Friday, 25 January 2008

'ശാസ്ത്രലോകം' മണ്ടന്മാരുടേതോ?

നാസ പുറത്ത് വിട്ട ചിത്രം.



പത്രങ്ങളില്‍ വന്ന ചൊവ്വയിലെ സുന്ദരി




വ്യാഴാഴ്ച മലയാളപത്രങ്ങളില്‍ വര്‍ണച്ചിത്രസഹിതം വന്ന വാര്‍ത്ത ഏവരും കണ്ടുകാണുമല്ലോ? നാസായുടെ ചൊവ്വാ പര്യവേക്ഷണപേടകമായ 'സ്പിരിറ്റ്' പകര്‍ത്തി അയച്ച ചൊവ്വാ ചിത്രങ്ങളില്‍ 'കുന്നിറങ്ങിവരുന്നതുപോലൊരു സ്ത്രീരൂപം' പതിഞ്ഞത് ശാസ്ത്രലോകത്ത് വലിയ അമ്പരപ്പും കൌതുകവും സൃഷ്ടിച്ചിരിക്കുന്നുവത്രേ. സ്ത്രീ വലതുകൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ചൊവ്വയില്‍ 'വരണ്ട മഞ്ഞുകട്ടകളടങ്ങിയ മേഘങ്ങള്‍ കണ്ടെത്തിയെന്ന് ഫ്രഞ്ച് ശാസ്ത്രസംഘത്തിന്റെ അവകാശവാദവുമായി കൂട്ടിവായിച്ചുകൊണ്ട് 'ശാസ്ത്രലോകത്തെ അമ്പരപ്പ്' കൂട്ടാനും അത് സാധാരണ വായനക്കാരിലേക്കുകൂടി എത്തിക്കാനും പത്രങ്ങള്‍ ഒത്തിരി സ്ഥലം നീക്കിവച്ചു. എന്തൊരു ശാസ്ത്രസ്നേഹം!

അമ്പരന്ന ശാസ്ത്രജ്ഞര്‍ ആരൊക്കെയാണെന്ന് ഒരു പത്രത്തിലും കാണുന്നില്ല. കുറെ ശാസ്ത്രജ്ഞരുമായുള്ള അഭിമുഖംകൂടി ആകാമായിരുന്നു.

ശാസ്ത്രജ്ഞര്‍ എന്നല്ല, ബുദ്ധിയുള്ള ആരുംതന്നെ ആ ചിത്രം കണ്ട് അമ്പരക്കാന്‍ വഴിയില്ല. എന്താണ് കാരണം? 'സ്പിരിറ്റി'ന്റെ ക്യാമറ (അത് ചൊവ്വാ പ്രതലത്തില്‍നിന്ന് ഏതാണ്ട് ഒരു മീറ്ററോളം ഉയരത്തിലാണ്) ദൂരെ നിന്നാണ് സ്ത്രീരൂപത്തിന്റെ ചിത്രമെടുത്തിരിക്കുന്നതെന്ന് ചിത്രം കണ്ടാലറിയാം; കാരണം സ്ത്രീരൂപത്തിനടുത്തുള്ള വസ്തുക്കള്‍ (പാറകളും കല്ലുകളും) വ്യക്തമല്ല. സത്രീരൂപം ഇത്ര വലുപ്പത്തില്‍ ഫോട്ടോയില്‍ പതിയുന്നെങ്കില്‍ അതിന് അസാമാന്യ വലുപ്പമുണ്ടാകണം. മാരിനര്‍ ശ്രേണി മുതലിങ്ങോട്ട് എല്ലാ ചൊവ്വാ പര്യവേക്ഷണവാഹനങ്ങളും എക്സ്പ്ളോററും ഓപ്പര്‍ച്യൂണിറ്റിയും ഉള്‍പ്പെടെ- എത്രതന്നെ ശ്രമിച്ചിട്ടും ഒരു ജീവിയെയോ പുല്ലിന്റെ നാമ്പോ ഒരു അമീബപോലുമോ ചൊവ്വയില്‍ കണ്ടെത്താനായിട്ടില്ല. ജലസാന്നിധ്യവും ഇല്ല- ധ്രുവങ്ങളിലെ ഹിമപാളിയല്ലാതെ. അന്തരീക്ഷം തീര്‍ത്തും നേര്‍ത്തതാണ്. ഉള്ളതിലാകട്ടെ നൈട്രജനും കാര്‍ബണ്‍ ഡയോക്സൈഡുമാണ് കൂടുതലും. ഓക്സിജന്‍ നന്നേ കുറവ്. അപ്പോള്‍ ആ സ്ത്രീരൂപത്തിനു ശ്വസിക്കണ്ടേ? ഭക്ഷണം വേണ്ടേ? വെള്ളം കുടിക്കണ്ടേ?

ചൊവ്വയില്‍ വരണ്ട മഞ്ഞുകട്ടകള്‍ അടങ്ങിയ മേഘങ്ങള്‍ കണ്ടെത്തിയെന്ന ഫ്രഞ്ച് ശാസ്ത്രസംഘത്തിന്റെ കണ്ടെത്തലില്‍ വലിയ അത്ഭുതമൊന്നുമില്ല. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് തണുത്തുറഞ്ഞ് ഉണ്ടാകുന്നതാണ് ് ഡ്രൈ ഐസ്. അതിനെ വരണ്ട ഐസ് എന്നു പരിഭാഷപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, അത് മേഘത്തില്‍ ജലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു എന്ന് ധരിക്കുകയും ധരിപ്പിക്കുകയും ചെയ്യരുതെന്നു മാത്രം.

ഇനി, ഇന്നലെ പത്രങ്ങളില്‍ വന്ന ചിത്രങ്ങളെടുത്ത് ഒന്ന് സൂക്ഷിച്ചുനോക്കൂ. ഒരു പാറയുടെ 'സൂര്യപ്രകാശം തട്ടാത്ത' കുത്തനെയുള്ള ഭാഗമാണ് അതില്‍ 'സ്ത്രീരൂപ'മായി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ മറ്റു പാറകള്‍ക്കും ഇതുപോലെ വെളിച്ചം വീഴാത്ത ഇരുണ്ട ഭാഗങ്ങളുണ്ട്. ചിത്രത്തില്‍ താഴെ വലതുമൂലയ്ക്ക് ഒരു പശുക്കിടാവിന്റെ തല കാണുന്നില്ലേ? സ്ത്രീരൂപത്തില്‍ അല്‍പം കൈക്രിയ കൂടുതലായി നടത്തിയിട്ടുണ്ടെന്നേ ഉള്ളൂ. ഒരു കൈ ഫിറ്റുചെയ്തു, ചില ഭാഗം അല്‍പ്പം കൂടുതല്‍ കറുപ്പിച്ചു. നാസയുടെ ചിത്രത്തില്‍ ഏതോ ചൈനീസ് ബ്ളോഗ് വിദ്വാന്‍ ഒപ്പിച്ച കുസൃതിയാണ്. സ്റ്റണ്ടുകള്‍ക്കുവേണ്ടി കാത്തിരുന്ന പാശ്ചാത്യപത്രങ്ങളും ദൃശ്യമാധ്യമങ്ങളും അതില്‍ ചാടിവീണു. കേരളത്തില്‍ വിവാദങ്ങള്‍ക്ക് അല്‍പ്പം ശമനം വന്നതില്‍ നിരാശരായിരുന്ന ഇവിടത്തെ മാധ്യമങ്ങളും ഈ പുതിയ അവസരം വീട്ടുകളഞ്ഞില്ല. അല്‍പ്പംകൂടി കൈക്രിയ കാട്ടിയിരുന്നെങ്കില്‍ പശുക്കിടാവും പുല്‍മേടുമൊക്കെ സൃഷ്ടിക്കാമായിരുന്നു. ഈ സൈബര്‍ യുഗത്തില്‍ അതിനൊക്കെയുണ്ടോ വല്ല പ്രയാസവും.

മുമ്പ് ചൊവ്വയില്‍ ഒരു 'കിടക്കുന്ന സ്ത്രീരൂപം'- ഒരു വമ്പന്‍ ശിലാശില്‍പ്പം ഉള്ളതായി വെളിവാക്കുന്ന ഉപഗ്രഹ ഫോട്ടോ കിട്ടിയ വാര്‍ത്ത (ഫോട്ടോയും) ചില പത്രങ്ങളില്‍ വന്ന കാര്യം ചിലര്‍ക്കെങ്കിലും ഓര്‍മയുണ്ടാകും. അതേ സ്ഥാനത്തിന്റെ (മറ്റൊരു ആങ്കിളില്‍നിന്നുള്ള) മറ്റൊരു ഫോട്ടോ, പരിശോധിച്ചപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ക്കു മനസ്സിലായി, അത് പാറയുടെ നിമ്നോന്നതങ്ങള്‍ സൃഷ്ടിച്ച ഒരു നിഴല്‍രൂപമായിരുന്നെന്ന്. പക്ഷേ, അക്കാര്യം ഒരു പത്രവും പ്രസിദ്ധീകരിച്ചുകണ്ടില്ല.

ചൊവ്വാ മനുഷ്യന്‍ എന്ന സങ്കല്‍പ്പം ഒട്ടും പുതുതല്ല. 19-ാം നൂറ്റാണ്ടില്‍ ഷിയാപ്പറേലി എന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ ചൊവ്വയുടെ ഉപരിതലത്തില്‍ വലിയ ചാലുകള്‍ കണ്ടെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, 'അവിടെ ജലമുണ്ടാകും'. പിന്നീട് ചൊവ്വയുടെ നിറം ചിലകാലത്ത് ഇളംചുവപ്പും മറ്റു ചിലപ്പോള്‍ പച്ച നീലയുമായി മാറിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ വാനനിരീക്ഷകര്‍ പറഞ്ഞു, അവിടെ സസ്യങ്ങള്‍ വളരുമ്പോഴാണ് പച്ചനിറം വരുന്നത്. അവ ഉണ്ടാകുമ്പോള്‍ (അല്ലെങ്കില്‍ വിളയുമ്പോള്‍) ആണ് ഇളം ചുവപ്പുനിറം വരുന്നതെന്ന്. 'ചെറിയ പച്ചമനുഷ്യര്‍' (ഘശഹേേല ഴൃലലി ാമി) ചൊവ്വയില്‍ അധിവസിക്കുന്നതായി സങ്കല്‍പ്പിക്കപ്പെട്ടു. വലിയ ചെവിയും തലയില്‍ രണ്ട് ആന്റിനകളും ഉള്ള ചൊവ്വാ മനുഷ്യന്‍ പറക്കും തളികയിലേറി ഭൂമിയില്‍ വരുന്ന രംഗം കഥകളിലും സിനിമകളിലും ഉണ്ടായി. പക്ഷേ, വലിയ ടെലിസ്കോപ്പുകള്‍ വന്നപ്പോള്‍ മനസ്സിലായി ചൊവ്വയിലും ഭൂമിയിലെപ്പോലെ കാലാവസ്ഥാ വ്യതിയാനങ്ങളുണ്ട്; ശീതകാലത്ത് മഞ്ഞുവീഴും- മുമ്പു പറഞ്ഞ വരണ്ട മഞ്ഞ്. അപ്പോള്‍ ചൊവ്വയ്ക്ക് അല്‍പ്പം പച്ച-നീലനിറം കൈവരും. വേനലാകുമ്പോള്‍ മഞ്ഞുരുകി മണ്ണും പാറകളും വെളിപ്പെടും. നിറം ചുവപ്പാകും. പൊടിക്കാറ്റ് അടിക്കുമ്പോള്‍ കൂടുതല്‍ ചുവക്കും. കാരണം അവിടത്തെ പൊടിപടലത്തില്‍ ഏറെയും ചുവപ്പുനിറമുള്ള ഇരുമ്പ് ഓക്സൈഡുകളാണ്. ഈ ചുവപ്പുനിറം കാരണമാണ് ജ്യോതിഷത്തില്‍ ചൊവ്വയെ യുദ്ധത്തിന്റെ ദേവനും ക്രൂരനും തന്മൂലം ചൊവ്വാദോഷത്തിന്റെ സൃഷ്ടാവും ഒക്കെയാക്കിയത്.

'ചെറിയ പച്ചമനുഷ്യന്‍' ഇപ്പോള്‍ 'കുന്നിറങ്ങുന്ന നഗ്നസുന്ദരിയായി' പുനര്‍ജനിക്കുന്നു എന്നു കരുതിയാല്‍ മതി. മാധ്യമങ്ങള്‍ക്ക് 'സ്റ്റണ്ട് ക്ഷാമം' നേരിടുമ്പോള്‍ ഇനിയും പുതിയ രൂപങ്ങള്‍ ഉണ്ടാകാനും മതി.

പ്രൊഫ. കെ പാപ്പുട്ടി(ദേശാഭിമാനി)

Tuesday, 22 January 2008

'ഐഡിയ സ്റാര്‍ സിങ്ങര്‍' പരിപാടിക്കെതിരെ കേസെടുത്തു

തിരു: ഏഷ്യാനെറ്റ് സംപ്രേഷണംചെയ്യുന്ന ഐഡിയ സ്റാര്‍ സിങ്ങര്‍ പരിപാടിക്കെതിരെ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു. പ്രേക്ഷകരോട് എസ്എംഎസ് അയക്കാന്‍ ആവശ്യപ്പെട്ട് അന്യായ സാമ്പത്തികനേട്ടം ഉണ്ടാക്കുന്നെന്ന് ആരോപിച്ച് ആറ്റിങ്ങല്‍ സ്വദേശി അഡ്വ. എ സബീര്‍ നല്‍കിയ ഹര്‍ജിയിലാണ് കേസെടുത്തത്.
ഏഷ്യാനെറ്റ് ചെയര്‍മാന്‍, പരിപാടിയുടെ നിര്‍മാതാവ്, അവതാരക രഞ്ജിനി, വിധികര്‍ത്താക്കളായ എം ജി ശ്രീകുമാര്‍, ശരത്, ഉഷാ ഉതുപ്പ് എന്നിവര്‍ക്കെതിരെ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് കോടതിയിലാണ് അഭിഭാഷകരായ ആര്‍ എസ് കനിരാജ്, സലിം ഷാ എന്നിവര്‍ മുഖേന അന്യായം ഫയല്‍ചെയ്തിരുന്നത്. മൊബൈല്‍ ഫോണ്‍ കമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം സാധാരണ എസ്എംഎസിന് ഈടാക്കുന്നതിനേക്കാള്‍ രണ്ടുമുതല്‍ പത്തിരട്ടിവരെ ചാര്‍ജ് ഈടാക്കിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ വിവരം പ്രേക്ഷകരോട് വെളിപ്പെടുത്താതെ മത്സരാര്‍ഥിയെ വിജയിപ്പിക്കാന്‍ എസ്എംഎസ് ചെയ്യാന്‍ ആവശ്യപ്പെടുകയും ഇതുവഴി ലഭിക്കുന്ന പണം കൈവശപ്പെടുത്തുന്നുവെന്നുമാണ് ആരോപണം.

ജനുവരി എട്ടിനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. വീണ്ടും പ്രത്യേകഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ മജിസ്ട്രേട്ട് ഹരി ആര്‍ ചന്ദ്രന്‍ ആറ്റിങ്ങല്‍ പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്.

{ദേശാഭിമാനി-22.1.08}

Wednesday, 26 December 2007

പുതുവത്സരാശംസകള്‍ നേരുന്നു.

സുഹൃത്തെ,
വീണ്ടും ഒരു വര്‍ഷം കൂടി വിട പറയുന്നു.....
യുദ്ധവും,അക്രമങ്ങളുമില്ലാത്ത...
സ്ത്രീകളും,കുട്ടികളും സുരക്ഷിതരായിരിക്കുന്ന...
നന്മ്മയും,സ്നേഹവുമുള്ള...ഒരു നല്ല നാളേക്കു വേണ്ടി....
നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
നന്മയുടെ ചെറു വിളക്കുകള്‍ തെളിക്കുക.

പുതുവത്സരാശംസകള്‍ നേരുന്നു

റഫീക്ക് കിഴാറ്റൂര്‍

Tuesday, 18 December 2007

ചത്ത കുഞ്ഞിന്റെ എസ്എംഎസ് വായന

ശരണാനന്ദന്മാര്‍ക്ക് പ്രാണവായു പകരാന്‍ മൊബൈല്‍ കൈയിലെടുക്കുന്ന പാവം പ്രേക്ഷകന്‍ ചത്തകുഞ്ഞിന്റെ എസ്എംഎസ് വായിച്ചിട്ട് കാര്യമില്ലെന്ന് അറിയുന്നില്ല. എലിമിനേഷന്‍ റൌണ്ട് ടിവിയില്‍ വരുന്നതിന് ആഴ്ചകള്‍ക്കുമുമ്പുതന്നെ കളത്തിനു പുറത്തായ ശരണാനന്ദന്‍ പെട്ടിയും കിടക്കയുമായി വീട്ടിലേക്ക് വണ്ടികയറിയിട്ടുണ്ടാകും. ഇതറിയാതെയാണ് പ്രേക്ഷകന്റെ സാഹസം. റിയാലിറ്റിഷോ റിയലല്ലെന്ന് ഓര്‍ക്കാത്ത പ്രേക്ഷകനാണല്ലോ ഇത്തരം പാട്ടുത്സവങ്ങളെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാക്കുന്നത്.

ആഴ്ചകള്‍ക്കുമുമ്പെടുത്ത എപ്പിസോഡുകള്‍ കണ്ട് ടിവിക്കുമുമ്പിലിരുന്ന് കണ്ണീരൊഴുക്കുകയും എസ്എംഎസായി പണമൊഴുക്കുകയുംചെയ്യുന്ന പ്രേക്ഷകന്റെ മനസ്സ് നോവുന്നത് ചാനലുകളും സഹിക്കില്ല. എലിമിനേഷന്‍ റൌണ്ട് ചിത്രീകരിക്കുന്ന ദിവസം രാവിലെവരെയുള്ള എസ്എംഎസ് പരിഗണിക്കുമെന്നുള്ള സമാശ്വാസമൊക്കെ ഇതിന്റെ ഭാഗമാണ്. ശരണാനന്ദന്മാരെ എസ്എംഎസ് രക്ഷിച്ചതായി അനുഭവകഥകളുമില്ല. ഒരു പ്രമുഖ ചാനലിന്റെ റിയാലിറ്റിഷോയില്‍ 500 എസ്എംഎസിനാണ് ഒരു മാര്‍ക്ക്. ഒരു മത്സരാര്‍ഥിക്ക് എത്ര എസ്എംഎസ് കിട്ടിയെന്നത് പരമരഹസ്യം. ഇതാരെങ്കിലും ചോദിച്ചാല്‍ അടുത്ത റൌണ്ടില്‍ പുറത്താക്കിക്കളയും. ഇങ്ങനെ പുറത്താക്കപ്പെട്ടവര്‍ നിരവധി. ചാനലുകളുടെയും മൊബൈല്‍ കമ്പനികളുടെയും പണപ്പെട്ടി നിറയ്ക്കാന്‍മാത്രമാണ് എസ്എംഎസ് കളിയെന്നു ചുരുക്കം.
ആഴ്ചതോറും ഷോ ചിത്രീകരിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ചാനല്‍ചെയ്യുന്നത് ശനി, ഞായര്‍ ദിവസങ്ങളിലായി പരിപാടി ഷൂട്ട് ചെയ്യുകയാണ്. എന്നാല്‍, ഇതു പ്രേക്ഷകന്‍ കാണുന്നത് അടുത്ത വെള്ളിയാഴ്ച. ശനിയാഴ്ചയോ ഞായറാഴ്ചയോ പുറത്താകുന്ന ആള്‍ക്കുവേണ്ടി അടുത്ത വെള്ളിയാഴ്ചവരെ എസ്എംഎസ് പ്രവഹിക്കും. പ്രമുഖ ചാനല്‍ മാസത്തിലൊന്നോ രണ്ടോ തവണയാണ് ചിത്രീകരണം നടത്തുന്നത്. അതും അടുത്തടുത്ത രണ്ടു ദിവസം. ഒരുമാസംമുമ്പ് വിധി നിര്‍ണയിച്ചു കഴിഞ്ഞ മത്സരമാണ് പ്രേക്ഷകന്‍ കാണുന്നതും എസ്എംഎസ് അയക്കുന്നതും. വിധി കഴിഞ്ഞത് മറച്ചുവച്ച് എസ്എംഎസിലൂടെ പണം തട്ടുന്ന വിദ്യയായി റിയാലിറ്റിഷോ മാറുന്നു.

'സംഗതി'യും 'ടെമ്പോയും' കുറഞ്ഞാലും 'ശ്രുതി ചേര്‍ന്നി'ല്ലെങ്കിലുമൊക്കെ ഈ എസ്എംഎസ് കൊണ്ട് കരകയറാമെന്നാണ് റിയാലിറ്റിഷോകള്‍ അവകാശപ്പെടുന്നത്. 'ഡെയിഞ്ചറസ് സോണ്‍' നാടകംവഴിയാണ് എസ്എംഎസ് ചാകരയ്ക്ക് കളമൊരുക്കുന്നത്. അപകടമേഖലയില്‍നിന്ന് വിറയ്ക്കുന്നവരോട് അവതാരകയുടെ ചോദ്യം- ഇപ്പോള്‍ എന്താ തോന്നുന്നേ?. 'കിട്ടണമെന്നു വിചാരിക്കുന്നു'- ഹൃദയം പടപടാന്ന് ഇടിച്ചുകൊണ്ടുള്ള മറുപടി. 'ടെന്‍ഷനുണ്ടോ?' അടുത്ത ചോദ്യം. പിന്നെയും കരയിപ്പിക്കാന്‍ വേണ്ടിയുള്ള കുറെ ചോദ്യങ്ങള്‍. വീണ്ടും ചോദിക്കും- കിട്ടുമോ? കിട്ടില്ലേ? എന്നിട്ടും രക്ഷയില്ലെങ്കില്‍ കുട്ടിയുടെ അമ്മയെ വിളിക്കും- എന്തു തോന്നുന്നു. മോള്‍ക്ക് കിട്ടണമെന്നല്ലാതെ അമ്മ എന്തു പറയാന്‍. കുറെ നാടകങ്ങള്‍ക്കുശേഷം 'മോള്‍ക്ക് നല്ല മാര്‍ക്കുണ്ടായിരുന്നു, എസ്എംഎസ് കുറഞ്ഞുപോയെന്നു' പറഞ്ഞ് പുറത്താക്കപ്പെടുന്ന കുട്ടിക്കൊപ്പം അവതാരകയും കരയും. എന്തിന് കുട്ടികളെയും രക്ഷിതാക്കളെയും മാത്രമല്ല കാണാന്‍ വന്നവരെയും കരയിച്ച് വിധികര്‍ത്താക്കളും മൂക്കുപിഴിയുന്നതു കാണാം. ഒരാള്‍ പുറത്താകുമ്പോള്‍ 'വിടപറയുകയാണോ ചിരിയുടെ വെണ്‍ പ്രാവുകള്‍' തുടങ്ങിയ ശോകഗാനങ്ങളുടെ പശ്ചാത്തലസംഗീതംകൂടിയാകുമ്പോള്‍ എത്ര മസിലുപിടിച്ചിരിക്കുന്ന പ്രേക്ഷകനും കരഞ്ഞു പോകും.
ഒരു പ്രമുഖ ചാനല്‍ തിങ്കളാഴ്ച സംപ്രേഷണംചെയ്ത എലിമിനേഷന്റൌണ്ട് ശനിയാഴ്ചയാണ് ചിത്രീകരിച്ചത്. മത്സരാര്‍ഥികളുടെ എണ്ണം കുറഞ്ഞതുകൊണ്ടാണ് ഇത്. ഇതേ ചാനലില്‍ ഒരു റൌണ്ട് ചിത്രീകരിച്ചത് ഒരു മാസം കഴിഞ്ഞായിരുന്നു കാണിച്ചു കൊണ്ടിരുന്നത്. ആഴ്ചയില്‍ രണ്ടു ദിവസംമാത്രമാണ് മറ്റൊരു ചാനല്‍ മത്സരം ചിത്രീകരിക്കുന്നത്. ഈ ശനിയാഴ്ച ചിത്രീകരിച്ചത് അടുത്ത വെള്ളിയാഴ്ചയാണ് കാണിക്കുന്നത്. ഈ ദിവസങ്ങളില്‍ ലഭിക്കുന്ന എസ്എംഎസുകള്‍ എവിടെപ്പോകുന്നു? ഒരു എസ്എംഎസിനായി എട്ടു രൂപ വരെ ചെലവിടുന്ന പ്രേക്ഷകന് അതറിയാനുള്ള അവകാശമില്ലേ?

എസ്.കുമാര്‍. ദേശാഭിമാനി-18.12.07

റിയാലിറ്റിഷോ തട്ടിപ്പ്: ചാനലിന് നോട്ടീസ്

റിയാലിറ്റിഷോകളുടെ മറവിലുള്ള തട്ടിപ്പ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ചാനലിന് വക്കീല്‍ നോട്ടീസ്. ഏഷ്യാനെറ്റ് ചാനല്‍ സംപ്രേഷണംചെയ്യുന്ന സ്റാര്‍സിങ്ങര്‍ റിയാലിറ്റിഷോ തട്ടിപ്പാണെന്ന് ആരോപിച്ചാണ് നോട്ടീസയച്ചത്. കോഴിക്കോട് ബിലാത്തിക്കുളം ഭവനബോര്‍ഡ് ഹൌസിങ് കോളനിയിലെ ബിജോയ് കെ ചന്ദ്രനാണ് ചാനല്‍മേധാവികള്‍ക്ക് പരാതി അയച്ചത്.

ഷോയുടെ പേരില്‍ സ്വീകരിക്കുന്ന എസ്എംഎസിന് മത്സരവിജയികളെ നിര്‍ണയിക്കുന്നതില്‍ പങ്കില്ലെന്ന് ബോധ്യമായിട്ടുണ്ട്. മത്സരത്തിനും ചാനലിനും പ്രചാരണത്തിന് എസ്എംഎസ് ആയുധമാക്കുകയാണ്. അതിനാല്‍, എസ്എംഎസ് സ്വീകരിക്കുന്നതിന്റെ മാനദണ്ഡം വെളിപ്പെടുത്തണമെന്നും ഷോയുടെ നടത്തിപ്പ് സുതാര്യമാക്കണമെന്നും ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍, പരിപാടിയുടെ പ്രൊഡ്യൂസര്‍ അജയന്‍ എന്നിവര്‍ക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടു. ഉചിതമായ നടപടി എടുത്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ബാറിലെ അഭിഭാഷക പി എം ആതിര മുഖേന അയച്ച വക്കീല്‍നോട്ടീസില്‍ വ്യക്തമാക്കി.

ദേശാഭിമാനി വാര്‍ത്ത(18.12.07)

Monday, 17 December 2007

ചാനലുകളിലെ എസ്.എം.എസ്.തട്ടിപ്പുകളെ കുറിച്ച് ദേശാഭിമാനി വാര്‍ത്ത.

ചാനലുകളീലെ എസ്.എം.എസ്. തട്ടിപ്പുകളെ കുറിച്ച് ദേശാഭിമാനി വാര്‍ത്ത.

ശരണാനന്ദന് 'സംഗതി' കുറഞ്ഞാല്‍ ചാനലിന് ലാഭം.
സജീവ്പാഴൂര്‍. ‍തിരു:

ശരണാനന്ദന്റെ പാട്ടില്‍ 'സംഗതി' കുറഞ്ഞാല്‍ ചാനലിന് ലാഭം ലക്ഷങ്ങള്‍! റിയാലിറ്റി ഷോകളിലെ ശരണാനന്ദന്മാരെയും പാട്ടിനെ പൂര്‍ണമാക്കുന്ന ഘടകങ്ങളെ സംബന്ധിച്ച വിധികര്‍ത്താവായ സംഗീത സംവിധായകന്റെ 'സംഗതി' പ്രയോഗവും അറിയാത്തവരില്ല. എന്നാല്‍, ഹൃദയത്തില്‍ കയറിപ്പറ്റിയ പാട്ടുകാരന്‍ പുറത്താകാതിരിക്കാന്‍ എസ്എംഎസ് അയക്കാനോടുന്ന ശുദ്ധാത്മാക്കളായ പ്രേക്ഷകന്‍ റിയാലിറ്റി ഷോയ്ക്കുപിന്നിലെ 'സംഗതി'കളറിയാത്ത പാവം ഇര. പ്രേക്ഷകന്റെ പോക്കറ്റ് ചോര്‍ത്തുന്ന എസ്എംഎസ് കളി വഴി ചാനലുകളും മൊബൈല്‍ കമ്പനികളും എസ്എംഎസ് ദാതാക്കളും ചേര്‍ന്ന് കൊയ്യുന്നത് കോടികള്‍. പ്രേക്ഷകര്‍ സ്വീകരിക്കുന്ന റിയാലിറ്റി ഷോകളുടെ ഓരോ ആഴ്ചയിലെയും എസ്എംഎസ് വരുമാനം ലക്ഷങ്ങളാണ്. വിധിനിര്‍ണയത്തില്‍ എസ്എംഎസിന്റെ റോള്‍ സംശയാസ്പദമാണെന്നത് ഇതിന്റെ ആന്റിക്ളൈമാക്സ് ................................................

കൂടുതല്‍ ഇവിടെ. http://www.deshabhimani.com/news/k1.htm

Monday, 3 December 2007

പ്രാദേശിക ചര്‍ച്ചയില്‍ അരലക്ഷം പേര് ‍പാഠ്യപദ്ധതിക്ക് ജീവസ്പര്‍ശം എതിര്‍പ്പുകള്‍ക്ക് ദ്രുതവാട്ടം

ക്ളാസ്മുറിയില്‍ മണ്ണിന്റെ മണമുള്ള പഠനം വേണമെന്ന് കര്‍ഷകത്തൊഴിലാളി ചാത്തന്‍. മത്സരാധിഷ്ഠിത ലോകത്തെ നേരിടാനുള്ള ആത്മവിശ്വാസം പകരുന്നതാകണം പാഠ്യപദ്ധതിയെന്ന് എന്‍ജിനിയര്‍ ഗോപകുമാര്‍. സഹജീവികളെ സ്നേഹിക്കാന്‍ പഠിപ്പിക്കാത്ത പഠനരീതി പരാജയമെന്ന് റിട്ട. അധ്യാപകന്‍ കൃഷ്ണന്‍നായര്‍. പഠനം ജീവിതഗന്ധിയും ഉപജീവനബദ്ധവുമാകണമെന്ന് വിദ്യാഭ്യാസപ്രവര്‍ത്തകര്‍. ഒരു മേശക്കു ചുറ്റുമിരുന്ന് കര്‍ഷകത്തൊഴിലാളിമുതല്‍ ശാസ്ത്രജ്ഞന്‍വരെ പുതിയ പഠനവും പഠനപ്രവര്‍ത്തനവും കരുപ്പിടിപ്പിക്കാന്‍ തങ്ങളുടെ സ്വപ്നവും ചിന്തയും പങ്കുവയ്ക്കുകയാണ്. ഈ ചര്‍ച്ച മുന്നേറുമ്പോള്‍ ലോകത്തെ ആദ്യ ജനകീയ പാഠ്യപദ്ധതിക്ക് ജന്മമേകിയ കേരളത്തിന് അഭിമാനിക്കാം. ജനപങ്കാളിത്തത്തോടെ സ്കൂള്‍ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിക്കാന്‍ തുടക്കമിട്ട ഗ്രാമപഞ്ചായത്ത്-നഗരസഭാതല ചര്‍ച്ചയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കള്ളക്കഥകള്‍ പ്രചരിപ്പിച്ചും മതവികാരം ഇളക്കിവിട്ടും താഴേതട്ടിലെ ചര്‍ച്ച പരാജയപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. വിരലിലെണ്ണാവുന്ന ഇടങ്ങളില്‍മാത്രമാണ് സംഘര്‍ഷമുണ്ടാക്കി ചര്‍ച്ച പരാജയപ്പെടുത്തിയത്. അവിടെ വീണ്ടും ചര്‍ച്ച നടത്താനുള്ള ക്രമീകരണവും ഉണ്ടാക്കിയിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട് മുന്‍വിധികളോടെ ചര്‍ച്ചക്കെത്തിയവരാകട്ടെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.
വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ കേരളമാകെ നടന്ന പ്രാദേശിക പാഠ്യപദ്ധതി വികസനചര്‍ച്ചയില്‍ അരലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. ഇപ്പോള്‍ നടക്കുന്ന സ്കൂള്‍തല ചര്‍ച്ച കഴിയുന്നതോടെ ഒരു ലക്ഷം പേരുടെ പങ്കാളിത്തമുണ്ടാകും. കര്‍ഷക-കര്‍ഷകത്തൊഴിലാളികള്‍, വിവിധ കൂലിത്തൊഴിലാളികള്‍, പ്രൊഫഷണലുകള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, അക്കാദമിക് പണ്ഡിതര്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ചര്‍ച്ച ശ്രദ്ധേയമാക്കി. വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി നല്‍കിയ പാഠ്യപദ്ധതി ചട്ടക്കൂട് വിശദമായി പരിശോധിച്ച് ഇവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് പരിശോധിക്കുന്ന കരിക്കുലം കമ്മിറ്റി ആവശ്യമായത് ഉള്‍ച്ചേര്‍ത്ത് പുതിയ പാഠ്യപദ്ധതിക്കും പാഠപുസ്തകത്തിനും അന്തിമരൂപം നല്‍കും.
2005-ല്‍ എന്‍സിഇആര്‍ടി തയ്യാറാക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ചുവടുപിടിച്ചാണ് കേരളം പുതിയ ചട്ടക്കൂട് തയ്യാറാക്കിയത്. ദേശീയ കാഴ്ചപ്പാടോടെ തയ്യാറാക്കിയ കേന്ദ്ര ചട്ടക്കൂട് പ്രാദേശിക സംസ്കൃതിയും വികസന കാഴ്ചപ്പാടും ഉള്‍പ്പെടുത്തി സമ്പുഷ്ടമാക്കിയാണ് ചര്‍ച്ചയ്ക്കു നല്‍കിയത്. പഠനത്തിനൊപ്പം കുട്ടികളില്‍ മൂല്യവും ജനാധിപത്യബോധവും വളര്‍ത്തുന്നതിനുള്ള നവീന ആശയങ്ങള്‍ കരട് ചട്ടക്കൂടിലുണ്ട്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് എല്ലാ സംസ്ഥാനങ്ങളിലും ചര്‍ച്ചചെയ്യുന്നുണ്ടെങ്കിലും മറ്റൊരിടത്തും ഇത്തരം പ്രാദേശിക ചര്‍ച്ച നടക്കുന്നില്ല.
താഴേതട്ടിലുള്ളവരെ സംവാദാത്മകമാക്കി ജനാധിപത്യപ്രക്രിയയിലൂടെ ദീര്‍ഘ-ഹ്രസ്വകാല ലക്ഷ്യത്തോടെയുള്ള പാഠ്യപദ്ധതിയാണ് കേരളം തയ്യാറാക്കുന്നത്. ഇത്തരം ജനകീയപാഠ്യപദ്ധതി ലോകത്ത് ആദ്യത്തേതാണെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പറഞ്ഞു. കുട്ടികളെ എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ലഭിച്ചപ്പോള്‍ സമൂഹത്തിന്റെ സര്‍വ മേഖലയില്‍നിന്നും നല്ല സ്വീകരണമാണ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി

റഷീദ് ആനപ്പുറം-3.12.07.ദേശാഭിമാനി