Monday, 25 April 2011

നാനോ‍എക്സലും മുങ്ങി.

അധ്വാനിക്കാതെ വീട്ടിലിരുന്നാൽ സമ്പന്നനാവം എന്ന് വിചാരിക്കുന്ന വിഡ്ഡികൾക്ക് ഒരു തിരിച്ചടികൂടി നൽകികൊണ്ട് നാനോഎക്സലുകാരും മുങ്ങി.മണിചെയിന്‍ കമ്പനി ഉടമകള്‍ 500 കോടിയുമായി മുങ്ങി

   

തൃശൂര്‍: നിക്ഷേപകരില്‍നിന്നു പിരിച്ചെടുത്ത കോടികളുമായി നാനോ എക്‌സല്‍ മണി ചെയിന്‍ കമ്പനിയുടെ ഉടമകള്‍ മുങ്ങി. നാലു ലക്ഷത്തിലേറെ ഇടപാടുകാരില്‍നിന്നായി അഞ്ഞൂറു കോടിയോളം രൂപ പിരിച്ചെടുത്ത ശേഷമാണ്‌ ഇവര്‍ മുങ്ങിയത്‌. 

കമ്പനിയുടെ എറണാകുളത്തേയും തൃശൂരിലേയും ഓഫീസുകളും അടച്ച നിലയിലാണ്‌. മണിചെയിന്‍ അംഗമായവര്‍ നല്‍കിയ പരാതികളില്‍ വിവിധ സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്‌. 

ചെയര്‍മാന്‍ ഹരീഷ്‌ മദിനേനി, മാനേജിംഗ്‌ ഡയറക്‌ടറായ പാട്രിക്‌ തോമസ ്‌എന്നിവര്‍ ഒളിവിലാണെന്ന്‌ പോലീസ്‌ പറയുന്നു. ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫ്‌ ചെയ്‌ത നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഡീലര്‍മാരായ അഷറഫ്‌, പ്രമോദ്‌ കിരണ്‍, പ്രമോദ്‌, ശശിധരന്‍ എന്നിവരെ അറസ്‌റ്റു ചെയ്‌തതായി ചേലക്കര സി.ഐ: ശശിധരന്‍ സ്‌ഥിരീകരിച്ചു. 

പദ്ധതിയില്‍ തട്ടിപ്പു നടത്തിയെന്ന്‌ ആരോപിച്ച്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ പാട്രിക്‌ തോമസിനെ പുറത്താക്കി കമ്പനിയുടെ ആസ്‌തികളും നിയന്ത്രണവും ഒളിവിലിരുന്നു ചെയര്‍മാന്‍ ഹരീഷ്‌ മദിനേനി ഏറ്റെടുത്തതായി സൂചനയുണ്ട്‌. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി തന്റെ നിയന്ത്രണത്തിലാണെന്ന്‌ ചെയര്‍മാന്‍ പുറത്തിറക്കിയ ഉത്തരവാണ്‌ ഈ സംശയം ബലപ്പെടുത്തുന്നത്‌. 

ഇതോടൊപ്പം പദ്ധതിയില്‍ ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ പുതുക്കിയിട്ടുമുണ്ട്‌. നേരത്തേ ചേര്‍ന്നവരും പുതിയ നടപടിക്രമമനുസരിച്ച്‌ വീണ്ടും ചേരണമെന്നു വ്യക്‌തമാക്കി ഇന്റര്‍നെറ്റില്‍ നോട്ടീസ്‌ നല്‍കിയിരിക്കുന്നു. കഴിഞ്ഞ തവണ കമ്പനി നടത്തിയ കോടികളുടെ നികുതി വെട്ടിപ്പ്‌ അധികൃതര്‍ കണ്ടെത്തിയിരുന്നു. 103 കോടി വിറ്റുവരവുള്ള കമ്പനി ഒരു കോടി മാത്രമാണ്‌ വിറ്റുവരവെന്നു വ്യാജരേഖ നല്‍കിയാണ്‌ നികുതി വെട്ടിപ്പ്‌ നടത്തിയിരുന്നത്‌.

മണിചെയിന്‍ ചേര്‍ന്നവര്‍ക്കു നാലു മാസമായി ബോണസും പ്രതിഫലവും നല്‍കുന്നില്ല. നല്‍കിയ ചെക്കുകള്‍ പണമില്ലാത്തതുമായിരുന്നുവെന്ന്‌ ആരോപണമുണ്ട്‌. നാനോ കമ്പനിയുടെ ഓഹരിയായും സാധനങ്ങള്‍ വാങ്ങുന്നതിനുള്ള വിലയായും ജനങ്ങളില്‍നിന്ന്‌ പിരിച്ചെടുത്താണ്‌ തട്ടിപ്പ്‌ നടത്തിയത്‌. ഇന്റര്‍നെറ്റ്‌ മുഖേനയായിരുന്നു കമ്പനിയിലേക്ക്‌ പണം അടച്ചിരുന്നത്‌. 

രസീതുകള്‍ നല്‍കാതെയുള്ള വെട്ടിപ്പ്‌ ആയിരുന്നതിനാല്‍ തെളിവുകള്‍ക്ക്‌ ബുദ്ധിമുട്ടാകുമെന്നു നിയമവിദഗ്‌ദ്ധര്‍ പറയുന്നു. അതിനിടെ പണം ലഭിക്കാന്‍ ഇടപാടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. 2007 ലാണ്‌ നാനോ എക്‌സല്‍ കമ്പനി മണി ചെയിന്‍ പദ്ധതിയുമായി എത്തിയത്‌. ഹൈദരാബാദ്‌ ആസ്‌ഥാനമായാണ്‌ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്‌. ഹരീഷ്‌ മദിനേനി ആന്ധ്രാ സ്വദേശിയാണ്‌. ഇയാളുടെ സുഹൃത്തായാണ്‌ തൃശൂര്‍ സ്വദേശി പാട്രിക്‌ തോമസ്‌ കമ്പനിയിലെത്തിയത്‌. 4000, 6000, 5000, 12000, 1.20 ലക്ഷം, 1.50 ലക്ഷം, 1.80 ലക്ഷം എന്നിങ്ങനെ വിവിധങ്ങളായ പാക്കേജുകളിലൂടെയാണ്‌ തട്ടിപ്പ്‌ മുന്നേറിയത്‌. 

ആരോഗ്യ പരിരക്ഷണത്തിനുള്ള നാനോ പവര്‍ കാര്‍ഡ്‌, വാട്ടര്‍ ബോട്ടില്‍, വാച്ച്‌, വാഷിംഗ്‌ ബോര്‍ഡ്‌, ബ്ലേസ്‌ലെറ്റ്‌ മുതലായ ഇനങ്ങളാണ്‌ പദ്ധതിയില്‍ ചേരുന്നവര്‍ക്ക്‌ നല്‍കിയത്‌. ഇതില്‍ നല്‍കിയ തുകയുടെ 20 ശതമാനം വിലയ്‌ക്കുള്ള ഉല്‍പന്നങ്ങള്‍ പോലും നല്‍കിയിരുന്നില്ല. മാത്രമല്ല കുറഞ്ഞ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളാണ്‌ നല്‍കിയിരുന്നത്‌. 

മണിചെയിനില്‍ ചേര്‍ന്നു വെറുതേയിരിക്കുന്നവര്‍ക്കും മാസംതോറും ലക്ഷങ്ങള്‍ ബോണസായി ലഭിക്കുമെന്ന്‌ ഇവര്‍ വിശ്വസിപ്പിച്ചിരുന്നു. തുടക്കത്തില്‍ ഏതാനുംപേര്‍ക്ക്‌ ബോണസ്‌ നല്‍കി വിശ്വാസം നേടിയിരുന്നു. ബോണസും പണവും ലഭിക്കാത്ത ഇടപാടുകാര്‍ പ്രതിഷേധിച്ചതോടെയാണ്‌ ഉടമകള്‍ മുങ്ങാനുള്ള പദ്ധതി തയ്യാറാക്കിയത്‌. തൃശൂര്‍ അയ്യന്തോളിലെ ഓഫീസ്‌ ആദ്യഘട്ടമായി അടച്ചുപൂട്ടി. ഇതിനുശേഷമാണ്‌ എറണാകുളം ഇടപ്പള്ളിയിലെ ഓഫീസ്‌ പൂട്ടിയത്     മംഗളം വാർത്ത.

4 comments:

 1. ഒരു അബദ്ധം പറ്റാത്തവര്‍ ഇല്ല,ഒന്‍പതു അബദ്ധം പറ്റിയവരും ഇല്ല.പക്ഷെ നമ്മള്‍ മലയാളികള്‍ തൊണ്ണൂറു അബദ്ധം പറ്റിയാലും പഠിക്കുകയും ഇല്ല.അത് കൊണ്ടാണ് കേരളം തട്ടിപ്പ് കാരുടെ പറുദീസാ ആയിരിക്കുന്നത്.ഈ പോസ്റ്റ്‌ വായിച്ചു പത്തു പേരെങ്കിലും രക്ഷപ്പെട്ടാല്‍ നല്ല കാര്യം തന്നെ.

  ReplyDelete
 2. കണ്ടാലും,കൊണ്ടാലും നാം തിരിച്ചറിയുന്നില്ല.

  ReplyDelete
 3. എത്ര കിട്ടിയാലും നമ്മള്‍ പഠിക്കില്ല....
  ഇനിയും പറ്റിക്കപ്പെട്ടുകൊണ്ടേ ഇരിക്കും...
  ഈ ന്യൂസ്‌ ഈ പോസ്റ്റ് വഴിയാണ് അറിഞ്ഞത് , നന്ദിട്ടോ .

  ReplyDelete
 4. ഗുണപാഠങ്ങൾ എത്രയുണ്ടായാലും പഠിക്കില്ല മലയാളികൾ!!! ഇത്രയൊക്കെ അനുഭവം മുന്നിൽ വന്നാലും നാളെ പുതിയൊരാൾ ഈ തട്ടിപ്പുമായി രംഗത്ത് വന്നാൽ അതിന്റെ പിന്നാലെയും ഓടാൻ ചിലരെങ്കിലും പിന്നെയും കാണും..അതാണ്‌ വിദ്യാസമ്പന്നരുടെ കൊച്ചു കേരളം..!!!

  ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.