‍ക്ക് ചുട്ട മറുപടിയാണ് ഫയാസിന്റെ അമ്മയുടെ വാക്കുകള്‍. മുസ്ലീം സഹോദരന്മാര്‍ ദേശാഭിമാനത്തില്‍ ആരുടെയും പിന്നിലല്ല. ഇക്കാണുന്ന ഭാരതം ഹിന്ദുക്കളും,മുസ്ലീമിങ്ങളും , കൃസ്ത്യാനികളും അങ്ങനെ മറ്റെല്ലാ മതവിഭാഗങ്ങളും കൂടി സൃഷ്ടിച്ചെടുത്തതും എല്ലാവരുടെയും പിന്‍‌തലമുറകള്‍ക്ക് അവകാശപ്പെട്ടതുമാണ്. അതാര്‍ക്കും പങ്ക് വയ്ക്കാന്‍ സാധ്യമല്ല. വര്‍ത്തമാനകാലരാഷ്ട്രീയം ആവശ്യപ്പെടുന്നത് , ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്സിനൊപ്പം എല്ലാ മതേതരപാര്‍ട്ടികളും ഇടത് പക്ഷപാര്‍ട്ടികളും ചേര്‍ന്ന് ഒരു നവഭാരതസൃഷ്ടിക്കായി യത്നിക്കണം എന്നാണ്. അതിന് തടസ്സമാവുന്ന പ്രത്യയശാസ്ത്രങ്ങള്‍ വലിച്ചെറിയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. ഇവിടെ ഹൈന്ദവവര്‍ഗ്ഗീയവാദികള്‍ ശക്തി പ്രാപിച്ചാല്‍ പിന്നെ നമുക്ക് നമ്മുടെ പ്രിയപ്പെട്ട ഇന്ത്യ തിരിച്ചു കിട്ടില്ല എന്ന ലളിതമായ യാഥാര്‍ത്ഥ്യം എലാവരും മനസ്സിലാക്കേണ്ടതുണ്ട്. തീവ്രവാദത്തിന്റെ കെണിയില്‍ അകപ്പെട്ടുപോയവരെ ജനാധിപത്യത്തിന്റെ നേര്‍വഴിയിലേക്ക് കൊണ്ടുവരാന്‍ മുസ്ലിം സമുദായവും എല്ലാ ഭിന്നതകളും മറന്ന് ശ്രമിക്കേണ്ടതുണ്ട് . ഇപ്പോള്‍ ഒട്ടും വൈകിയിട്ടില്ല. ഇനിയും അമാന്തിച്ചാല്‍ എല്ലാം നമ്മളില്‍ നിന്ന് കൈവിട്ടുപോകും.

    ReplyDelete
  5. നാളെ ഈ മകന്‍ നിരപരാധിയായിരുന്നുവെന്ന് ഈ ഉമ്മ അറിയാന്‍ ഇടവന്നാല്‍, എന്തു സമാ‍ധാനമാണ് അവര്‍ക്കുണ്ടാവുക? നമ്മള്‍ അവരോടും എന്തു സമാധാനം പറയും.

    മുജ്ജന്മവൈരാഗ്യം വെച്ച് ഒരാളെ വെടിവെച്ചുകൊന്നാലും രക്ഷപ്പെടാന്‍ രാജ്യസ്നേഹത്തിന്റെ കൊടിയെടുത്ത് വീശിയാല്‍ മതി എന്നിടത്തോളമെത്തിയിരിക്കുന്നു നമ്മുടെ പാട്രിയോട്ടിസം.


    ഈ ഉമ്മയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ഒന്നു ചോദിക്കട്ടെ. ഫയാസ് അടക്കം 4 പേരെ വെടിവെച്ചുകൊന്ന സ്ഥലം കാസർക്കോടിനും കണ്ണൂരിനും ഇടയ്ക്ക് എവിട്യാന്നാ പറഞ്ഞത്‌???

    ReplyDelete
  6. മീഡിയകളില്‍ ഇങനെ പൊട്ടിയൊലിക്കുന്ന “ദേശസ്നേഹം” അത്ര “നിഷ്കളങ്ക”മല്ലാ എന്ന് എനിക്ക് തോന്നുന്നു. എനിക്ക് ഇന്ത്യയോടുള്ള കൂറ്, അല്ലെങ്കില്‍ patriotism ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലാത്തപ്പോഴും, എന്റെ മുസ്ലീം സുഹൃത്തിന് അവന്റെ ദേശസ്നേഹം എവിടെയും തെളിയിച്ചേ മതിയാവൂ എന്ന ഒരു അവസ്ഥ പേടിപ്പെടുത്തുന്നു.

    ReplyDelete
  7. തീവ്രവാദികള്‍ക്കായി ഏതെങ്കിലും സ്തലത്ത് റൈഡ് നടത്തുമ്പൊള്‍ അവര്‍ നിരപരാധികളാണെന്ന് ആക്ക്രൊശിച്ച് തടസ്സപ്പെടുത്തുകയും
    പ്രതിഷെദ്ധ പ്രകടനങള്‍ നടത്തുകയും ചെയ്യൂന്ന ഈ നാട്ടില്‍
    ഒരു സാധാരണ സ്ത്രീയുടെ ഈ ശബ്ധം അവരെ അങെയറ്റം
    ബഹുമാന്യയാക്കിയിരിക്കുന്നു...ഞാന്‍ അവരെ നമിക്കുന്നു....
    പ്രത്യെകിച്ച് എതൊരമ്മയും തന്റെ മകന്‍ നിരപരാധിയെന്നെ
    എന്നും പറയൂ...ഇവിടെ വേറിട്ട ഈ ശബ്ധം ....ഞാന്‍ ആ വാര്‍ത്ത ഏറെ നേരം മുന്നില്‍ വച്ച് ഇങനെ ഇരുന്നു...

    ReplyDelete
  8. വിമതന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷെ, രാജീവ് ചേലനാട്ട് പറഞ്ഞത് സത്യം പറഞ്ഞാല്‍ മനസ്സിലായില്ല.

    ReplyDelete
  9. നാളെ ഈ മകന്‍ നിരപരാധിയായിരുന്നുവെന്ന് ഈ ഉമ്മ അറിയാന്‍ ഇടവന്നാല്‍, എന്തു സമാ‍ധാനമാണ് അവര്‍ക്കുണ്ടാവുക? നമ്മള്‍ അവരോടും എന്തു സമാധാനം പറയും.



    ഫയാസ് അടക്കം 4 പേരെ വെടിവെച്ചുകൊന്ന സ്ഥലം കാസർക്കോടിനും കണ്ണൂരിനും ഇടയ്ക്ക് എവിട്യാന്നാ പറഞ്ഞത്‌??? ചേലനാട്ട് പറഞ്ഞു വന്നത് അവര്‍ പണ്ടേ പറയുന്നതു തന്നെ. ദേശീയത രാജ്യസ്നേഹം അങ്ങനെയൊന്നില്ല എന്ന്.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ആ അമ്മയ്ക്ക് മുന്നില്‍ പ്രണാമം.

    ഫേയ്ക് എന്‍ കൗണ്ടറുകള്‍ ധാരാളമുള്ള നാട്ടില്‍ ആരെയാണാവോ വിശ്വസിക്കേണ്ടത് ?

    ഏതായാലും ഇതിന്റെ പേരില്‍ ഒരു സമുദായം മുഴുവനും വീണ്ടും തീവ്രവാദിക്കൂട്ടമായി ബ്രാന്റ് ചെയ്യപ്പെടാതിരിക്കട്ടെ.

    റഫീക് ജീക്ക് നന്ദി.

    ReplyDelete
  12. അടുത്തകാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട Yahoo!വിലെ ജോലിക്കാരനായ Peerbhoy, കസ്റ്റഡിയിലിരിക്കുമ്പോൾ കാണാൻ ചെന്ന അമ്മ ദുഃഖത്തോടെ ചോദിച്ചത്,
    ‘ജിഹാദ് എന്ന വാക്കിന്റെയർത്ഥം എന്നോട്
    ചോദിയ്ക്കാമായിരുന്നില്ലേ എന്നാൺ’
    അങ്ങിനെയുള്ളൊരു അമ്മയും കുടുംബപശ്ചാതലവും ആരറിയുന്നു?
    ഭീകരവാദിയുടെ അമ്മയെന്ന പേരിലല്ലേ അവരിനി കേൾവിപ്പെടുക?

    ReplyDelete
  13. കേള്‍ക്കാന്‍ സുഖമുള്ള വാചകങ്ങള്‍. രാവിലെ പത്രം വായിച്ചു കുറേ നേരം ആലോചിച്ചിരുന്നു.

    എങ്കിലും മുഴുവനായും ദഹിക്കുന്നില്ല. മാല പൊട്ടിക്കുക പോലെയുള്ള ക്രിമിനല്‍ പശ്ചാതലമുള്ള ആളുകള്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ എത്തിപ്പെടുക അത്ര സാധാരണമല്ല എന്നുതോന്നുകയാണ് .അഥവാ അങ്ങിനെ ആണ് എങ്കില്‍ ഇവിടങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത സത്യമാവാനാണ് സാദ്ധ്യത - “മാസ ശമ്പളവും ബാറ്റയും” ലഭിക്കും എന്നു പറയപ്പെടുന്നു.

    ReplyDelete
  14. ആ അമ്മയുടെ മുന്നില്‍ തിരഞ്ഞെടുക്കാന്‍ വേറെ എന്തു വഴിയാണുണ്ടായിരുന്നത് ?.അവര്‍ വളരെ പ്രായോഗികമായി ചിന്തിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.

    ReplyDelete
  15. വിമതന്റെ അഭിപ്രായം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. Rajeeve Chelanat-ന്റെ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്.

    നാം ദേശസ്നേഹികള്‍ എന്നും മതേതരര്‍ എന്നും പുറമേ പറയുമെങ്കിലും സൌകര്യപൂര്‍വം ഓര്‍ക്കാത്ത ചില പക്ഷപാതപരമായ ദൌര്‍ബല്യങ്ങള്‍ നമ്മുടെ ഉള്ളില്‍ അള്ളിപിടിച്ചു കിടപ്പുണ്ട്..

    അതാണ് വര്‍ഗീയത..
    സംഘ പരിവാര്‍ അജണ്ടയായി വികസിപ്പിചെടുത്ത, ഇന്ത്യക്കാരനെ മതത്തിന്റെയും ജാതിയുടേയും പേരില്‍ ഭിന്നിച്ച് നിര്‍ത്തുന്ന പ്രത്യശാസ്ത്രം ..

    സംഘ പരിവാര്‍ ശക്തിയാര്‍ജിക്കുന്നതോടെയാണ് ചരിത്രപരമായി ഇന്ത്യക്കാര്‍ പരസ്പരം സംശയിച്ചു തുടങ്ങുന്നത്‌ ..

    ബോംബ്‌ പൊട്ടിക്കുമ്പോള്‍ മാത്രമല്ല ദേശദ്രോഹികള്‍ ഉണ്ടാകുന്നത്,
    ത്രിശൂലം കൊണ്ട് ഗര്‍ഭിണിയുടെ വയര്‍ പിളര്‍ക്കുമ്പോഴും സംഘം ചേര്‍ന്ന് കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തുമ്പോഴും ദേശദ്രോഹികളും ഭീകരവാദികളും ഉണ്ടാകുന്നുണ്ട്‌..

    ഒരുപക്ഷേ ശത്രുവിനെ അറിയാത്ത ബോംബിനെക്കാള്‍ ഇരകളെ ഉണ്ടാക്കി ഉന്നം വെക്കുന്ന ത്രിശൂലങ്ങളും കപട ഹിന്ദുത്വ വിളികളുമാണ് ഇന്ത്യയെ തകര്‍ക്കുന്നത്‌...

    മുസ്ലിം വര്‍ഗീയതയും ക്രിസ്ത്യന്‍ വര്‍ഗീയതയും ഇതിന്റെ നിഴല്‍ മാത്രം .. തീയില്ലെങ്കില്‍ പുകയില്ലെന്ന് ചുരുക്കം ,...
    പക്ഷേ 'നിഴലുകളും' നമ്മെ ഭയപ്പെടുത്തുന്നുണ്ട്‌...

    ReplyDelete
  18. ഇവരൊക്കെ മതവിദ്വേഷം കൊണ്ടു മാത്രം ഈ കൂട്ടത്തില്‍ വന്നു പെട്ടവരാണോ................അതൊന്നാലോചിയ്ക്കാന്‍ നമ്മുടെ സമൂഹത്തിനു നേരമില്ല, ഗുണ്ടാസംഘങ്ങളുടെ കൂടെ നടന്നവന്‍ ആറുമാസം കൊണ്ടു മതം മാറുക മാത്രമല്ല മത തീവ്രവാദിയുമായി....കേള്‍ക്കുമ്പോള്‍ അവനെ നയിച്ചത് മതം മാത്രമാണോയെന്നു തീരുമാനിയ്കണം ആദ്യം....എന്നിട്ട് സമൂഹം ആ അമ്മയോടു മാപ്പു പറയണം....

    നൊന്തു പെറ്റമകനെ തള്ളി പറയിപ്പിച്ചതില്‍.........

    ReplyDelete
  19. ഇതു ഒരു നേര്‍ കാഴ്ചായക്കട്ടെ

    ReplyDelete
  20. ആ‍ അമ്മയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. രാ‍ജ്യസ് നേഹമുള്ള ഏതൊരമ്മയും അങ്ങനെ വേണം താനും.
    പക്ഷെ പോലീസ് പറയുന്നത് എത്ര മാത്രം വിശ്വാത്തിലെടൂക്കാനാവും...?
    സമീപകാല ഏറ്റുമുട്ടൽ ചരിത്രങ്ങൾ നമ്മളിലുണ്ടാക്കുന്നത് ഇത്തരം സംശയങ്ങളല്ലെ..?

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.