Tuesday 23 September 2008

ക്ളസ്റര്‍യോഗ ബഹിഷ്കരണം ഭാവിതലമുറയോടുള്ള പാതകം: മന്ത്രി ബേബി

സര്‍ക്കാര്‍വിരോധത്തിന്റെ പേരില്‍ ക്ളസ്റര്‍യോഗങ്ങള്‍ ബഹിഷ്കരിക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന പാതകമാണെന്ന് മന്ത്രി എം എ ബേബി പറഞ്ഞു. വീട്ടില്‍ വഴക്കുണ്ടാകുമ്പോള്‍ അമ്മ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കില്ലെന്നു പറയുന്നതുപോലെയാണ് അധ്യാപകരുടെ ക്ളസ്റര്‍യോഗ ബഹിഷ്കരണം. അധ്യാപകരുടെ ഒന്നാമത്തെ കടമ വിദ്യാര്‍ഥികളെ പഠിപ്പിക്കലാണ്. അതിന് പരിശീലനവും ആവശ്യമാണ്. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ളീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് തയ്യാറാക്കിയ 'ന്യൂ റൈസ്' മാഗസിന്റെ പ്രകാശനവും ഉന്നതവിജയം നേടിയ സ്കൂളുകളെ ആദരിക്കലും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏഴാംക്ളാസ് പാഠപുസ്തകവിവാദം ഉര്‍വശീശാപം ഉപകാരംപോലെയാണ്. ചെറുതും വലുതുമായ പോരായ്മ തിരുത്താനായി. വിവാദത്തിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. ന്യൂനപക്ഷവികാരം
വ്രണപ്പെടുത്തുകയാണെന്ന പ്രചാരണം ദുരുദ്ദേശ്യത്തോടെയായിരുന്നു. ക്ളസ്റര്‍യോഗ ബഹിഷ്കരണം രക്ഷിതാക്കളും വിദ്യാഭ്യാസസ്നേഹികളും ഇനി സഹിക്കുമെന്ന് തോന്നുന്നില്ല. സമരത്തിന്റെപേരില്‍ കോഴിക്കോട്ട്് ഒരു അധ്യാപകനെ കൊലപ്പെടുത്തി. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനാണ്് വിദ്യാഭ്യാസനിയമവും ചട്ടവും പരിഷ്കരിക്കാനുള്ള തീരുമാനം. ഒന്നാംക്ളാസ് മുതല്‍ ഇംഗ്ളീഷ് പഠിപ്പിക്കാനും തീരുമാനിച്ചു. ഭാഷാപഠന നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. എസ്എസ്എല്‍സിതലത്തില്‍ 'നോ ഡി പ്ളസ് ക്യാമ്പയിന്‍' നടപ്പാക്കുന്നു. ക്യാമ്പയിന്റെ ഫലമായി കോഴിക്കോട് സിയും സിപ്ളസും നേടിയവര്‍ 65 ശതമാനമാണ്. എസ്എസ്എല്‍സി പരീക്ഷയിലെ ഉയര്‍ന്നവിജയത്തെ കുറ്റപ്പെടുത്തുന്നവര്‍ പഞ്ചനക്ഷത്ര സ്കൂളുകളെ സംരക്ഷിക്കുന്നു. സിബിഎസ്ഇയില്‍ 99 ശതമാനം വിജയം സ്വാഭാവികമാണെന്നു പറഞ്ഞാണ് സംസ്ഥാനത്തെ വിജയത്തെ കുറ്റപ്പെടുത്തുന്നത്. വിദ്യാര്‍ഥിസംഘടനകള്‍ പഠിപ്പുമുടക്കുസമരത്തില്‍നിന്ന് പിന്മാറണം. മറ്റ് സമരമാര്‍ഗങ്ങള്‍ പരാജയപ്പെട്ടാല്‍ ഒടുവില്‍ പ്രയോഗിക്കേണ്ട സമരമായിട്ടായിരിക്കണം പഠിപ്പുമുടക്ക് നടത്തേണ്ടത്- മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍ കമലമ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആനാട് ജയന്‍, ബി കെ വിജയന്‍, എം കെ ശിവന്‍കുട്ടി, എം ഹക്കീം എന്നിവര്‍ സംസാരിച്ചു. വൈസ്പ്രസിഡന്റ് ബി പി മുരളി സ്വാഗതവും സെക്രട്ടറി വി എസ് സന്തോഷ്കുമാര്‍ നന്ദിയും പറഞ്ഞു.


ദേശാഭിമാനി

No comments:

Post a Comment

വായനക്കാരുടെ പ്രതികരണങ്ങള്‍.