Wednesday, 16 July 2008

'മതമില്ലാത്ത ജീവന്‍' 'മതസ്വാതന്ത്ര്യ'മാകും


തിരുവനന്തപുരം: ഏഴാംക്ലാസ്‌ സാമൂഹ്യപാഠത്തിലെ വിവാദമായ 'മതമില്ലാത്ത ജീവന്‍' എന്ന പാഠം 'മതസ്വാതന്ത്ര്യം' എന്ന ശീര്‍ഷകത്തോടെ പരിഷ്‌കരിക്കാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. മതനിഷേധമാണ്‌ ഈ പാഠത്തിലൂടെ കുട്ടികള്‍ക്ക്‌ പകര്‍ന്നുകിട്ടുകയെന്ന വ്യാഖ്യാനം ഒഴിവാക്കി പകരം മതസ്വാതന്ത്ര്യവും മതസൗഹാര്‍ദ്ദവുമാണ്‌ ഇന്ത്യയുടെ അടിസ്ഥാനം എന്ന്‌ പാഠത്തിലൂടെ മനസ്സിലാക്കും വിധമാണ്‌ ഈ ഭാഗം പുതുക്കുന്നത്‌. വിദഗ്‌ദ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ രൂപരേഖയിലാണ്‌ ഇക്കാര്യമുള്ളത്‌.

മുസ്‌ലിമായ അച്ഛനും ഹിന്ദുവായ അമ്മയുമാണ്‌ ജീവനുള്ളത്‌ എന്ന ഭാഗം ഒഴിവാക്കും. പകരം അച്ഛനമ്മമാര്‍ മിശ്രവിവാഹിതരാണെന്ന പരാമര്‍ശമേ പാഠത്തിലുണ്ടാകൂ. ജീവന്റെ പേരിനും മാറ്റമുണ്ടാകും. ജീവന്‍ എന്നതിന്‌ ഒരാളുടെ പേരിനപ്പുറം മനുഷ്യജീവന്‍ എന്ന ധ്വനികൂടിയുള്ളതിനാലാണ്‌ പേര്‌ മാറ്റുക. അതേസമയം മിശ്രവിവാഹിതരുടെ മകനെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുചെല്ലുന്ന ഇതിവൃത്തം മാറ്റുന്നില്ല. 'മതം വേണ്ട', പ്രായമാകുമ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുത്തുകൊള്ളട്ടെ' എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി ഏത്‌ മതത്തില്‍ വിശ്വസിച്ചാലും മതസൗഹാര്‍ദ്ദമാണ്‌ വേണ്ടതെന്ന സന്ദേശം സംഭാഷണങ്ങളിലൂടെ ഓര്‍മ്മപ്പെടുത്തും. ഒപ്പം ഭരണഘടനയില്‍ മതസ്വാതന്ത്ര്യത്തിന്‌ നല്‍കുന്ന ഉറപ്പ്‌ പരാമര്‍ശിച്ചായിരിക്കും പാഠഭാഗം പുതുക്കുക.

തുടര്‍ന്ന്‌ വില്‍പ്പത്രത്തില്‍ ഒരു വിധത്തിലുള്ള മതാചാരങ്ങളോടെയുമല്ല എന്റെ ശവസംസ്‌കാരം നടത്തേണ്ടതെന്ന്‌ നെ'ുവിന്റെ ഉദ്ധരണി ഒഴിവാക്കി മതസൗഹാര്‍ത്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കുറിപ്പ്‌ ഉള്‍പ്പെടുത്തും. ആന്‍ഡമാന്‍ ദ്വീപില്‍ ഒരു വീട്ടില്‍നിന്നുള്ള നാല്‌ മക്കളും നാല്‌ ജാതിയില്‍പ്പെട്ടവരെ വിവാഹം കഴിച്ചുവെന്ന ഭാഗവും ഒഴിവാക്കുന്നതില്‍ ഉള്‍പ്പെടും. ഉത്തരേന്ത്യയില്‍ ദളിതരെ ചുട്ടുകൊന്ന സംഭവം പൂര്‍ണമായി ഒഴിവാക്കില്ല. എന്നാല്‍ അതിന്റെ സാഹചര്യവും മറ്റും ചേര്‍ത്ത്‌ വിപുലമാക്കും.

1924-ലെ അഡ്‌മിഷന്‍ രജിസ്റ്റര്‍ ചേര്‍ത്തതിനൊപ്പം സമീപകാലത്ത്‌ ഒരു സ്‌കൂളിലുള്ള രജിസ്റ്ററിന്റെ പകര്‍പ്പും നല്‍കും. സാമൂഹ്യ സാഹചര്യങ്ങളില്‍ വന്ന മാറ്റം ഇതിലൂടെ വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെടുത്തും.

അധിക വായനയ്‌ക്ക്‌ നിര്‍ദ്ദേശിച്ചിരിക്കുന്ന പുസ്‌തകങ്ങളുടെ എണ്ണം കൂട്ടും. ഇതില്‍ മാര്‍ക്‌സിസ്റ്റ്‌ അനുഭാവികളുടെ പുസ്‌തകമേ ഉണ്ടായിരുന്നുള്ളൂ എന്ന ആക്ഷേപം കണക്കിലെടുത്താണ്‌ മറ്റ്‌ പുസ്‌തകങ്ങള്‍കൂടി ഉള്‍പ്പെടുത്തുക.

തുടര്‍ന്ന് വായിക്കുക...
'മതമില്ലാത്ത ജീവന്‍' 'മതസ്വാതന്ത്ര്യ'മാകും

കടപ്പാട്- മാതൃഭൂമി വാര്‍ത്ത.

2 comments:

 1. മതമില്ലാത്ത ജീവന്‍റെ ജീവന്‍ പോകും എന്നു ചുരുക്കം.

  ജീവനില്ലാത്ത മതങ്ങള്‍
  മതമില്ലാത്ത ജീവനെ പിച്ചിച്ചീന്തുന്നു...

  ReplyDelete
 2. സര്‍ക്കാര്‍ മതമേലദ്ധ്യക്ഷന്‍‌മാര്‍ക്ക് കീഴടങ്ങും.....
  ആറാം ക്ലാസ് പുസ്തകത്തിലെ തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമോ?
  ഇത് വായിക്കൂ http://www.chaanakyan.blogspot.com/

  ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.