Tuesday, 18 December 2007

ചത്ത കുഞ്ഞിന്റെ എസ്എംഎസ് വായന

ശരണാനന്ദന്മാര്‍ക്ക് പ്രാണവായു പകരാന്‍ മൊബൈല്‍ കൈയിലെടുക്കുന്ന പാവം പ്രേക്ഷകന്‍ ചത്തകുഞ്ഞിന്റെ എസ്എംഎസ് വായിച്ചിട്ട് കാര്യമില്ലെന്ന് അറിയുന്നില്ല. എലിമിനേഷന്‍ റൌണ്ട് ടിവിയില്‍ വരുന്നതിന് ആഴ്ചകള്‍ക്കുമുമ്പുതന്നെ കളത്തിനു പുറത്തായ ശരണാനന്ദന്‍ പെട്ടിയും കിടക്കയുമായി വീട്ടിലേക്ക് വണ്ടികയറിയിട്ടുണ്ടാകും. ഇതറിയാതെയാണ് പ്രേക്ഷകന്റെ സാഹസം. റിയാലിറ്റിഷോ റിയലല്ലെന്ന് ഓര്‍ക്കാത്ത പ്രേക്ഷകനാണല്ലോ ഇത്തരം പാട്ടുത്സവങ്ങളെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാക്കുന്നത്.

ആഴ്ചകള്‍ക്കുമുമ്പെടുത്ത എപ്പിസോഡുകള്‍ കണ്ട് ടിവിക്കുമുമ്പിലിരുന്ന് കണ്ണീരൊഴുക്കുകയും എസ്എംഎസായി പണമൊഴുക്കുകയുംചെയ്യുന്ന പ്രേക്ഷകന്റെ മനസ്സ് നോവുന്നത് ചാനലുകളും സഹിക്കില്ല. എലിമിനേഷന്‍ റൌണ്ട് ചിത്രീകരിക്കുന്ന ദിവസം രാവിലെവരെയുള്ള എസ്എംഎസ് പരിഗണിക്കുമെന്നുള്ള സമാശ്വാസമൊക്കെ ഇതിന്റെ ഭാഗമാണ്. ശരണാനന്ദന്മാരെ എസ്എംഎസ് രക്ഷിച്ചതായി അനുഭവകഥകളുമില്ല. ഒരു പ്രമുഖ ചാനലിന്റെ റിയാലിറ്റിഷോയില്‍ 500 എസ്എംഎസിനാണ് ഒരു മാര്‍ക്ക്. ഒരു മത്സരാര്‍ഥിക്ക് എത്ര എസ്എംഎസ് കിട്ടിയെന്നത് പരമരഹസ്യം. ഇതാരെങ്കിലും ചോദിച്ചാല്‍ അടുത്ത റൌണ്ടില്‍ പുറത്താക്കിക്കളയും. ഇങ്ങനെ പുറത്താക്കപ്പെട്ടവര്‍ നിരവധി. ചാനലുകളുടെയും മൊബൈല്‍ കമ്പനികളുടെയും പണപ്പെട്ടി നിറയ്ക്കാന്‍മാത്രമാണ് എസ്എംഎസ് കളിയെന്നു ചുരുക്കം.
ആഴ്ചതോറും ഷോ ചിത്രീകരിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ചാനല്‍ചെയ്യുന്നത് ശനി, ഞായര്‍ ദിവസങ്ങളിലായി പരിപാടി ഷൂട്ട് ചെയ്യുകയാണ്. എന്നാല്‍, ഇതു പ്രേക്ഷകന്‍ കാണുന്നത് അടുത്ത വെള്ളിയാഴ്ച. ശനിയാഴ്ചയോ ഞായറാഴ്ചയോ പുറത്താകുന്ന ആള്‍ക്കുവേണ്ടി അടുത്ത വെള്ളിയാഴ്ചവരെ എസ്എംഎസ് പ്രവഹിക്കും. പ്രമുഖ ചാനല്‍ മാസത്തിലൊന്നോ രണ്ടോ തവണയാണ് ചിത്രീകരണം നടത്തുന്നത്. അതും അടുത്തടുത്ത രണ്ടു ദിവസം. ഒരുമാസംമുമ്പ് വിധി നിര്‍ണയിച്ചു കഴിഞ്ഞ മത്സരമാണ് പ്രേക്ഷകന്‍ കാണുന്നതും എസ്എംഎസ് അയക്കുന്നതും. വിധി കഴിഞ്ഞത് മറച്ചുവച്ച് എസ്എംഎസിലൂടെ പണം തട്ടുന്ന വിദ്യയായി റിയാലിറ്റിഷോ മാറുന്നു.

'സംഗതി'യും 'ടെമ്പോയും' കുറഞ്ഞാലും 'ശ്രുതി ചേര്‍ന്നി'ല്ലെങ്കിലുമൊക്കെ ഈ എസ്എംഎസ് കൊണ്ട് കരകയറാമെന്നാണ് റിയാലിറ്റിഷോകള്‍ അവകാശപ്പെടുന്നത്. 'ഡെയിഞ്ചറസ് സോണ്‍' നാടകംവഴിയാണ് എസ്എംഎസ് ചാകരയ്ക്ക് കളമൊരുക്കുന്നത്. അപകടമേഖലയില്‍നിന്ന് വിറയ്ക്കുന്നവരോട് അവതാരകയുടെ ചോദ്യം- ഇപ്പോള്‍ എന്താ തോന്നുന്നേ?. 'കിട്ടണമെന്നു വിചാരിക്കുന്നു'- ഹൃദയം പടപടാന്ന് ഇടിച്ചുകൊണ്ടുള്ള മറുപടി. 'ടെന്‍ഷനുണ്ടോ?' അടുത്ത ചോദ്യം. പിന്നെയും കരയിപ്പിക്കാന്‍ വേണ്ടിയുള്ള കുറെ ചോദ്യങ്ങള്‍. വീണ്ടും ചോദിക്കും- കിട്ടുമോ? കിട്ടില്ലേ? എന്നിട്ടും രക്ഷയില്ലെങ്കില്‍ കുട്ടിയുടെ അമ്മയെ വിളിക്കും- എന്തു തോന്നുന്നു. മോള്‍ക്ക് കിട്ടണമെന്നല്ലാതെ അമ്മ എന്തു പറയാന്‍. കുറെ നാടകങ്ങള്‍ക്കുശേഷം 'മോള്‍ക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു, എസ്എംഎസ് കുറഞ്ഞുപോയെന്നു' പറഞ്ഞ് പുറത്താക്കപ്പെടുന്ന കുട്ടിക്കൊപ്പം അവതാരകയും കരയും. എന്തിന് കുട്ടികളെയും രക്ഷിതാക്കളെയും മാത്രമല്ല കാണാന്‍ വന്നവരെയും കരയിച്ച് വിധികര്‍ത്താക്കളും മൂക്കുപിഴിയുന്നതു കാണാം. ഒരാള്‍ പുറത്താകുമ്പോള്‍ 'വിടപറയുകയാണോ ചിരിയുടെ വെണ്‍ പ്രാവുകള്‍' തുടങ്ങിയ ശോകഗാനങ്ങളുടെ പശ്ചാത്തലസംഗീതംകൂടിയാകുമ്പോള്‍ എത്ര മസിലുപിടിച്ചിരിക്കുന്ന പ്രേക്ഷകനും കരഞ്ഞു പോകും.
ഒരു പ്രമുഖ ചാനല്‍ തിങ്കളാഴ്ച സംപ്രേഷണംചെയ്ത എലിമിനേഷന്റൌണ്ട് ശനിയാഴ്ചയാണ് ചിത്രീകരിച്ചത്. മത്സരാര്‍ഥികളുടെ എണ്ണം കുറഞ്ഞതുകൊണ്ടാണ് ഇത്. ഇതേ ചാനലില്‍ ഒരു റൌണ്ട് ചിത്രീകരിച്ചത് ഒരു മാസം കഴിഞ്ഞായിരുന്നു കാണിച്ചു കൊണ്ടിരുന്നത്. ആഴ്ചയില്‍ രണ്ടു ദിവസംമാത്രമാണ് മറ്റൊരു ചാനല്‍ മത്സരം ചിത്രീകരിക്കുന്നത്. ഈ ശനിയാഴ്ച ചിത്രീകരിച്ചത് അടുത്ത വെള്ളിയാഴ്ചയാണ് കാണിക്കുന്നത്. ഈ ദിവസങ്ങളില്‍ ലഭിക്കുന്ന എസ്എംഎസുകള്‍ എവിടെപ്പോകുന്നു? ഒരു എസ്എംഎസിനായി എട്ടു രൂപ വരെ ചെലവിടുന്ന പ്രേക്ഷകന് അതറിയാനുള്ള അവകാശമില്ലേ?

എസ്.കുമാര്‍. ദേശാഭിമാനി-18.12.07

3 comments:

  1. സ്വയം മണ്ടന്മാരാകാതെ നൊക്കേണ്ടതു നമ്മള്‍ തന്നെ.

    ReplyDelete
  2. തങ്ങളുടെ പരിപാടി തട്ടിപ്പല്ല എന്നു പറഞ്ഞ് ഏഷ്യാനെറ്റുകാര്‍ ഈയിടെ ഒരു എപ്പിസോഡ് പുറത്തു വിട്ടത് കണ്ടു കാണുമോ എന്തൊ? ഏതായാലും ഞാനൊരു സ്ഥിര പ്രേക്ഷകനൊ, sms വഴി കാശു ചിലവാക്കാന്‍ ശ്രമിക്കാത്തവനോ ആയതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കാറില്ല. sms വഴി ഒരാളുടെ കഴിവു നിശ്ചയിക്കുക എന്ന ആശയം തന്നെ ശരിയല്ല. എങ്കില്‍ പിന്നെ ശ്രീയേട്ടന്റേയും, അണ്ണന്റേയും, ദീദിയുടേയും മറ്റും ആവശ്യമെന്ത്?
    പ്രിയ പറഞ്ഞതാണതിന്റെ ശരി. സ്വയം മണ്ടന്മാരാകാതിരിക്കുക.

    ReplyDelete
  3. ചാനലുകളുടെ എസ്സെമ്മസ് പരിപാടി ഒരു ലോട്ടറി തട്ടിപ്പുപോലെയോ, മുച്ചീട്ടുകളിപോലെയോ കുറ്റകരമായ സാമൂഹ്യ ചൂഷണം തന്നെയാണ്.
    ചാനലുകളില്‍ നിന്നും സര്‍ക്കാര്‍ ലൊട്ടറി ടാക്സ് പിരിക്കണം.
    ഓരോ എസ്സ് എമ്മെസ്സിനും എത്രരൂപയാണ് മൊബൈല്‍ ഉപയോക്താക്കളില്‍നിന്നും വസൂലാക്കുന്നത് എന്ന് റിയാലിറ്റ്യ് ഷോ നടത്തുന്ന അത്രയും സമയം സ്ക്രീനില്‍ എഴുതിക്കാണിക്കണമെന്ന് സര്‍ക്കാര്‍ നിബന്ധന വെക്കണം.
    റാഫീക്കേ...
    ചിത്രകാരന്റെ നാട്ടുകാരാ,
    താങ്കള്‍ക്കും,കുടുംബത്തിനും ക്രിസ്തുമസ് പുതുവര്‍ഷ ആശംസകള്‍!!!!

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.