Friday 25 January 2008

'ശാസ്ത്രലോകം' മണ്ടന്മാരുടേതോ?

നാസ പുറത്ത് വിട്ട ചിത്രം.



പത്രങ്ങളില്‍ വന്ന ചൊവ്വയിലെ സുന്ദരി




വ്യാഴാഴ്ച മലയാളപത്രങ്ങളില്‍ വര്‍ണച്ചിത്രസഹിതം വന്ന വാര്‍ത്ത ഏവരും കണ്ടുകാണുമല്ലോ? നാസായുടെ ചൊവ്വാ പര്യവേക്ഷണപേടകമായ 'സ്പിരിറ്റ്' പകര്‍ത്തി അയച്ച ചൊവ്വാ ചിത്രങ്ങളില്‍ 'കുന്നിറങ്ങിവരുന്നതുപോലൊരു സ്ത്രീരൂപം' പതിഞ്ഞത് ശാസ്ത്രലോകത്ത് വലിയ അമ്പരപ്പും കൌതുകവും സൃഷ്ടിച്ചിരിക്കുന്നുവത്രേ. സ്ത്രീ വലതുകൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ചൊവ്വയില്‍ 'വരണ്ട മഞ്ഞുകട്ടകളടങ്ങിയ മേഘങ്ങള്‍ കണ്ടെത്തിയെന്ന് ഫ്രഞ്ച് ശാസ്ത്രസംഘത്തിന്റെ അവകാശവാദവുമായി കൂട്ടിവായിച്ചുകൊണ്ട് 'ശാസ്ത്രലോകത്തെ അമ്പരപ്പ്' കൂട്ടാനും അത് സാധാരണ വായനക്കാരിലേക്കുകൂടി എത്തിക്കാനും പത്രങ്ങള്‍ ഒത്തിരി സ്ഥലം നീക്കിവച്ചു. എന്തൊരു ശാസ്ത്രസ്നേഹം!

അമ്പരന്ന ശാസ്ത്രജ്ഞര്‍ ആരൊക്കെയാണെന്ന് ഒരു പത്രത്തിലും കാണുന്നില്ല. കുറെ ശാസ്ത്രജ്ഞരുമായുള്ള അഭിമുഖംകൂടി ആകാമായിരുന്നു.

ശാസ്ത്രജ്ഞര്‍ എന്നല്ല, ബുദ്ധിയുള്ള ആരുംതന്നെ ആ ചിത്രം കണ്ട് അമ്പരക്കാന്‍ വഴിയില്ല. എന്താണ് കാരണം? 'സ്പിരിറ്റി'ന്റെ ക്യാമറ (അത് ചൊവ്വാ പ്രതലത്തില്‍നിന്ന് ഏതാണ്ട് ഒരു മീറ്ററോളം ഉയരത്തിലാണ്) ദൂരെ നിന്നാണ് സ്ത്രീരൂപത്തിന്റെ ചിത്രമെടുത്തിരിക്കുന്നതെന്ന് ചിത്രം കണ്ടാലറിയാം; കാരണം സ്ത്രീരൂപത്തിനടുത്തുള്ള വസ്തുക്കള്‍ (പാറകളും കല്ലുകളും) വ്യക്തമല്ല. സത്രീരൂപം ഇത്ര വലുപ്പത്തില്‍ ഫോട്ടോയില്‍ പതിയുന്നെങ്കില്‍ അതിന് അസാമാന്യ വലുപ്പമുണ്ടാകണം. മാരിനര്‍ ശ്രേണി മുതലിങ്ങോട്ട് എല്ലാ ചൊവ്വാ പര്യവേക്ഷണവാഹനങ്ങളും എക്സ്പ്ളോററും ഓപ്പര്‍ച്യൂണിറ്റിയും ഉള്‍പ്പെടെ- എത്രതന്നെ ശ്രമിച്ചിട്ടും ഒരു ജീവിയെയോ പുല്ലിന്റെ നാമ്പോ ഒരു അമീബപോലുമോ ചൊവ്വയില്‍ കണ്ടെത്താനായിട്ടില്ല. ജലസാന്നിധ്യവും ഇല്ല- ധ്രുവങ്ങളിലെ ഹിമപാളിയല്ലാതെ. അന്തരീക്ഷം തീര്‍ത്തും നേര്‍ത്തതാണ്. ഉള്ളതിലാകട്ടെ നൈട്രജനും കാര്‍ബണ്‍ ഡയോക്സൈഡുമാണ് കൂടുതലും. ഓക്സിജന്‍ നന്നേ കുറവ്. അപ്പോള്‍ ആ സ്ത്രീരൂപത്തിനു ശ്വസിക്കണ്ടേ? ഭക്ഷണം വേണ്ടേ? വെള്ളം കുടിക്കണ്ടേ?

ചൊവ്വയില്‍ വരണ്ട മഞ്ഞുകട്ടകള്‍ അടങ്ങിയ മേഘങ്ങള്‍ കണ്ടെത്തിയെന്ന ഫ്രഞ്ച് ശാസ്ത്രസംഘത്തിന്റെ കണ്ടെത്തലില്‍ വലിയ അത്ഭുതമൊന്നുമില്ല. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് തണുത്തുറഞ്ഞ് ഉണ്ടാകുന്നതാണ് ് ഡ്രൈ ഐസ്. അതിനെ വരണ്ട ഐസ് എന്നു പരിഭാഷപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, അത് മേഘത്തില്‍ ജലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു എന്ന് ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യരുതെന്നു മാത്രം.

ഇനി, ഇന്നലെ പത്രങ്ങളില്‍ വന്ന ചിത്രങ്ങളെടുത്ത് ഒന്ന് സൂക്ഷിച്ചുനോക്കൂ. ഒരു പാറയുടെ 'സൂര്യപ്രകാശം തട്ടാത്ത' കുത്തനെയുള്ള ഭാഗമാണ് അതില്‍ 'സ്ത്രീരൂപ'മായി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ മറ്റു പാറകള്‍ക്കും ഇതുപോലെ വെളിച്ചം വീഴാത്ത ഇരുണ്ട ഭാഗങ്ങളുണ്ട്. ചിത്രത്തില്‍ താഴെ വലതുമൂലയ്ക്ക് ഒരു പശുക്കിടാവിന്റെ തല കാണുന്നില്ലേ? സ്ത്രീരൂപത്തില്‍ അല്‍പം കൈക്രിയ കൂടുതലായി നടത്തിയിട്ടുണ്ടെന്നേ ഉള്ളൂ. ഒരു കൈ ഫിറ്റുചെയ്തു, ചില ഭാഗം അല്‍പ്പം കൂടുതല്‍ കറുപ്പിച്ചു. നാസയുടെ ചിത്രത്തില്‍ ഏതോ ചൈനീസ് ബ്ളോഗ് വിദ്വാന്‍ ഒപ്പിച്ച കുസൃതിയാണ്. സ്റ്റണ്ടുകള്‍ക്കുവേണ്ടി കാത്തിരുന്ന പാശ്ചാത്യപത്രങ്ങളും ദൃശ്യമാധ്യമങ്ങളും അതില്‍ ചാടിവീണു. കേരളത്തില്‍ വിവാദങ്ങള്‍ക്ക് അല്‍പ്പം ശമനം വന്നതില്‍ നിരാശരായിരുന്ന ഇവിടത്തെ മാധ്യമങ്ങളും ഈ പുതിയ അവസരം വീട്ടുകളഞ്ഞില്ല. അല്‍പ്പംകൂടി കൈക്രിയ കാട്ടിയിരുന്നെങ്കില്‍ പശുക്കിടാവും പുല്‍മേടുമൊക്കെ സൃഷ്ടിക്കാമായിരുന്നു. ഈ സൈബര്‍ യുഗത്തില്‍ അതിനൊക്കെയുണ്ടോ വല്ല പ്രയാസവും.

മുമ്പ് ചൊവ്വയില്‍ ഒരു 'കിടക്കുന്ന സ്ത്രീരൂപം'- ഒരു വമ്പന്‍ ശിലാശില്‍പ്പം ഉള്ളതായി വെളിവാക്കുന്ന ഉപഗ്രഹ ഫോട്ടോ കിട്ടിയ വാര്‍ത്ത (ഫോട്ടോയും) ചില പത്രങ്ങളില്‍ വന്ന കാര്യം ചിലര്‍ക്കെങ്കിലും ഓര്‍മയുണ്ടാകും. അതേ സ്ഥാനത്തിന്റെ (മറ്റൊരു ആങ്കിളില്‍നിന്നുള്ള) മറ്റൊരു ഫോട്ടോ, പരിശോധിച്ചപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ക്കു മനസ്സിലായി, അത് പാറയുടെ നിമ്നോന്നതങ്ങള്‍ സൃഷ്ടിച്ച ഒരു നിഴല്‍രൂപമായിരുന്നെന്ന്. പക്ഷേ, അക്കാര്യം ഒരു പത്രവും പ്രസിദ്ധീകരിച്ചുകണ്ടില്ല.

ചൊവ്വാ മനുഷ്യന്‍ എന്ന സങ്കല്‍പ്പം ഒട്ടും പുതുതല്ല. 19-ാം നൂറ്റാണ്ടില്‍ ഷിയാപ്പറേലി എന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ ചൊവ്വയുടെ ഉപരിതലത്തില്‍ വലിയ ചാലുകള്‍ കണ്ടെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, 'അവിടെ ജലമുണ്ടാകും'. പിന്നീട് ചൊവ്വയുടെ നിറം ചിലകാലത്ത് ഇളംചുവപ്പും മറ്റു ചിലപ്പോള്‍ പച്ച നീലയുമായി മാറിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ വാനനിരീക്ഷകര്‍ പറഞ്ഞു, അവിടെ സസ്യങ്ങള്‍ വളരുമ്പോഴാണ് പച്ചനിറം വരുന്നത്. അവ ഉണ്ടാകുമ്പോള്‍ (അല്ലെങ്കില്‍ വിളയുമ്പോള്‍) ആണ് ഇളം ചുവപ്പുനിറം വരുന്നതെന്ന്. 'ചെറിയ പച്ചമനുഷ്യര്‍' (ഘശഹേേല ഴൃലലി ാമി) ചൊവ്വയില്‍ അധിവസിക്കുന്നതായി സങ്കല്‍പ്പിക്കപ്പെട്ടു. വലിയ ചെവിയും തലയില്‍ രണ്ട് ആന്റിനകളും ഉള്ള ചൊവ്വാ മനുഷ്യന്‍ പറക്കും തളികയിലേറി ഭൂമിയില്‍ വരുന്ന രംഗം കഥകളിലും സിനിമകളിലും ഉണ്ടായി. പക്ഷേ, വലിയ ടെലിസ്കോപ്പുകള്‍ വന്നപ്പോള്‍ മനസ്സിലായി ചൊവ്വയിലും ഭൂമിയിലെപ്പോലെ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ട്; ശീതകാലത്ത് മഞ്ഞുവീഴും- മുമ്പു പറഞ്ഞ വരണ്ട മഞ്ഞ്. അപ്പോള്‍ ചൊവ്വയ്ക്ക് അല്‍പ്പം പച്ച-നീലനിറം കൈവരും. വേനലാകുമ്പോള്‍ മഞ്ഞുരുകി മണ്ണും പാറകളും വെളിപ്പെടും. നിറം ചുവപ്പാകും. പൊടിക്കാറ്റ് അടിക്കുമ്പോള്‍ കൂടുതല്‍ ചുവക്കും. കാരണം അവിടത്തെ പൊടിപടലത്തില്‍ ഏറെയും ചുവപ്പുനിറമുള്ള ഇരുമ്പ് ഓക്സൈഡുകളാണ്. ഈ ചുവപ്പുനിറം കാരണമാണ് ജ്യോതിഷത്തില്‍ ചൊവ്വയെ യുദ്ധത്തിന്റെ ദേവനും ക്രൂരനും തന്മൂലം ചൊവ്വാദോഷത്തിന്റെ സൃഷ്ടാവും ഒക്കെയാക്കിയത്.

'ചെറിയ പച്ചമനുഷ്യന്‍' ഇപ്പോള്‍ 'കുന്നിറങ്ങുന്ന നഗ്നസുന്ദരിയായി' പുനര്‍ജനിക്കുന്നു എന്നു കരുതിയാല്‍ മതി. മാധ്യമങ്ങള്‍ക്ക് 'സ്റ്റണ്ട് ക്ഷാമം' നേരിടുമ്പോള്‍ ഇനിയും പുതിയ രൂപങ്ങള്‍ ഉണ്ടാകാനും മതി.

പ്രൊഫ. കെ പാപ്പുട്ടി(ദേശാഭിമാനി)

9 comments:

  1. രാവിലെ മാതൃഭൂമിയില്‍ ഈ തമാശ കണ്ടിരുന്നു..
    ഇത് ഇവിടെ പോസ്റ്റ് ചെയ്തത് നന്നായി...നന്ദി...

    ReplyDelete
  2. പാപ്പൂട്ടി മാഷ് പറഞ്ഞതെത്ര ശരി.
    നമ്മുടെ മാധ്യമങ്ങള്‍ക്ക് ശരിയേത് തെറ്റേത് എന്ന വിചാരമൊന്നുമില്ല.

    ReplyDelete
  3. പ്രിയ റഫീക് ജീ,

    ഈ വിഷയം അര്‍ത്ഥവത്തായൊരു ചര്‍ച്ചയ്ക് ഉപയോഗിച്ചതിനു ഒരു വലിയ കണ്‍ഗ്രാറ്റ്സ് !

    ഇത്രയും കിഴങ്ങന്മാരോ മാതൃഭൂമിയില്‍ എന്ന ചൊദ്യവുമായി പൊട്ടിച്ചിരിച്ചുകൊണ്ടാണ് അച്ഛന്‍ രാവിലെ ഇതു കാട്ടിത്തന്നത്.

    നെറ്റ് സെര്‍ച്ചു ചെയ്തപ്പോള്‍ മനസ്സിലായി ഇതു "ഏലിയന്‍ ക്രേസി" ബ്ലോഗന്മാരില്‍ ചിലരുടെ വ്യാഖ്യാന സര്‍ക്കസ്സാ‍ണെന്ന്.

    ബിഗ് ഫൂട്ട് (ഒരു തരം സാങ്കല്‍പിക ഹിമമനുഷ്യന്‍) മുതല്‍ മത്സ്യകന്യക വരെയുണ്ട് ഭാവനാസമ്പന്നരുടെ നിഗമനോല്പ്രേക്ഷകളില്‍.!


    ഇത് നാസ പുറത്തുവിട്ട യഥാര്‍ത്ഥ ചിത്രം. ഒന്ന് വലിപ്പം കൂട്ടിനോക്കിയാല്‍ ഇടത്തേയറ്റത്തായി നമ്മുടെ 'വിവാദ' രൂപം കാണാം.

    "രാവിലെ സാരിയുമുടുത്ത് സഞ്ചിയുമായി ചന്തയിലേക്ക് കുന്നിറങ്ങിപ്പോകുന്ന സ്ത്രീ " എന്നായിരുന്നു ശരിക്കും വ്യാഖ്യാനിക്കേണ്ടത് എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഞാനുമോര്‍ത്തു. അരക്കെട്ടിനു താഴേക്ക് അല്പം വീതികൂടുതലായതിനാലാവണം സ്ത്രീരൂപമായി ഇതു വ്യാഖ്യാനിക്കപ്പെട്ടതെന്ന്.

    ഏതായാലും പാലുകുടിക്കുന്ന ഗണപതിയുടെയും, അള്ളാഹുവിന്റെ പേര് ചര്‍മ്മത്തില്‍ ആലേഖനം ചെയ്യപ്പെട്ട പശുവിന്റെയും, മേഘക്കൂട്ടത്തില്‍ തെളിയുന്ന മറിയത്തിന്റെ തിരു രൂപത്തിനുമൊപ്പം ഒന്നു കൂടിയായി. ഇനിയിപ്പോ എത്ര കാലം അല്ല എന്നു പറഞ്ഞാലും പിന്നേം കാണും ഇതു വിശ്വസിക്കുന്ന വിവരം കെട്ട ചിലര്‍.

    ReplyDelete
  4. മനുഷ്യന്‍ വിദ്യാസമ്പന്നനാവുന്നു. പക്ഷെ അവന്റെ മനസ്സില്‍ അന്തവിശ്വാത്തില്‍ ഊന്നിയ ചിന്തകള്‍ക്ക്‌ വിത്തേകാനാണു മാധ്യമങ്ങള്‍ അധികവും ശ്രമിക്കുന്നത്‌.. പിന്നെ ശാസ്ത്രം എന്ന പേരിട്ടാല്‍ അതൊക്കെ സത്യമാണെന്ന മിഥ്യാ ധാരണയും ചിലര്‍ക്കൊക്കെ.. ഇന്നലെ ശാസ്ത്രം ശരിയെന്നു പറഞ്ഞിരുന്ന പലതും ഇന്നിന്റെ കണ്ടുപിടിത്തങ്ങളില്‍ ശുദ്ധ അസംബന്ധങ്ങളായി പരിണമിക്കുന്നു.. ഇന്നിന്റെ ശരി നാളെയുടെ പുരോഗതിയില്‍ വീണ്ടും മാറി വന്നേക്കാം.. അതിനെല്ലാമുപരി സത്യങ്ങള്‍ അതിനൊക്കെയപ്പുറത്ത്‌ കോട്ടം തട്ടാതെ നിലനില്‍ക്കുന്നു..
    സമയവും സൌകര്യവും ഉള്ളപ്പോള്‍ സര്‍ഫ്‌ ചെയ്യുക www.harunyahya.com ഒരു മുതല്‍ കൂട്ടാവുമെന്നതില്‍ സംശയമില്ല

    ReplyDelete
  5. I do accept the fact that the news was crap... but not with this comment you made in your blog....
    ജലസാന്നിധ്യവും ഇല്ല- ധ്രുവങ്ങളിലെ ഹിമപാളിയല്ലാതെ. അന്തരീക്ഷം തീര്‍ത്തും നേര്‍ത്തതാണ്. ഉള്ളതിലാകട്ടെ നൈട്രജനും കാര്‍ബണ്‍ ഡയോക്സൈഡുമാണ് കൂടുതലും. ഓക്സിജന്‍ നന്നേ കുറവ്. അപ്പോള്‍ ആ സ്ത്രീരൂപത്തിനു ശ്വസിക്കണ്ടേ? ഭക്ഷണം വേണ്ടേ? വെള്ളം കുടിക്കണ്ടേ?

    Since life originated in an carbonic environment in earth, does it mean that it that life can ONLY evolve in an carbonic environment?.....life according to me is a self-replicating mechanism which has the capability to evolve, such a mechanism can be carbonic or not, it may assimilate carbonic foods, it may drink alcohol instead of water...

    ReplyDelete
  6. പ്രിയ
    മൂര്‍ത്തി,
    thalayan,
    പ്രതികരിച്ചതില്‍ സന്തോഷം.

    ReplyDelete
  7. പ്രിയ സൂരജ്
    പ്രതികരിച്ചതിന് നന്ദി,ലിങ്കുകള്‍ക്കും.

    നമ്മുടെ പത്രങ്ങള്‍ ശാസ്ത്ര പ്രചരണത്തിനു എത്ര
    സ്ഥലം നീക്കി വെക്കുന്നു എന്ന് ചര്‍ച്ച ചെയ്യപെടേണ്ട്താണ്.

    ഇമ്മാതിരി പ്രചരണങ്ങള്‍ക്ക് എത്ര സ്ഥലം നീക്കി വെക്കുവാനും‍ ഒരു പിശുക്കുമില്ല താനും

    ReplyDelete
  8. നമ്മുടെ പത്രങ്ങള്‍ ശാസ്ത്ര പ്രചരണത്തിനു എത്ര
    സ്ഥലം നീക്കി വെക്കുന്നു എന്ന് ചര്‍ച്ച ചെയ്യപെടേണ്ട്താണ് എന്നു മാത്രമല്ല എത്രമാത്രം വിഡിത്തരങ്ങള്‍ വിളമ്പുന്നു എന്നതു കൂടിയാണു

    ReplyDelete
  9. അന്ധവിശ്വാസങ്ങളും കൌതുകവാര്‍ത്തകളും വിറ്റു കമ്മീഷന്‍ പറ്റുന്നതില്‍ മാത്രം താല്‍പ്പര്യമുള്ള നമ്മുടെ പത്രങ്ങളും മറ്റു മാധ്യമങ്ങളും ഇതൊക്കെ എത്ര കാലമായി തുടര്‍ന്നു വരുന്നു. ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയുമൊക്കെ ആര്‍ക്കു വേണം !

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.