Friday, 20 June 2008

വിവാദങ്ങളുടെ സാമൂഹ്യപാഠം.

ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തെകുറിച്ച് വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുകയാണല്ലൊ.
ഇതാ ദേശാഭിമാനിയിലെ പ്രസ്ക്തമായൊരു ലേഖനം.


മനുഷ്യത്വം വിളയുന്ന പാഠങ്ങള്‍
ടി കെ നാരായണദാസ്
പാ ഠപുസ്തകങ്ങള്‍ പുറത്തുവന്നു. വിവാദ ങ്ങളും. രാഷ്ട്രീയനേതാക്കളും മാധ്യമപ്രവര്‍ത്തകരും പാഠപുസ്തകങ്ങളെ വിശകലനം ചെയ്യുന്നത് തികച്ചും അഭിലഷണീയമായ കാര്യമാണ്. എന്നാല്‍, പാഠപുസ്തകങ്ങളിലെ ചില പ്രയോഗങ്ങളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി 'ഇതാ നിരീശ്വരവാദം പഠിപ്പിക്കുന്നു, ഇതാ കമ്യൂണിസം പഠിപ്പിക്കുന്നു' എന്നെല്ലാം പ്രചരിപ്പിച്ച് അങ്കലാപ്പുണ്ടാക്കുന്നത് ദുരുദ്ദേശ്യപരമാണ്. കമ്യൂണിസം പഠിപ്പിക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനും പാഠപുസ്തകങ്ങളെ പ്രയോജനപ്പെടുത്താമെന്ന ചിന്ത മറ്റാര് വച്ചുപുലര്‍ത്തിയാലും കമ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെയൊരു വ്യാമോഹമുണ്ടാകാനിടയില്ല. ഈ പശ്ചാത്തലത്തില്‍ ഏഴാംതരത്തിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഒരു വിചിന്തനം നടത്താനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. പ്രശ്നാധിഷ്ഠിത സമീപനം മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് പുലിവാലുപിടിക്കുന്നതെന്തിന്? ഇത്തരം മനോഭാവം നമുക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്. ഏഴാംക്ളാസിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തിലെ 'ഇനിയും മുന്നോട്ട്' എന്ന പാഠം തുടങ്ങുന്നത് മനുഷ്യത്വവിരുദ്ധമായ ഈ പ്രവണതയിലേക്ക് വെളിച്ചംവീശുന്ന കാര്‍ട്ടൂ വിശകലനമാണ്. കേരളീയസമൂഹം നേരിടുന്ന വര്‍ത്തമാനകാലപ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് അത് ഉല്‍പ്പാദിപ്പിക്കാനുള്ള അവസരമാണ് കുട്ടിക്ക് ലഭ്യമാവുന്നത്. സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പരിശ്രമമെന്ന നിലയിലാണ് കുട്ടിയുടെ അന്വേഷണം പുരോഗമിക്കുന്നത്. കേരളീയസമൂഹം നേരിടുന്ന പ്രശ്നങ്ങളെ എട്ടു പ്രശ്നമേഖലയായി ക്രമീകരിച്ചിരിക്കുന്നു: അഭ്യസ്തവിദ്യരില്‍ കായികാധ്വാനത്തോടുള്ള വൈമുഖ്യവും അനാദരവും; കാര്‍ഷികമേഖലയുടെ തളര്‍ച്ചയും പുതുതലമുറകള്‍ക്ക് കൃഷിയിലുള്ള താല്‍പ്പര്യക്കുറവും; ശരിയായ ആരോഗ്യാവബോധത്തിന്റെയും സാമൂഹ്യ ശുചിത്വത്തിന്റെയും അഭാവം; ശാസ്ത്രീയമായ ഭൂ-ജല മാനേജ്മെന്റിന്റെ അഭാവം; നഗരവല്‍ക്കരണ-വ്യവസായവല്‍ക്കരണപ്രക്രിയയില്‍ സുസ്ഥിരവികസനത്തില്‍ ഊന്നിക്കൊണ്ടുള്ള ആസൂത്രണത്തിന്റെ അഭാവം; സാംസ്കാരിക സവിശേഷതകളെക്കുറിച്ചും അതിന്റെ സംരക്ഷണവും അധിനിവേശപ്രതിരോധവും സംബന്ധിച്ച് ശരിയായ അവബോധത്തിന്റെ അഭാവം; എല്ലാതരത്തിലുമുള്ള വിഭാഗീയതകളെ മറികടക്കാന്‍ കഴിയുന്നവിധത്തില്‍ വളര്‍ന്നുവരേണ്ട വിശ്വമാനവസങ്കലനത്തിന്റെ അഭാവം തുടങ്ങിയവയാണ് അവ. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കുട്ടി എല്ലാ വിഷയവും പഠിക്കുന്നത്. ഓരോ ക്ളാസിലും അന്വേഷണമേഖലയുടെ ആഴവും പരപ്പും നിലവാരവും വ്യത്യാസപ്പെട്ടുവരികയും ചെയ്യുന്നു. മണ്ണിനെ പൊന്നാക്കാന്‍ അമ്പതുവര്‍ഷം മുമ്പുവരെ നിലനിന്നിരുന്ന ജന്മിത്വത്തിന്റെ ചവിട്ടടിയില്‍ ഞെരിഞ്ഞമര്‍ന്ന ജീവിതത്തിന്റെ ദൈന്യവും അതില്‍നിന്നു മോചനംനേടാന്‍ ഇവിടെ നടന്ന കര്‍ഷകസമരങ്ങളെയും ഓര്‍മപ്പെടുത്തുന്ന മണ്ണിനെ പൊന്നാക്കാം (സാമൂഹ്യശാസ്ത്രം ഏഴാംതരം) എന്ന പാഠം കാര്‍ഷികമേഖലയുടെ വര്‍ത്തമാനത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. നെല്‍പ്പാടങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നതായി സ്ഥിതിവിവരക്കണക്കുകളില്‍നിന്ന് കുട്ടി കണ്ടെത്തുന്നു. 87 ശതമാനം കൃഷിഭൂമിയും നാണ്യവിളകള്‍ക്കായി പ്രയോജനപ്പെടുത്തുന്ന കാര്യവും വ്യക്തമാവുന്നുണ്ട്. 'ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും' എന്ന സെമിനാറിനുള്ള തയ്യാറെടുപ്പും സെമിനാറും സെമിനാര്‍ റിപ്പോര്‍ട്ടു തയ്യാറാക്കലും കഴിയുമ്പോള്‍ കാര്‍ഷികമേഖലയുടെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടിക്ക് സാമാന്യധാരണ ആര്‍ജിക്കാന്‍ കഴിയുന്നു. ഭൂപരിഷ്കാരം കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ തിട്ടപ്പെടുത്താനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. മതമില്ലാത്ത ജീവന്‍ ജീവന്‍ എന്നത് ഒരു കുട്ടിയുടെ പേരാണ്. അവന്റെ അച്ഛന്‍ അന്‍വര്‍. അമ്മ ലക്ഷ്മീദേവി. സ്കൂള്‍ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ ജീവന്റെ മതമേതാണ് എന്ന് പ്രധാനാധ്യാപകന്‍ ചോദിച്ചപ്പോഴാണ് ജീവന് മതമില്ല എന്ന് അന്‍വര്‍ പറഞ്ഞത്. ഇതില്‍ അത്ഭുതത്തിന് അവകാശമില്ല. നമ്മുടെ നാട്ടില്‍ എത്രയോപേര്‍ ഇങ്ങനെ വ്യത്യസ്തമതക്കാര്‍ ദമ്പതികളായി സുഖമായി ജീവിച്ചുവരുന്നു. നമ്മുടെ ഭരണഘടന അതനുവദിക്കുന്നുണ്ട്. പ്രോത്സാഹനം നല്‍കുന്നുമുണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. ഒരു മതത്തിലും വിശ്വാസമില്ലെങ്കില്‍ അങ്ങനെയും ജീവിക്കാം. മതവിശ്വാസം ഒരു തരത്തിലുള്ള വിവേചനത്തിനും കാരണമാകില്ല. ഭരണഘടന അനുവദിക്കുന്ന ഈ മഹത്തായ സ്വാതന്ത്യ്രത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് സമാദരണീയനായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അഭിലാഷം. മരണാനന്തരം മതപരമായ ഒരു ചടങ്ങും നടത്താന്‍പാടില്ലെന്നു ശഠിക്കുന്ന നമ്മുടെ ഒന്നാംപ്രധാനമന്ത്രിയെ പാഠത്തില്‍ ഉദ്ധരിച്ചത് ഉചിതമായി. ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ മതാതീതമായ മനുഷ്യബന്ധങ്ങളെ പരിചയപ്പെടാന്‍ അവസരം നല്‍കുന്ന ഒരു ബോക്സും നല്‍കുന്നുണ്ട്, പാഠത്തില്‍. ഇതെല്ലാം മതനിഷേധമല്ലേ എന്ന് മൂക്കുവിറപ്പിക്കുന്ന ഒരാള്‍ പാഠത്തിലൂടെ മുഴുവന്‍ കടന്നുപോകാനുള്ള ക്ഷമകാണിച്ചാല്‍ തനിയെ ശാന്തനാകും. ഖുര്‍-ആനും ബൈബിളും മഹാഭാരതവും ഉദ്ധരിച്ച് മതങ്ങളുടെ മഹനീയാദര്‍ശങ്ങള്‍ കുട്ടികള്‍ക്കു പരിചയപ്പെടാന്‍ അവസരം നല്‍കുന്നു. മനുഷ്യനെ സ്നേഹിക്കാനാണ് എല്ലാ മതവും പഠിപ്പിച്ചത്. അന്യമതക്കാരനെ വെറുക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ മനുഷ്യന്റെ മാത്രമല്ല, മതത്തിന്റെതന്നെ ശത്രുക്കളാണെന്ന് ആര്‍ക്കും മനസ്സിലാക്കാം. വിശപ്പിനും ദാരിദ്യ്രത്തിനും തൊഴിലില്ലായ്മയ്ക്കും മതഭേദമില്ലെന്നും പ്രകൃതിദുരന്തങ്ങള്‍ മതവിശ്വാസമനുസരിച്ചല്ല മനുഷ്യനെ ബാധിക്കുന്നതെന്നും തിരിച്ചറിയാന്‍ അവസരം നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് വ്യക്തിഗതവായനയ്ക്കു നല്‍കേണ്ട രണ്ടു കുറിപ്പ് അധ്യാപകസഹായിയില്‍ നല്‍കുന്നുണ്ട്. 'ദേശീയ സ്വാതന്ത്യ്രസമരം കുട്ടികള്‍ക്ക്' എന്ന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍നിന്നാണ് ഒന്ന് - ഇന്ത്യന്‍ സ്വാതന്ത്യ്രത്തെ രക്തപങ്കിലമാക്കിയ വര്‍ഗീയകലാപത്തിന്റെ ചിത്രണം. ടൈംസ് ഓഫ് ഇന്ത്യയില്‍ 2002 ഏപ്രില്‍ 16 ന് പ്രസിദ്ധീകരിച്ച നരോദ - പാട്യാലയിലെ വര്‍ഗീയകലാപത്തിനിടയില്‍ "ഹിന്ദുഭവനത്തില്‍ ജീവന്‍ കാത്ത മുസ്ളിംകുടുംബ''ത്തിന്റെ കഥയാണ് രണ്ടാമത്തേത്. ഇതിനെല്ലാമൊടുവില്‍ 'നന്മയുടെ നാളുകള്‍' എന്നൊരു കുറിപ്പ് ഓരോ കുട്ടിയും തയ്യാറാക്കണം. വര്‍ഗീയകലാപത്തില്‍പ്പെട്ട് നാടുവിടേണ്ടിവരുന്ന ഒരു കുട്ടി വീട്ടില്‍ അഭയംതേടിയാല്‍ നിങ്ങളെങ്ങനെ പെരുമാറും? അതും അവന്റെ/അവളുടെ മതവിശ്വാസം ഭിന്നമാണെങ്കില്‍? പ്രശ്നവുമായി ബന്ധപ്പെട്ട അനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടി ഒരു പ്രശ്നസന്ദര്‍ഭത്തില്‍ ഇടപെടുകതന്നെയാണ് ഇവിടെ ചെയ്യുന്നത്. മതേതരത്വത്തെക്കുറിച്ചുള്ള ഒരായിരം ഉപദേശപ്രസംഗത്തേക്കാള്‍ കരുത്തുണ്ട് ഈ പ്രവര്‍ത്തനത്തിന്. ഒരു മതഭ്രാന്തനുപോലും ഇത് മതനിഷേധമാണെന്ന് സത്യസന്ധമായി പറയാന്‍ കഴിയില്ല. പുതിയ കുതിപ്പുകള്‍ക്കായി 'ഇനിയും മുന്നോട്ട്' എന്ന പാഠം സ്വാതന്ത്യ്രസമരചരിത്രത്തിലേക്കാണ് കുട്ടികളെ ആനയിക്കുന്നത്. പീര്‍മുഹമ്മദിന്റെയും ഭഗത്സിങ്ങിന്റെയും രക്തസാക്ഷിത്വവും ശാന്തിഘോഷ്, സുനിതാചൌധരി എന്നീ പെകുട്ടികളുടെ ധീരസാഹസികത്വവും ജാലിയാന്‍വാലാബാഗും മലബാര്‍ കലാപവും ഉപ്പുസത്യഗ്രഹവും ക്വിറ്റിന്ത്യാസമരവും സ്വാതന്ത്യ്രസമരത്തിന്റെ വിവിധ ധാരകളെയാണ് പ്രതിനിധാനംചെയ്യുന്നത്. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ സംഭവങ്ങളുടെയും വ്യക്തികളുടെയും കണക്കെടുപ്പ് നടത്തി സ്വാതന്ത്യ്രസമരത്തിന്റെ സമഗ്രചരിത്രവുമായി തട്ടിച്ചുനോക്കി വിമര്‍ശിക്കാന്‍ തുനിഞ്ഞാല്‍അതിന് അന്ത്യമുണ്ടാകില്ല. കേളപ്പനെയും എ കെ ജിയെയും വിട്ടുകളഞ്ഞു എന്നൊരാള്‍ക്കു പരാതിപ്പെടാം. അബ്ദുള്‍കലാം ആസാദിനെ പരാമര്‍ശിക്കാത്തത് കടുത്ത വിവേചനമാണെന്ന് ആരോപിക്കാം. എന്നാല്‍, കുട്ടി പഠിക്കുന്ന സ്വാതന്ത്യ്രസമരചരിത്രം ഇതുമാത്രമാണോ? മറ്റു ക്ളാസുകളിലൊന്നും സ്വാതന്ത്യ്രസമരത്തെക്കുറിച്ച് ഒന്നും പഠിക്കുന്നില്ലേ? മാത്രമല്ല, ഈ പാഠംതന്നെ സ്വാതന്ത്യ്രസമരചരിത്രത്തിലേക്കുള്ള കുട്ടിയുടെ അന്വേഷണത്തിന് വഴിതുറക്കുകയല്ലേ ചെയ്യുന്നത്? ഏഴാംതരത്തിലെ പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്നതുമാത്രമാണ് കുട്ടി പഠിക്കുന്നതെന്ന പഴയ പഠനസങ്കല്‍പ്പത്തിന്റെ ഉല്‍പ്പന്നമാണ് നേരത്തെ ചൂണ്ടിക്കാട്ടിയ ദിശയിലുള്ള വിമര്‍ശനം. സ്വാതന്ത്യ്രസമരത്തിന്റെ ത്യാഗോജ്വലപോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാലപ്രശ്നങ്ങളെ കുട്ടി അഭിമുഖീകരിക്കുന്നു. ഇനിയും മറികടക്കേണ്ട പ്രശ്നങ്ങളും പൊരുതിതോല്‍പ്പിക്കേണ്ട അനീതികളുമുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു. നമ്മുടെ സ്വാതന്ത്യ്രസമര പൈതൃകം മുന്നോട്ടുകൊണ്ടുപോകാന്‍ ഇങ്ങനെ മാത്രമേ നമുക്കു കഴിയൂ. ഇനിയും നടക്കേണ്ട പോരാട്ടങ്ങളിലേക്ക് ഉപനയിക്കപ്പെടാനല്ലെങ്കില്‍ പിന്നെന്തിനാണ് സ്വാതന്ത്യ്രസമരചരിത്രം കുട്ടി പഠിക്കുന്നത്? ഇതൊക്കെയാണോ കമ്യൂണിസം? പുറത്തുവന്ന പാഠപുസ്തകത്തിലെ "വെള്ളത്തെ പിടിച്ചുകെട്ടാം'', "നദികള്‍ നാടിന്‍ സമ്പത്ത്'' എന്നീ രണ്ടുപാഠവും പ്രകൃതിയെ ആദരിച്ചും സ്നേഹിച്ചും കരുതലോടെ ജീവിക്കാന്‍ പ്രേരണ നല്‍കുന്നവയാണ്. ഭൂ-ജല മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാസ്ത്രീയമായ ധാരണയുടെ അഭാവം എന്ന പ്രശ്നമേഖലയുമായി ബന്ധപ്പെട്ട ഈ രണ്ടുപാഠവും കേരളത്തിന്റെ വര്‍ത്തമാനകാല പ്രശ്നങ്ങളിലുള്ള ഇടപെടലായി വികസിക്കുന്നുണ്ട്. പാഠപുസ്തകത്തോടൊപ്പം അധ്യാപകസഹായിയും വായിച്ചുനോക്കാനുള്ള അവധാനത വിമര്‍ശകരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. പാഠപുസ്തകം കുട്ടിയുടെ പഠനസാമഗ്രികളില്‍ ഒന്നുമാത്രമാണ്. പഴയകാലത്തെപ്പോലെ അറിവിന്റെ അവസാന വാക്കല്ല. അധ്യാപകപരിശീലനം, ക്ളസ്റ്റര്‍ പ്ളാനിങ് തുടങ്ങി അനേകം സന്ദര്‍ഭങ്ങളിലൂടെ ഓരോ പാഠത്തിന്റെയും വികാസ സാധ്യതകൂടി പരിഗണിക്കേണ്ടതുണ്ട്. മനുഷ്യത്വമെന്നാല്‍ കമ്യൂണിസമോ? കുട്ടികളെ നല്ല മനുഷ്യരായി വളരാന്‍ സഹായിക്കുന്ന അനേകം പഠനസന്ദര്‍ഭങ്ങളാണ് പാഠ്യപദ്ധതിയില്‍ ഒരുക്കിയിരിക്കുന്നത്. സഹജീവികളോടു കാരുണ്യവും അവരുടെ പ്രശ്നങ്ങളില്‍ താല്‍പ്പര്യമുളവാക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളുമുണ്ട്. വര്‍ഗീയകലാപങ്ങള്‍ക്കെതിരെ ചിന്തിക്കാനും മതങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനവും മതവിശ്വാസികള്‍ക്കിടയില്‍ ഐക്യവും വേണമെന്ന് ആഗ്രഹിക്കാനും പാഠങ്ങള്‍ പ്രേരണനല്‍കുന്നുണ്ട്. സ്വാതന്ത്യ്രസമരത്തിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകണമെന്ന് ആ പാഠത്തിലൂടെ കടന്നുപോകുന്ന ഒരു കുട്ടിക്ക് തോന്നലുണ്ടാകുന്നു. പ്രകൃതിയെ മാനിക്കാനും സ്നേഹിക്കാനും പരിരക്ഷിക്കാനും തനിക്ക് കടമയുണ്ടെന്ന് കുട്ടി തിരിച്ചറിയുന്നു. ഇന്നത്തെ ലോകത്ത് തന്റേടവും അലിവുമുള്ള നല്ല മനുഷ്യരായി വളരണം പുതിയ തലമുറകള്‍ എന്ന ചിന്തയാണ് പാഠപുസ്തകത്തിലെ ഓരോ വരിയും പ്രകടമാക്കുന്നത്. ഏഴാംതരത്തിലെ സാമൂഹ്യപാഠപുസ്തകം കമ്യൂണിസമാണ് പഠിപ്പിക്കുന്നത് എന്ന് മുറവിളികൂട്ടുന്നവര്‍ മനുഷ്യത്വമെന്നാല്‍ കമ്യൂണിസമാണ് എന്ന് അംഗീകരിക്കുകയാണ് ചെയ്യുന്നത്. സഹജീവികളോട് അലിവും രാജ്യസ്നേഹവും പ്രകൃതിയോട് ആദരവുമുണ്ടായാല്‍ കമ്യൂണിസ്റ്റാവുമെന്ന് ഈ വിമര്‍ശകന്‍ സമ്മതിക്കുന്നുവോ? അതിലപ്പുറം മറ്റെന്തു കമ്യൂണിസമാണ് ഈ പുസ്തകത്തിലുള്ളത്? ഇത്തരം മാനുഷികഭാവങ്ങള്‍ കുട്ടികളില്‍ വളരണമെന്ന് കേരളത്തിലെ മറ്റൊരു പ്രസ്ഥാനവും ആഗ്രഹിക്കുന്നില്ലേ?


കടപ്പാട്- ദേശാഭിമാനി

4 comments:

  1. മതമില്ലാത്ത ജീവന്‍ ജീവന്‍ എന്നത് ഒരു കുട്ടിയുടെ പേരാണ്. അവന്റെ അച്ഛന്‍ അന്‍വര്‍. അമ്മ ലക്ഷ്മീദേവി. സ്കൂള്‍ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ ജീവന്റെ മതമേതാണ് എന്ന് പ്രധാനാധ്യാപകന്‍ ചോദിച്ചപ്പോഴാണ് ജീവന് മതമില്ല എന്ന് അന്‍വര്‍ പറഞ്ഞത്. ഇതില്‍ അത്ഭുതത്തിന് അവകാശമില്ല. നമ്മുടെ നാട്ടില്‍ എത്രയോപേര്‍ ഇങ്ങനെ വ്യത്യസ്തമതക്കാര്‍ ദമ്പതികളായി സുഖമായി ജീവിച്ചുവരുന്നു. നമ്മുടെ ഭരണഘടന അതനുവദിക്കുന്നുണ്ട്. പ്രോത്സാഹനം നല്‍കുന്നുമുണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. ഒരു മതത്തിലും വിശ്വാസമില്ലെങ്കില്‍ അങ്ങനെയും ജീവിക്കാം. മതവിശ്വാസം ഒരു തരത്തിലുള്ള വിവേചനത്തിനും കാരണമാകില്ല. ഭരണഘടന അനുവദിക്കുന്ന ഈ മഹത്തായ സ്വാതന്ത്യ്രത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് സമാദരണീയനായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അഭിലാഷം. മരണാനന്തരം മതപരമായ ഒരു ചടങ്ങും നടത്താന്‍പാടില്ലെന്നു ശഠിക്കുന്ന നമ്മുടെ ഒന്നാംപ്രധാനമന്ത്രിയെ പാഠത്തില്‍ ഉദ്ധരിച്ചത്

    ReplyDelete
  2. പാഠപുസ്തകം വായിക്കാതെ ചില വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയപ്പോള്‍ സര്‍ക്കാരിനെ അടിക്കുവാനുള്ള വടിയായി കാത്തലിക് സഭ കാണുകയും അവര്‍ അത് ദീപികയിലൂടെ പ്രചരണം നടത്തുകയും ചെയ്തു....
    ക്ലച്ച് പിടിക്കാതെയിരിക്കുമ്പോഴാണ് ഉടനെ ഇലക്ഷന്‍ ഉണ്ടാകുമെന്ന് ഒരു സംശയം.. മറ്റൊന്നും ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ്സ് ഇതില്‍ തന്നെ അങ്ങ് ഞാന്നു... കൂട്ടിന് സഭാ പത്രവും...
    എന്തായാലും പാഠപുസ്തകത്തില്‍ നിന്ന് തന്നെ വരികള്‍ എടുത്ത് വിവരിച്ചു തന്നതിന് പ്രത്യേക നന്ദി... ഇത് പോലെ ആരിടും എന്ന് നോക്കിയിരിക്കുകയായിരുന്നു...
    അല്ലെങ്കിലും പാഠപുസ്തകം വായിക്കുന്നതോടെ ഈ എതിര്‍പ്പ് കാരുടെ തനി നിറം നാട്ടുകാര്‍ അറിയും....

    ReplyDelete
  3. സുകുമാര്‍ അഴീക്കോടിനെ അനുകരിച്ച മിമിക്രിക്കാരന്‍റ്റെ വാക്കുകള്‍.......
    “ ഞാനവനോട് ചോദിച്ചു താനെന്തിനാണ് ഈ കല്യാണ വീട്ടില്‍ നിന്ന് ബഹളം കൂട്ടുന്നതെന്ന് അപ്പോള്‍ അവന്‍ പറഞ്ഞു മറ്റൊന്നും കൂട്ടാനില്ലാത്തതു കൊണ്ടാണെന്ന്”

    ഇത്രേയുള്ളൂ ഇതിനെ ചൊല്ലിയുള്ള വിവാദവും, മതങ്ങള്‍ക്കും ജാതികള്‍ക്കും ഉപരിയായി മനുഷ്യന്‍ എന്ന ചിന്താഗതി കുഞ്ഞുന്നാളിലേ ഉടലീടുക്കണം അതുകൊണ്ട് ഈ പാഠഭാഗം മൂന്നിലോ നാലിലോ തന്നെ പഠിപ്പിക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. പിന്നെ സഭകളും, മഹല്ലുകളും നടത്തുന്ന സമരത്തെ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് എതിര്‍ക്കുന്നതെന്തിനാണ് ?

    മുന്‍പൊരു സുഹ്ര്ത്തു പറഞ്ഞ പോലെ ഇതൊന്നും ആശയസമരമല്ല, ആമാശയ സമരമാണ്

    ഈ പോസ്റ്റ് ഇട്ടതിന് നന്ദി

    അബിവാദ്യങ്ങളോടെ.......

    ReplyDelete
  4. www.anweshanam.com

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.