Monday 16 June 2008

ഭാഷകളുടെ വര്‍ഷവും മലയാളം കമ്പ്യൂട്ടിങ്ങും


വി എസ് അച്യുതാനന്ദന്‍

മലയാളികള്‍ക്ക് സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാപ്തി നേടിക്കൊടുക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന മലയാളം കമ്പ്യൂട്ടിങ് പ്രചാരണപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞദിവസം കണ്ണൂരില്‍ ഞാന്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. മലയാളഭാഷയെ ശക്തിപ്പെടുത്തുകയും ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ എല്ലാ മലയാളികള്‍ക്കും എത്തിക്കുകയുമാണ് മലയാളം കമ്പ്യൂട്ടിങ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം. പദ്ധതി നിലവില്‍വരുന്നതോടെ സാധാരണക്കാര്‍ക്ക് കമ്പ്യൂട്ടറിന്റെ സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള സൌകര്യമൊരുക്കുകയാണ് ലക്ഷ്യം. രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിജ്ഞാനസമൂഹത്തിന്റെ മുന്നിലുള്ള ഒരു വെല്ലുവിളി, സമൂഹം ഡിജിറ്റല്‍സാക്ഷരരും ഡിജിറ്റല്‍നിരക്ഷരരുമായി വേര്‍തിരിയുന്ന അവസ്ഥയെ എങ്ങനെ തരണംചെയ്യാം എന്നതാണ്. ഇക്കാര്യത്തിലുള്ള ഒരു പ്രധാനതടസ്സം കമ്പ്യൂട്ടറിന്റെ ഭാഷ അടുത്ത കാലംവരെ ഇംഗ്ളീഷായിരുന്നു എന്നതാണ്. ഇന്റര്‍നെറ്റിലും മറ്റും ലഭ്യമായ വിവരങ്ങള്‍ അഥവാ ഉള്ളടക്കം വലിയ പങ്കും ഇംഗ്ളീഷിലാണ്. ഈ അവസ്ഥ കമ്പ്യൂട്ടര്‍ നിരക്ഷരരെ മാത്രമല്ല, നവസാക്ഷരരെയും കമ്പ്യൂട്ടര്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നു. കമ്പ്യൂട്ടറില്‍ ഏതു ഭാഷ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. മാതൃഭാഷയില്‍ കമ്പ്യൂട്ടറിനോട് സംവദിക്കാന്‍ കഴിഞ്ഞാല്‍മാത്രമേ സാധാരണ ജനങ്ങള്‍ക്ക് ഈ മാധ്യമം പ്രയോജനപ്പെടുത്താന്‍ കഴിയൂ. ആദ്യം വേണ്ടത് കമ്പ്യൂട്ടറില്‍ മലയാളത്തിന്റെ സാധ്യതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്. മൂവായിരത്തോളം വരുന്ന അക്ഷയ കേന്ദ്രങ്ങളിലൂടെ സംസ്ഥാനത്തുടനീളം പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പാക്കും. അടുത്ത മൂന്നു വര്‍ഷംകൊണ്ട് അന്‍പതു ലക്ഷത്തോളം കുടുംബങ്ങളില്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ സന്ദേശമെത്തിക്കാനാവും എന്നാണ് പ്രതീക്ഷ. ബോധവല്‍ക്കരണ പരിപാടികളോടൊപ്പംതന്നെ കമ്പ്യൂട്ടറുകളില്‍ മലയാളം ഉപയോഗിക്കുന്നതിനുള്ള പരിശീലനവും സംഘടിപ്പിക്കാനാണ് പരിപാടി. പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റിലൂടെയും ലഘുലേഖകളിലൂടെയും മലയാളം കമ്പ്യൂട്ടിങ്ങിന്റെ സന്ദേശം ജനങ്ങളിലെത്തിക്കും. ഇപ്പോള്‍ത്തന്നെ കണ്ണൂര്‍ജില്ലയില്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയും അഴീക്കോട്, തലശേരി, ശ്രീകണ്ഠാപുരം, പിണറായി, പാപ്പിനിശ്ശേരി, മാലൂര്‍, എരമം-കുറ്റൂര്‍, മുഴപ്പിലങ്ങാട്, പായം, വേങ്ങാട് ഗ്രാമപഞ്ചായത്തുകളും മലയാളത്തിലുള്ള വെബ്സൈറ്റുകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. ചില സ്കൂളുകളും മലയാളത്തില്‍ സൈറ്റുകളുണ്ടാക്കാന്‍ തുടങ്ങിയിട്ടുള്ളത് ശുഭോദര്‍ക്കമാണ്. അടുത്ത ഏതാനും മാസത്തിനകം നൂറുകണക്കിന് വെബ്സൈറ്റും പോര്‍ട്ടലും മലയാളത്തില്‍ തയ്യാറാക്കി വിന്യസിക്കും. മിക്ക ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും വെബ്സൈറ്റുകളുണ്ട്. ഇതെല്ലാം വിവിധ ഏജന്‍സികളാണ് നോക്കിനടത്തുന്നത്. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ് സൈറ്റുകള്‍ വ്യത്യസ്ത രൂപഭാവങ്ങളില്‍ കാണുന്നത് വിവര ശേഖരണത്തിന് പ്രയാസം സൃഷ്ടിക്കും. ഇത്തരം സൈറ്റുകളുടെ ഏകീകരണത്തിനാണ് കണ്ടന്റ് മാനേജ്മെന്റ് ഫ്രെയിം വര്‍ക്ക് എന്ന പദ്ധതി. വിവിധ വകുപ്പുകളുമായി ആശയവിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള പത്ത് സൈറ്റുകള്‍ പൊതുപദ്ധതിയില്‍ കൊണ്ടുവന്നു. 26 പുതിയ സൈറ്റുകള്‍ ഏകീകൃത സ്വഭാവത്തോടെ തയ്യാറാക്കി. വേറെ പത്തെണ്ണം പൊതുപദ്ധതിയിലേക്കു കൊണ്ടുവരുന്നു. എല്ലാ വെബ്സൈറ്റും മലയാളത്തില്‍ക്കൂടി ലഭ്യമാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നാട്ടറിവുകളായും നാടന്‍ ചൊല്ലുകളായും കലാരൂപങ്ങളായും താളിയോലകളായും നമുക്കുള്ള വിജ്ഞാനശേഖരം സംരക്ഷിക്കാനും വിനിമയംചെയ്യാനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടണം. ഇതിനുള്ള പ്രവര്‍ത്തനങ്ങളും മലയാളം കമ്പ്യൂട്ടിങ് പദ്ധതിയുടെ ഭാഗമായി മുന്നോട്ടു കൊണ്ടുപോകാം. കേരള സര്‍ക്കാരിന്റെ ഐടിവകുപ്പ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്ഥാപനമായ സ്പേസിന്റെ സഹായത്തോടെ നടപ്പാക്കുന്ന മലയാളം കമ്പ്യൂട്ടിങ് പദ്ധതി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരും. ഈ വര്‍ഷം ലോകമാകെ ഭാഷകളുടെ വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ ആഹ്വാനംചെയ്തിരിക്കുകയാണ്. കമ്പ്യൂട്ടിങ്ങിന്റെ മേഖലയില്‍ ഭാഷാ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളിലൂടെ കേരളസര്‍ക്കാരും അന്താരാഷ്ട്രസമൂഹവുമായി കൈകോര്‍ക്കുകയാണ്. സര്‍ക്കാരും ഇതര സ്ഥാപനങ്ങളും നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനുവേണ്ടിയാണ് അക്ഷയകേന്ദ്രങ്ങള്‍ വ്യാപകമാക്കുന്നത്. വെള്ളം, വൈദ്യുതി, ടെലിഫോബില്ലുകള്‍ അടയ്ക്കുന്നതിനും, റെയില്‍, വിമാന ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനും, ഇന്‍ഷുറന്‍സ് പ്രീമിയമടയ്ക്കുന്നതിനും, ഇതുപോലുള്ള നിരവധി കാര്യങ്ങള്‍ക്കും സ്വന്തം ഗ്രാമത്തിലെ അക്ഷയകേന്ദ്രത്തിലെത്തിയാല്‍ മതി എന്ന അവസ്ഥയാണ് വരുന്നത്. ഇത്തരം സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ജനങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കുന്ന പ്രവര്‍ത്തനവും അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് നടപ്പാക്കിവരുന്നത്. പതിനാലുജില്ലയിലുമായി ഇതിനകം 1174 അക്ഷയകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. കണ്ണൂര്‍ ജില്ല 2007 സെപ്തംബര്‍ 22ന് കമ്പ്യൂട്ടര്‍ സാക്ഷരത പ്രഖ്യാപിച്ചു. മറ്റു ജില്ലയിലും സാക്ഷരതാ പ്രഖ്യാപനം ഉടന്‍ നടത്താനാവും. 2008-09ല്‍ ഏഴു ജില്ലയിലേക്കുകൂടി ഇ-പേമെന്റ് സംവിധാനം വ്യാപിപ്പിച്ചു. പ്രതിമാസം രണ്ടു കോടിയോളം രൂപയുടെ വിനിമയം അക്ഷയകേന്ദ്രങ്ങള്‍വഴി നടക്കുന്നു. കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ മികച്ച സ്ത്രീസംരംഭകയ്ക്കുള്ള അവാര്‍ഡ് മലപ്പുറത്തെ ഷഹന കരസ്ഥമാക്കിയത് അഭിമാനാര്‍ഹമായ നേട്ടമാണ്. യൂനികോഡ് നിലവില്‍വന്നതോടെ മലയാളം കമ്പ്യൂട്ടിങ് അനായാസമാവുകയാണ്. എല്ലാ ഭാഷയിലെയും അക്ഷരമാല കമ്പ്യൂട്ടറിന് പരിചിതമാവുകയാണ്. ലോകത്തില്‍ എവിടെയുമുള്ള ഏത് കമ്പ്യൂട്ടറിലും മലയാളവും വിളിപ്പുറത്തെത്തും എന്നതാണ് പുതിയ സൌകര്യം. ഇത് നമ്മുടെ സാധ്യതകളെ അനന്തമാക്കുകയാണ്. അതിനനുസരിച്ച് കമ്പ്യൂട്ടറിലും മലയാളം പുഷ്ടിപ്പെടണം. സാര്‍വദേശീയമായി ഇത് ഭാഷകളുടെ വര്‍ഷമാണല്ലോ. ആഗോളവല്‍ക്കരണം സാമ്പത്തികരംഗത്തല്ല, ഭാഷകളുടെയും സംസ്കാരത്തിന്റെയും മേഖലയിലാണ് ഏറ്റവും വലിയ അധിനിവേശം നടത്തിയിരിക്കുന്നത്. അത് പ്രാദേശിക ജനവിഭാഗങ്ങളെ എല്ലാ അര്‍ഥത്തിലും ആത്മനിന്ദയിലേക്കു തള്ളാനാണ് ശ്രമിച്ചത്. കമ്പ്യൂട്ടറിന്റെ ഭാഷ ഇംഗ്ളീഷാണ്, അതുകൊണ്ട് മലയാളത്തോട് സലാം എന്ന ചിന്താഗതി ഇവിടെയുണ്ടായി. പ്രാദേശികമായ എല്ലാം മോശമാണ്, അതത് നാട്ടിലെ രുചികള്‍പോലും അപരിഷ്കൃതമാണ് എന്ന തോന്നലുളവാക്കി. പ്രാദേശിക ഭാഷകളും സംസ്കാരങ്ങളും മരിക്കാന്‍ പോകുന്നു, അവ ക്ഷീണിക്കുകയാണ് എന്ന ആശങ്ക ശക്തമാണിന്ന്. അത്തരമൊരു ആശങ്കയുടെ പശ്ചാത്തലത്തിലാവണം ഐക്യരാഷ്ട്രസഭ ഇക്കൊല്ലം ഭാഷാ വര്‍ഷമായി ആചരിക്കാന്‍ നിശ്ചയിച്ചത്. നമ്മുടെ സംസ്കാരത്തിന്റെ മാധ്യമം നമ്മുടെ ഭാഷയാണ്. ഭാഷയെ ക്ഷീണിപ്പിച്ചാല്‍ പിന്നെ സംസ്കാരവുമില്ല. പുതിയ സാങ്കേതിക വിദ്യക്കു ചേര്‍ന്നതല്ല നിങ്ങളുടെ ഭാഷ, ശാസ്ത്ര സാങ്കേതികപഠനത്തിന് പറ്റുന്ന മാധ്യമമല്ല നിങ്ങളുടെ ഭാഷ എന്ന അസംബന്ധം പ്രചരിപ്പിച്ച് പ്രാദേശിക ഭാഷകളെ നശിപ്പിക്കുന്നതിനാണ് ശ്രമം നടക്കുന്നത്. ഈ അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ് അനിവാര്യമാണ്. മലയാളം കമ്പ്യൂട്ടിങ് പ്രചാരണം അതിന്റെ ഭാഗമാണ്. സാങ്കേതികവിദ്യ ലഭ്യമാവാന്‍, ആധുനിക വിജ്ഞാനങ്ങള്‍ ലഭ്യമാകാന്‍ മറ്റു ഭാഷകളിലേക്ക് പോകേണ്ടതില്ല, ഇതാ ഇവിടെത്തന്നെയുണ്ട് എന്നു തെളിയിക്കുകയാണ്. തുറന്ന മനസ്സോടെയുള്ള പാരസ്പര്യത്തിലൂടെ, കൊടുക്കല്‍ വാങ്ങലിലൂടെ, വളര്‍ന്നു വികസിച്ച ഉദാത്തമായ ഭാഷയാണ് മലയാളം. ആരുടെയും മുമ്പില്‍ മുഖംതാഴ്ത്തി നില്‍ക്കേണ്ട അപകര്‍ഷബോധം ഈ ഭാഷയ്ക്കില്ല. ഇത് ഉല്‍ക്കര്‍ഷത്തിന്റെ ഭാഷയാണ്. വിജ്ഞാനങ്ങളെല്ലാം വഴങ്ങുന്നതും സ്വീകരിക്കുന്നതുമായ വികസ്വര ഭാഷ. ഭാഷകളുടെ വര്‍ഷത്തില്‍ കേരളത്തിന്റെ ഏറ്റവും വലിയ ഒരു ചുവടുവയ്പാണ് മലയാളം കമ്പ്യൂട്ടിങ് സാര്‍വത്രികമാക്കാനുള്ള യത്നം. കേരളത്തില്‍ ഇപ്പോള്‍ കരിക്കുലം പരിഷ്കരണത്തിന്റെ നാളുകളാണ്. ശിശുകേന്ദ്രിതവും പ്രവര്‍ത്തനാധിഷ്ഠിതവുമായ ക്ളാസ് മുറികളാണ് നാം സ്വപ്നം കാണുന്നത്. മഹാഭൂരിപക്ഷം കുട്ടികളും മലയാളംമാധ്യമത്തില്‍ പഠിക്കുന്ന കേരളത്തില്‍ ഇംഗ്ളീഷിലുള്ള ഉള്ളടക്കം പ്രയോജനംചെയ്യില്ല. ഇവിടെയാണ് മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രസക്തി. വിദ്യാഭ്യാസത്തില്‍ സ്വന്തം അടിത്തറ ഉറപ്പാക്കുന്നതോടൊപ്പം നാടിന്റെ വിവിധ ഭരണതലങ്ങളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണവും നടപ്പാക്കാന്‍ ശ്രമംനടക്കുന്നു. ഇതില്‍ എടുത്തുപറയേണ്ട ഒന്നാണ് ഇ-ഗവേണന്‍സ് പരിപാടി. വിവിധ സര്‍ക്കാര്‍ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഭരണ സിരാകേന്ദ്രത്തെയും ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളെയും ഒരേപോലെ ജനങ്ങള്‍ക്ക് സമീപിക്കാനാവും. ഇതിനായി രൂപകല്‍പ്പനചെയ്ത സ്റേറ്റ് വൈഡ്ഏരിയാ നെറ്റ്വര്‍ക്ക് പദ്ധതി അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളെയും ഈ നഗരങ്ങളില്‍നിന്ന് ഓരോ ജില്ലയെയും ജില്ലകളില്‍നിന്ന് ബ്ളോക്കുകളെയും ഡാറ്റാ കേബിളുകള്‍ വഴി ബന്ധിപ്പിച്ചുകഴിഞ്ഞു. ബ്ളോക്കുകളില്‍നിന്ന് വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. ഇതിനു സമാന്തരമായി വിവിധ വകുപ്പുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണവും പൂര്‍ത്തിയായിവരുന്നു. മികച്ച ഇ-ഗവേണന്‍സ് സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന് ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്.

കടപ്പാട്-ദേശാഭിമാനി

1 comment:

  1. ഉദ്ഘാടനപരിപാടിയുടെ ഫോട്ടോവും പത്രക്കുറിപ്പും തിരുവനന്തപുരത്ത് പുറത്തിറക്കിയത് പത്രവാര്‍ത്തയായത് കണ്ടിരിക്കുമല്ലോ. നാലു പേജുള്ള പത്രക്കുറിപ്പ് നേരാംവണ്ണം മലയാളം റെണ്ടര്‍ ചെയ്യാത്ത മെഷീനില്‍ ടൈപ്പ് ചെയ്ത് പ്രിന്റിട്ട് പത്രങ്ങള്‍ക്ക് നല്കി കേരളാ ഐ.ടി മിഷന്‍ അവരുടെ നിലപാട് കേരളീയസമൂഹത്തെ അറിയിക്കുകയാണ് ചെയ്തത്.
    നിന്റെയൊക്കെ ഒരു മലയാളം കമ്പ്യൂട്ടിംഗ് എന്ന പുച്ഛമല്ലാതെ വേറെന്താണ് ഇതില്‍ നമ്മുക്ക് കാണാനാവുക? ഇതു ചെയ്ത ഐ.ടി മിഷനിലെ യോഗ്യര്‍ അവിടെത്തന്നെ ഇപ്പോഴും സുഖമായി ഇരിക്കുന്നുവെന്ന് ഓര്‍ക്കുക.

    ReplyDelete

വായനക്കാരുടെ പ്രതികരണങ്ങള്‍.