Friday 11 July 2008

പാഠ്യപദ്ധതിയുടെ രാഷ്ട്രീയം


എം.എ. ബേബി വിദ്യാഭ്യാസമന്ത്രി

ഒ രു രാഷ്ട്രത്തിന്റെ ആവശ്യങ്ങളില്‍ നിന്ന്‌ അറുത്തുമാറ്റിയ പാഠ്യപദ്ധതി ചിന്തനീയമല്ല. ആ അര്‍ഥത്തിലും ഗൗരവത്തിലും ആഴത്തിലും വേണം പാഠ്യപദ്ധതിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍. രാഷ്ട്രീയമുക്തമായ പാഠ്യപദ്ധതി എന്നൊന്ന്‌ അസാധ്യമാണ്‌. അതുകൊണ്ടാണ്‌ ഓരോ രാഷ്ട്രവും വ്യത്യസ്‌തമായ പാഠ്യപദ്ധതി രൂപവത്‌കരിക്കുന്നത്‌.
പാഠ്യപദ്ധതി ചര്‍ച്ച ചെയ്യുമ്പോള്‍ ഇതിന്റെ സാമൂഹിക വശം മാത്രമല്ല, ബോധനശാസ്‌ത്രപരമായ വശം കൂടി പരിഗണിക്കേണ്ടിവരും. അങ്ങനെ പരിഗണിക്കുമ്പോഴാണ്‌ ജ്ഞാനനിര്‍മിതിവാദവും സാമൂഹിക ജ്ഞാനനിര്‍മിതിവാദവും ഒക്കെ ചര്‍ച്ച ചെയ്യേണ്ടിവരുന്നത്‌. കുട്ടി അറിവാര്‍ജിക്കുന്ന പ്രക്രിയ, അതിനുള്ള ഉപാധികള്‍ എന്നിവ സാര്‍വലൗകികമാണ്‌.
പ്രശ്‌ന സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം വളര്‍ത്തുകയെന്നത്‌ വിദ്യാഭ്യാസപദ്ധതിയുടെ പരമപ്രധാനമായ ലക്ഷ്യങ്ങളില്‍ ഒന്നാണ്‌. അതുകൊണ്ടുതന്നെ പ്രശ്‌നാധിഷ്‌ഠിത പഠനം ഇന്ന്‌ ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരു പഠന രീതിയാണ്‌. ഈ പഠനരീതിയാണ്‌ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ -2005ഉം അതിനനുപൂരകമായി നാം വികസിപ്പിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ -2007ഉം മുന്നോട്ട്‌വെക്കുന്നത്‌. ഈ കാഴ്‌ചപ്പാട്‌ ഇപ്പോള്‍ വികസിപ്പിക്കുന്ന പാഠപുസ്‌തകങ്ങളില്‍ പ്രകടമാണ്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സ്‌കൂള്‍ സിലബസ്‌ ഗ്രിഡ്‌ തയ്യാറാക്കുമ്പോള്‍ കൃഷിയടക്കമുള്ള എട്ട്‌ പ്രശ്‌നമേഖലകള്‍ തിരഞ്ഞെടുത്തിട്ടുള്ളത്‌.
എന്താണ്‌ തിരഞ്ഞെടുത്ത പ്രശ്‌നമേഖലകള്‍ എന്നു നോക്കാം. ശാസ്‌ത്രീയമായ സ്ഥല -ജല മാനേജ്‌മെന്റിന്റെ അഭാവം, കൃഷിയെ ഒരു ജീവിത സംസ്‌കാരമായി കാണാത്ത അവസ്ഥ, വിശ്വമാനവന്‍ എന്ന കാഴ്‌ചപ്പാട്‌ രൂപപ്പെടാത്ത അവസ്ഥ, അധ്വാനശേഷി വികാസത്തിന്റെ അഭാവം, സാംസ്‌കാരിക തനിമയെയും അതിന്റെ സ്വതന്ത്രവികാസത്തെയും കുറിച്ച്‌ ധാരണയില്ലായ്‌മ, പാര്‍ശ്വവത്‌കരിക്കപ്പെടാവുന്നവരോടുള്ള പരിഗണനയില്ലായ്‌മ, പരിസര സൗഹാര്‍ദപരമായ വ്യവസായവത്‌കരണം, നഗരവത്‌കരണം എന്നിവയെക്കുറിച്ചുള്ള ധാരണക്കുറവ്‌, ശാസ്‌ത്രീയമായ ആരോഗ്യ - പൊതുജനാരോഗ്യ കാഴ്‌ചപ്പാടിന്റെ അഭാവം എന്നിവയാണ്‌. ഇവയെല്ലാം എങ്ങനെയാണ്‌ കമ്യൂണിസ്റ്റ്‌ ആശയങ്ങള്‍ കുട്ടികളിലേക്ക്‌ തന്ത്രപരമായി കയറ്റിവിടാന്‍ ഉപയോഗിക്കുന്നവയായിത്തീരുന്നത്‌? വിദ്യാഭ്യാസത്തിന്റെ സാമൂഹിക, രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച്‌ ധാരണയില്ലാത്തവര്‍ക്കേ ഇവയില്‍ രാഷ്ട്രീയം കാണാന്‍ കഴിയുകയുള്ളൂ.
നാലുമാസംകൊണ്ട്‌ തട്ടിക്കൂട്ടിയ രേഖയാണിതെന്ന്‌ രമേശ്‌ ചെന്നിത്തല ആരോപിക്കുന്നു. കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ ഏറെ പ്രാധാന്യത്തോടെ രേഖപ്പെടുത്തപ്പെടേണ്ട ഈ പാഠ്യപദ്ധതി രൂപവത്‌കരണ പ്രക്രിയയെക്കുറിച്ച്‌ ഉത്തരവാദിത്വപ്പെട്ടവര്‍ അജ്ഞരാകുന്നത്‌ അഭിലഷണീയമല്ല. എല്‍.ഡി.എഫ്‌., യു.ഡി.എഫ്‌. ഭരണകാലങ്ങളിലൂടെ പുരോഗമിച്ച പാഠ്യപദ്ധതി പരിഷ്‌കരണ പ്രക്രിയയെക്കുറിച്ചും ഏറ്റവുമൊടുവില്‍ കെ.സി.എഫുമായി ബന്ധപ്പെട്ട്‌ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമാന്യധാരണയുണ്ടാകുന്നത്‌ നല്ലതാണ്‌.
1997-ല്‍ കേരളത്തില്‍ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്‌കരണം ഏറെക്കുറെ 2007 വരെ നീണ്ടുനിന്നു. അതിനിടയില്‍ കേന്ദ്രത്തില്‍ ഭരണത്തിലെത്തിയ ബി.ജെ.പി. സര്‍ക്കാര്‍ എന്‍.സി.എഫ്‌-2000 പ്രസിദ്ധീകരിച്ചു.
ഈ പാഠ്യപദ്ധതി ചട്ടക്കൂട്‌ പൊളിച്ചെഴുതണമെന്നത്‌ പുരോഗമന, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ആവശ്യപ്പെട്ടതാണ്‌. ഈ ആവശ്യം പരിഗണിച്ചാണ്‌ 2004-ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന യു.പി.എ. സര്‍ക്കാര്‍ സാമാന്യം വിപുലമായ ഒരന്വേഷണത്തിലൂടെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ 2005-ന്‌ രൂപം നല്‍കിയത്‌. പ്രൊഫ. യശ്‌പാലിന്റെ നേതൃത്വത്തില്‍നടന്ന ആ പ്രക്രിയയ്‌ക്ക്‌ പശ്ചാത്തലം ഒരുക്കിയത്‌ എന്‍.സി.ഇ.ആര്‍.ടി.യാണ്‌. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ മുമ്പോട്ടുവെച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കൂടി കണക്കിലെടുത്ത്‌ നടപ്പാക്കുന്നതിന്‌ കേന്ദ്രമാനവശേഷി വികസന മന്ത്രാലയം നിര്‍ദേശിക്കുകയും പഠനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട പ്രാഥമിക ചെലവുകള്‍ നിര്‍വഹിക്കാമെന്ന്‌ ഏല്‍ക്കുകയും ചെയ്‌തു.

2006 ജൂലായ്‌ അവസാനത്തോടെ പാഠ്യപദ്ധതി പരിഷ്‌കരണ പരിപാടികളെക്കുറിച്ച്‌ ആലോചിക്കാന്‍ ഈ സര്‍ക്കാര്‍ എസ്‌.സി.ഇ.ആര്‍.ടി.ക്ക്‌ നിര്‍ദേശം നല്‍കി. ആഗസ്‌തില്‍ പ്രവര്‍ത്തന പദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കുകയും 2006 ഒക്ടോബര്‍ 18ന്‌ 31 അംഗങ്ങളുള്ള കോര്‍കമ്മിറ്റിയെ പാഠ്യപദ്ധതി സമീപനം രൂപവത്‌കരിക്കാന്‍ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്‌ പുറപ്പെടുവിക്കുകയും ചെയ്‌തു. പൊതുവിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനും എസ്‌.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ കണ്‍വീനറുമായ ഈ കോര്‍കമ്മിറ്റിയാണ്‌ 14 ഫോക്കസ്‌ ഗ്രൂപ്പുകള്‍ക്ക്‌ രൂപം നല്‍കിയത്‌.
കോര്‍കമ്മിറ്റിയും ഫോക്കസ്‌ ഗ്രൂപ്പുകളും മൂന്നുതവണ സംയുക്ത ശില്‌പശാലകള്‍ നടത്തിയശേഷമാണ്‌ സ്വതന്ത്രമായ അന്വേഷണങ്ങള്‍ ആരംഭിച്ചത്‌. ഒന്നരക്കൊല്ലത്തോളം നീണ്ടുനിന്ന ഒരു പ്രക്രിയയുടെ ഫലമായാണ്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌-2007 രൂപപ്പെട്ടത്‌.
കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ രൂപവത്‌കരണത്തിനായി നിയോഗിച്ച സമിതികളില്‍ വിവിധ ആശയഗതികള്‍ വെച്ചുപുലര്‍ത്തുന്ന സംഘടനാ നേതാക്കള്‍ ഉള്‍പ്പെട്ടിരുന്നു. ഒമ്പത്‌ അധ്യാപക സംഘടനകളില്‍ നാലെണ്ണം യു.ഡി.എഫ്‌. അനുഭാവമുള്ള സംഘടനകളാണ്‌. ഇവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ്‌ ഫോക്കസ്‌ ഗ്രൂപ്പ്‌ അംഗങ്ങളെ തിരഞ്ഞെടുത്തത്‌.
കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട്‌ പൊതുചര്‍ച്ചയ്‌ക്ക്‌ അവതരിപ്പിച്ചുകൊണ്ടുള്ള സംസ്ഥാനതല സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തത്‌ പ്രതിപക്ഷ നേതാവാണ്‌. യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌. ഭേദമില്ലാതെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.
2007 നവംബര്‍ മുതല്‍ 2008 ഫിബ്രവരി/മാര്‍ച്ചുവരെ തുടര്‍ച്ചയായി നടത്തിയ ശില്‌പശാലകളിലൂടെയാണ്‌ 1, 3, 5, 7 ക്ലാസ്സുകളിലെ പാഠപുസ്‌തകങ്ങള്‍ രൂപപ്പെടുത്തിയത്‌. 2008 ഫിബ്രവരി 25നു നടന്ന കരിക്കുലം കമ്മിറ്റി യോഗം പാഠപുസ്‌തകങ്ങളുടെ ഒന്നാംഭാഗവും ജൂണ്‍ അഞ്ചിന്‌ രണ്ടാം ഭാഗവും അംഗീകരിച്ചു.
പാഠപുസ്‌തകം, അധ്യാപകസഹായി എന്നിവയുടെ രചനയില്‍ പങ്കെടുത്തവര്‍ ബഹുഭൂരിപക്ഷവും സ്‌കൂള്‍ അധ്യാപകരാണ്‌. അവരുടെ പ്രവര്‍ത്തനപരിചയവും അനുഭവങ്ങളും പാഠപുസ്‌തകരചനയില്‍ പ്രയോജനപ്പെടുത്താന്‍ അവസരം നല്‍കി. മുന്‍കാലങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം പങ്കെടുത്തിരുന്നവര്‍ തന്നെ ഇപ്പോഴും തുടരുന്നു. പാഠപുസ്‌തക രചനയ്‌ക്കായി നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തവരെയും ഇതില്‍ ഉള്‍പ്പെടുത്തി. അധ്യാപക സംഘടനകള്‍ നിര്‍ദേശിച്ചവരെയും ഒഴിവാക്കിയിരുന്നില്ല. ബോധപൂര്‍വം രാഷ്ട്രീയമായ ഒരു തിരഞ്ഞെടുപ്പ്‌ ഇക്കാര്യത്തില്‍ നടത്തിയെന്നു വാദിക്കുന്നത്‌ അടിസ്ഥാനരഹിതമാണ്‌.
പാഠപുസ്‌തകങ്ങളിലെ ഉള്ളടക്കം, അവതരണരീതി എന്നിവയെ സംബന്ധിച്ച്‌ അഭിപ്രായം പറയേണ്ടത്‌ പ്രധാനമായും വിദ്യാര്‍ഥികളും അധ്യാപകരുമാണ്‌. ഇതിനര്‍ഥം സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ അഭിപ്രായം പറഞ്ഞുകൂടാ എന്നല്ല. എന്‍.സി.ഇ.ആര്‍.ടി. തന്നെ പ്രഖ്യാപിച്ചിട്ടുള്ളതും വിദ്യാഭ്യാസശാസ്‌ത്രത്തില്‍ അടിവരയിട്ടു പറയുന്നതുമായ ഉള്ളടക്ക വിതരണക്രമത്തിന്റെ രീതിശാസ്‌ത്രമാണ്‌ കേരളത്തിലെ പാഠ്യപദ്ധതി പിന്തുടര്‍ന്നിട്ടുള്ളത്‌. അറിയുന്നതില്‍നിന്ന്‌ അറിയാത്തതിലേക്ക്‌, സമീപസ്ഥമായതില്‍നിന്ന്‌ വിദൂരസ്ഥമായതിലേക്ക്‌, പ്രാദേശികതയില്‍നിന്ന്‌ ആഗോളത്തിലേക്ക്‌ എന്നിവ അനിഷേധ്യമായ വിദ്യാഭ്യാസതത്ത്വങ്ങളാണ്‌.
പാഠപുസ്‌തകത്തില്‍ വസ്‌തുതാപരമായ തെറ്റുകള്‍ കടന്നുകൂടാതിരിക്കാനാണ്‌ അതത്‌ വിഷയവിദഗ്‌ധരെ ഉള്‍പ്പെടുത്തി പരിശോധനകള്‍ നടത്തിയിട്ടുള്ളത്‌. ഇനിയും ഏതെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ അക്കാര്യം പരിശോധിക്കുകയും ആവശ്യമുണ്ടെങ്കില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നതാണ്‌.

പല പാഠങ്ങളെക്കുറിച്ചും വിമര്‍ശനം വന്നത്‌ സാമൂഹികശാസ്‌ത്ര പഠനത്തിന്റെ ഉദ്ദേശ്യം പരിഗണിക്കാത്തതുകൊണ്ടാണ്‌. അത്‌ ചിലപ്പോള്‍ ബോധപൂര്‍വമാകാം. ചില വസ്‌തുതകള്‍ മറച്ചുവെച്ചാലേ അന്ധമായ വിമര്‍ശനത്തിനു സൗകര്യം ലഭിക്കുകയുള്ളൂ. 'മണ്ണിനെ പൊന്നാക്കാന്‍' എന്ന അധ്യായത്തില്‍ കൃഷിയുടെ സാമൂഹിക പശ്ചാത്തലമാണ്‌ ചരിത്രം വിശകലനവിധേയമാക്കുന്നത്‌. കേരളത്തിലെ കാര്‍ഷികചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ഇവിടെ നില നിന്നിരുന്ന ജന്മി-കുടിയാന്‍ സമ്പ്രദായത്തിന്റെ തീക്ഷ്‌നത അവഗണിക്കാനാവില്ല. ഇത്‌ അവഗണിച്ചുകൊണ്ട്‌ ഒരു ചരിത്രപഠനവും സാധ്യവുമല്ല.
ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ നടന്ന ഏറ്റവും ബൃഹത്തായ നടപടിയാണ്‌ 1957-ലെ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമം. 1957-നുശേഷവും ഭൂനിയമത്തില്‍ സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. പക്ഷേ, ചരിത്രത്തിലെ ഏറ്റവും വലിയ സംഭവം എന്നനിലയ്‌ക്ക്‌ ഇ.എം.എസ്‌. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമനിര്‍മാണം എന്നും ചര്‍ച്ചചെയ്യപ്പെടും.
കേരളത്തില്‍ നടന്ന ജനമുന്നേറ്റങ്ങളും അവകാശ സമരങ്ങളും പാഠപുസ്‌തകത്തില്‍ പലഭാഗങ്ങളിലായി പ്രതിപാദിക്കുന്നുണ്ട്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമരങ്ങളും അക്കൂട്ടത്തിലുണ്ട്‌. എന്നാല്‍ പാര്‍ട്ടി ചരിത്രം പഠിപ്പിക്കാനോ പാര്‍ട്ടി ഭരണഘടന പരിചയപ്പെടുത്താനോ ഒന്നും ഒരു ശ്രമവും നടത്തിയിട്ടില്ല.
ചരിത്രപഠനത്തിന്റെ കാര്യത്തില്‍ വസ്‌തുതകള്‍ അടിച്ചേല്‌പിക്കുന്ന സമീപനമല്ല പാഠപുസ്‌തകത്തില്‍ സ്വീകരിച്ചിട്ടുള്ളത്‌. ചരിത്രത്തെയും സാമൂഹിക ചലനങ്ങളെയും വിമര്‍ശനാത്മകമായി സമീപിക്കാനാണ്‌ കുട്ടികളെ പ്രേരിപ്പിക്കുന്നത്‌. വിമര്‍ശനാത്മക സമീപനത്തിലൂടെ പഠിച്ചുവരുന്ന കുട്ടികള്‍ ജനദ്രോഹ പ്രവര്‍ത്തനങ്ങളെയും കാപട്യങ്ങളെയും ഭാവിയില്‍ ചോദ്യം ചെയ്യുകയും തിരിച്ചറിയുകയും ചെയ്യും.
മതമില്ലാത്തവരെല്ലാം കമ്യൂണിസ്റ്റുകളാണെന്ന കണ്ടെത്തല്‍ അത്ഭുതാവഹം തന്നെ. പാഠപുസ്‌തകം ഒന്നു മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ ഈ ആക്ഷേപം ഉന്നയിക്കുമായിരുന്നില്ല. നെ'ുവിന്റെ ഒസ്യത്തിലെ വാചകങ്ങള്‍ ഏത്‌ പശ്ചാത്തലത്തിലാണ്‌ വിവരിച്ചിരിക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ ശ്രമിക്കുമായിരുന്നു. സര്‍വമതങ്ങളും മനുഷ്യനന്മയാണ്‌ ലക്ഷ്യംവെക്കുന്നത്‌ എന്ന സന്ദേശം കുട്ടികളിലേക്ക്‌ എത്തിക്കാന്‍ വിഭാവനം ചെയ്‌ത ഒരു പാഠഭാഗത്തെ വികലമായി ചിത്രീകരിക്കുന്നതിന്റെ പിറകിലെ ഗൂഢലക്ഷ്യം കേരളീയര്‍ ഇതിനകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞു. സ്‌കൂള്‍ അഡ്‌മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പു നല്‍കി ചര്‍ച്ചയ്‌ക്ക്‌ പശ്ചാത്തലമൊരുക്കുന്ന പാഠഭാഗം ജാതിവിദ്വേഷം വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന വാദം ആരും അംഗീകരിക്കുമെന്ന്‌ തോന്നുന്നില്ല. ചരിത്രപഠനം എന്ന നിലയില്‍ ഒരു കാലഘട്ടത്തിലെ സത്യങ്ങള്‍, വസ്‌തുതകള്‍ കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തുന്നത്‌ എങ്ങനെ തെറ്റാകും?
'മതമില്ലാത്ത ജീവന്‍' എന്ന പാഠം മതനിഷേധമാണെന്ന്‌ പ്രചരിപ്പിക്കാനുള്ള ശ്രമം, ജനങ്ങള്‍ക്ക്‌ പാഠഭാഗം വായിക്കാന്‍ അവസരം ലഭിച്ചതോടെ പരാജയപ്പെട്ടതാണ്‌. നെ'ു നിരീശ്വരവാദിയാണെന്ന്‌ വെളിപ്പെടുന്നതോടെ മതങ്ങളെ ആരെങ്കിലും നിരോധിച്ചേക്കുമോ എന്ന ഭയവും വേണ്ട. മതനന്മകള്‍ തിരിച്ചറിയാന്‍ പാഠപുസ്‌തകത്തില്‍ അവസരമുണ്ട്‌. ഒരു പക്ഷേ, അതിലൂടെ മതങ്ങളുടെ പേരിലുള്ള തട്ടിപ്പുകള്‍ വിലപ്പോകാതെ വന്നേക്കാം. അങ്ങനെ ഭയപ്പെടുന്നവരെ രക്ഷിക്കാനുള്ള ചുമതല കെ.പി.സി.സി. പ്രസിഡന്റ്‌ ഏറ്റെടുക്കുമ്പോഴാണ്‌ ആശങ്ക വര്‍ധിക്കുന്നത്‌.
ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി തുടങ്ങിയവരെക്കുറിച്ച്‌ പ്രതിപാദിക്കുന്നില്ലെന്ന പരാതി ബാലിശമാണ്‌. ഉചിത സന്ദര്‍ഭങ്ങളില്‍ ഈ ആചാര്യന്മാരുടെയെല്ലാം നിറഞ്ഞ സാന്നിധ്യം ക്ലാസ്‌ മുറിയില്‍ ഉണ്ടാവും. ഒന്നാം ക്ലാസ്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ്‌വരെയുള്ള പാഠഭാഗങ്ങള്‍ നിരീക്ഷണവിധേയമാക്കിയാല്‍ മാത്രമേ എവിടെയെല്ലാം മാനവരാശിയെ മുന്നോട്ടുനയിക്കാന്‍ നേതൃത്വം നല്‍കിയ മഹാന്മാരെയും അവരുടെ കാഴ്‌ചപ്പാടുകളെയും പരിചയപ്പെടുത്തുന്നുവെന്ന്‌ മനസ്സിലാക്കാന്‍ കഴിയൂ. അഞ്ചാം ക്ലാസ്സിലെ 'വേര്‍തിരിവില്ലാത്ത ലോകം' എന്ന അധ്യായത്തില്‍ ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളി ഉള്‍പ്പെടെയുള്ളവരുടെയും ചിത്രവും വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
ഇല്ലാത്ത കാര്യങ്ങള്‍ പര്‍വതീകരിച്ച്‌ ഉണ്ടെന്നുവരുത്തി അത്‌ വിശദീകരിക്കാനുള്ള ശ്രമമാണ്‌ രമേശ്‌ ചെന്നിത്തല ലേഖനത്തിലുടനീളം അവലംബിച്ചിരിക്കുന്നത്‌. ദുര്‍ബലമായ വാദമുഖങ്ങള്‍ ഉയര്‍ത്തി ലോകമെമ്പാടും അംഗീകരിച്ച ഒരു പഠനരീതിയെ ആക്രമിക്കുന്നത്‌ ആരെ സഹായിക്കാനാണ്‌? പരാതികളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നാല്‍ അത്‌ പരിശോധിക്കാന്‍ വിദഗ്‌ദ്‌ധസമിതി രൂപവത്‌കരിക്കുക എന്നത്‌ ജനാധിപത്യരീതിയാണ്‌. അതുകൊണ്ടാണ്‌ ഡോ. കെ.എന്‍. പണിക്കര്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മിറ്റി രൂപവത്‌കരിച്ചത്‌. ഒരു കാര്യം വ്യക്തമാണ്‌. കഴിഞ്ഞ പത്തുവര്‍ഷങ്ങളായി നടക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഗുണഫലം അനുഭവിച്ചറിഞ്ഞ ബഹുഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം കുപ്രചാരണങ്ങള്‍കൊണ്ട്‌ കഴിയില്ലെന്ന്‌ ഓരോ ദിവസവും മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ വെളിപ്പെടുത്തുന്നു.

കടപ്പാട്-മാതൃഭൂമി

No comments:

Post a Comment

വായനക്കാരുടെ പ്രതികരണങ്ങള്‍.