Monday 3 December 2007

പ്രാദേശിക ചര്‍ച്ചയില്‍ അരലക്ഷം പേര് ‍പാഠ്യപദ്ധതിക്ക് ജീവസ്പര്‍ശം എതിര്‍പ്പുകള്‍ക്ക് ദ്രുതവാട്ടം

ക്ളാസ്മുറിയില്‍ മണ്ണിന്റെ മണമുള്ള പഠനം വേണമെന്ന് കര്‍ഷകത്തൊഴിലാളി ചാത്തന്‍. മത്സരാധിഷ്ഠിത ലോകത്തെ നേരിടാനുള്ള ആത്മവിശ്വാസം പകരുന്നതാകണം പാഠ്യപദ്ധതിയെന്ന് എന്‍ജിനിയര്‍ ഗോപകുമാര്‍. സഹജീവികളെ സ്നേഹിക്കാന്‍ പഠിപ്പിക്കാത്ത പഠനരീതി പരാജയമെന്ന് റിട്ട. അധ്യാപകന്‍ കൃഷ്ണന്‍നായര്‍. പഠനം ജീവിതഗന്ധിയും ഉപജീവനബദ്ധവുമാകണമെന്ന് വിദ്യാഭ്യാസപ്രവര്‍ത്തകര്‍. ഒരു മേശക്കു ചുറ്റുമിരുന്ന് കര്‍ഷകത്തൊഴിലാളിമുതല്‍ ശാസ്ത്രജ്ഞന്‍വരെ പുതിയ പഠനവും പഠനപ്രവര്‍ത്തനവും കരുപ്പിടിപ്പിക്കാന്‍ തങ്ങളുടെ സ്വപ്നവും ചിന്തയും പങ്കുവയ്ക്കുകയാണ്. ഈ ചര്‍ച്ച മുന്നേറുമ്പോള്‍ ലോകത്തെ ആദ്യ ജനകീയ പാഠ്യപദ്ധതിക്ക് ജന്മമേകിയ കേരളത്തിന് അഭിമാനിക്കാം. ജനപങ്കാളിത്തത്തോടെ സ്കൂള്‍ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിക്കാന്‍ തുടക്കമിട്ട ഗ്രാമപഞ്ചായത്ത്-നഗരസഭാതല ചര്‍ച്ചയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കള്ളക്കഥകള്‍ പ്രചരിപ്പിച്ചും മതവികാരം ഇളക്കിവിട്ടും താഴേതട്ടിലെ ചര്‍ച്ച പരാജയപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. വിരലിലെണ്ണാവുന്ന ഇടങ്ങളില്‍മാത്രമാണ് സംഘര്‍ഷമുണ്ടാക്കി ചര്‍ച്ച പരാജയപ്പെടുത്തിയത്. അവിടെ വീണ്ടും ചര്‍ച്ച നടത്താനുള്ള ക്രമീകരണവും ഉണ്ടാക്കിയിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട് മുന്‍വിധികളോടെ ചര്‍ച്ചക്കെത്തിയവരാകട്ടെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.
വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ കേരളമാകെ നടന്ന പ്രാദേശിക പാഠ്യപദ്ധതി വികസനചര്‍ച്ചയില്‍ അരലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. ഇപ്പോള്‍ നടക്കുന്ന സ്കൂള്‍തല ചര്‍ച്ച കഴിയുന്നതോടെ ഒരു ലക്ഷം പേരുടെ പങ്കാളിത്തമുണ്ടാകും. കര്‍ഷക-കര്‍ഷകത്തൊഴിലാളികള്‍, വിവിധ കൂലിത്തൊഴിലാളികള്‍, പ്രൊഫഷണലുകള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, അക്കാദമിക് പണ്ഡിതര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ചര്‍ച്ച ശ്രദ്ധേയമാക്കി. വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി നല്‍കിയ പാഠ്യപദ്ധതി ചട്ടക്കൂട് വിശദമായി പരിശോധിച്ച് ഇവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് പരിശോധിക്കുന്ന കരിക്കുലം കമ്മിറ്റി ആവശ്യമായത് ഉള്‍ച്ചേര്‍ത്ത് പുതിയ പാഠ്യപദ്ധതിക്കും പാഠപുസ്തകത്തിനും അന്തിമരൂപം നല്‍കും.
2005-ല്‍ എന്‍സിഇആര്‍ടി തയ്യാറാക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ചുവടുപിടിച്ചാണ് കേരളം പുതിയ ചട്ടക്കൂട് തയ്യാറാക്കിയത്. ദേശീയ കാഴ്ചപ്പാടോടെ തയ്യാറാക്കിയ കേന്ദ്ര ചട്ടക്കൂട് പ്രാദേശിക സംസ്കൃതിയും വികസന കാഴ്ചപ്പാടും ഉള്‍പ്പെടുത്തി സമ്പുഷ്ടമാക്കിയാണ് ചര്‍ച്ചയ്ക്കു നല്‍കിയത്. പഠനത്തിനൊപ്പം കുട്ടികളില്‍ മൂല്യവും ജനാധിപത്യബോധവും വളര്‍ത്തുന്നതിനുള്ള നവീന ആശയങ്ങള്‍ കരട് ചട്ടക്കൂടിലുണ്ട്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് എല്ലാ സംസ്ഥാനങ്ങളിലും ചര്‍ച്ചചെയ്യുന്നുണ്ടെങ്കിലും മറ്റൊരിടത്തും ഇത്തരം പ്രാദേശിക ചര്‍ച്ച നടക്കുന്നില്ല.
താഴേതട്ടിലുള്ളവരെ സംവാദാത്മകമാക്കി ജനാധിപത്യപ്രക്രിയയിലൂടെ ദീര്‍ഘ-ഹ്രസ്വകാല ലക്ഷ്യത്തോടെയുള്ള പാഠ്യപദ്ധതിയാണ് കേരളം തയ്യാറാക്കുന്നത്. ഇത്തരം ജനകീയപാഠ്യപദ്ധതി ലോകത്ത് ആദ്യത്തേതാണെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. കുട്ടികളെ എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ലഭിച്ചപ്പോള്‍ സമൂഹത്തിന്റെ സര്‍വ മേഖലയില്‍നിന്നും നല്ല സ്വീകരണമാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി

റഷീദ് ആനപ്പുറം-3.12.07.ദേശാഭിമാനി

No comments:

Post a Comment

വായനക്കാരുടെ പ്രതികരണങ്ങള്‍.