Saturday 20 September 2008

കണികാപരീക്ഷണം രണ്ടു മാസത്തേക്ക്‌ നിര്‍ത്തി

വീണ്ടും അപകടം: കണികാപരീക്ഷണം രണ്ടു മാസത്തേക്ക്‌ നിര്‍ത്തി

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്‌): ദ്രവീകൃത ഹീലിയം ചോര്‍ന്നുണ്ടായ അപകടംമൂലം കണികാപരീക്ഷണം വീണ്ടും നിര്‍ത്തിവെച്ചു. ഗുരുതരമായ ഈ തകരാര്‍ പരിഹരിച്ച്‌ പരീക്ഷണം പുനരാരംഭിക്കാന്‍ ചുരുങ്ങിയത്‌ രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്ന്‌ പരീക്ഷണത്തിന്‌ നേതൃത്വം നല്‌കുന്ന യൂറോപ്യന്‍ ആണവോര്‍ജ ഏജന്‍സി (സേണ്‍) അറിയിച്ചു.

പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുള്ള ലോകത്തെ ഏറ്റവും വലിയ പരീക്ഷണമെന്നു വിശേഷിപ്പിക്കപ്പെടുന്ന കണികാ പരീക്ഷണം സപ്‌തംബര്‍ 10നാണ്‌ തുടങ്ങിയത്‌. ശീതീകരണിയിലെ തകരാര്‍മൂലം ഇടയ്‌ക്ക്‌ നിര്‍ത്തേണ്ടിവന്ന പരീക്ഷണം വ്യാഴാഴ്‌ച പുനരാരംഭിച്ചതിനുശേഷമാണ്‌ ഹീലിയം ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്‌.

പരീക്ഷണം നടക്കുന്ന തുരങ്കത്തിലേക്ക്‌ വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞാണ്‌ വന്‍തോതില്‍ ഹീലിയം ചോര്‍ച്ച ഉണ്ടായത്‌. യന്ത്രത്തിന്റെ ഒരു ഭാഗം കേടായതായി സേണ്‍ വക്താവ്‌ ജെയിംസ്‌ ഗില്ലിസ്‌ പറഞ്ഞു. രണ്ടു കാന്തങ്ങളെ ബന്ധിപ്പിക്കുന്ന വൈദ്യുതിബന്ധത്തിലുണ്ടായ തകരാറാണ്‌ അപകടത്തിന്‌ കാരണം. ഉയര്‍ന്ന വൈദ്യുതിപ്രവാഹത്തില്‍ ചാലകങ്ങള്‍ ഉരുകിപ്പോയി. ഇതുമൂലം മറ്റ്‌ അപായത്തിനൊന്നും സാധ്യതയില്ലെന്ന്‌ സേണ്‍ വക്താവ്‌ പറഞ്ഞു. പരീക്ഷണസംവിധാനത്തിലുള്ള അതിചാലകകാന്തങ്ങളില്‍ ചിലത്‌ ചൂടാവുകയും വെള്ളിയാഴ്‌ച അവയുടെ പ്രവര്‍ത്തനം നിലയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഒരു ടണ്ണോളം ഹീലിയം ദ്രാവകം ചോര്‍ന്ന്‌ ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡര്‍ സ്ഥാപിച്ചിട്ടുള്ള ടണലിലേക്ക്‌ ഒലിച്ചിറങ്ങുകയായിരുന്നു. അമ്പതടി നീളവും 35 ടണ്‍ തൂക്കവുമുള്ള അതിചാലകകാന്തങ്ങളിലുള്ള വയറുകള്‍ പെട്ടെന്ന്‌ അത്യധികമായി ചൂടുപിടിച്ചതാണ്‌ അപകടത്തിനു വഴിവെച്ചത്‌.

എത്ര കാന്തങ്ങള്‍ക്ക്‌ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന്‌ കൃത്യമായി അറിവായിട്ടില്ല. നൂറു കാന്തങ്ങള്‍ക്കുവരെ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ്‌ പ്രാഥമിക നിഗമനം. എന്‍ജിനീയര്‍മാര്‍ തകരാറിന്റെ വ്യാപ്‌തി പരിശോധിച്ചുവരികയാണ്‌. ചില കാന്തങ്ങള്‍ പൂര്‍ണമായും മറ്റുചിലതിന്റെ ഭാഗങ്ങളും മാറ്റി സ്ഥാപിക്കേണ്ടിവരുമെന്നു കരുതുന്നു. ഇതിനുതന്നെ ആഴ്‌ചകള്‍ എടുത്തേക്കും. അതിനുശേഷംവേണം യന്ത്രത്തെ പൂജ്യത്തിലും 271 ഡിഗ്രി താഴെയുള്ള ഊഷ്‌മാവിലേക്ക്‌ തണുപ്പിക്കാന്‍. ഇതിനു സമയമെടുക്കും.

ഒക്ടോബര്‍ മധ്യത്തോടെ കണികകളെ തമ്മില്‍ കൂട്ടി ഘടിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു പരീക്ഷണം ആരംഭിച്ചപ്പോഴത്തെ ധാരണ. പ്രോട്ടോണ്‍ധാരകളെ 27 കി.മി. നീളംവരുന്ന ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡറിനുള്ളിലൂടെ നിശ്ചിതദിശയിലും സ്ഥിതിയിലും വേഗത്തിലും പായിക്കുവാന്‍ സഹായിക്കുന്നത്‌ 35 ടണ്ണോളം തൂക്കംവരുന്ന 1,700 ലധികം കൂറ്റന്‍ അതിചാലക കാന്തങ്ങളാണ്‌. ഇവയുടെ താപനില മൈനസ്‌ 271 ഡിഗ്രി ഊഷ്‌മാവിലേക്ക്‌ താഴ്‌ത്തുന്നത്‌ ഹീലിയം ദ്രാവകത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ശീതീകരണസംവിധാനവും. ഇതിലാണ്‌ അപകടമുണ്ടായത്‌.

ജെയിംസ്‌ കെ. അവറാന്‍
മാതൃഭൂമി വാര്‍ത്ത


കണികാ പരീക്ഷണം പ്രശ്നം സങ്കീര്‍ണം 2 മാസത്തേക്ക് നിര്‍ത്തിവയ്ക്കും


ജനീവ: ലോകത്തിലെ ഏറ്റവും വലിയ കണത്വരിത്രമായ ലാര്‍ജ് ഹാഡ്രോ കൊളൈഡറിന്റെ പ്രവര്‍ത്തനം രണ്ട് മാസത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് യൂറോപ്യന്‍ ആണവ ഗവേഷണ സംഘടന (സേ) അധീകൃതര്‍. കണികാപരീക്ഷണം ഒന്നുരണ്ട് ദിവസത്തേയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നാണ് കരുതിയിരുന്നതെങ്കിലും പ്രശ്നം അല്‍പ്പംകൂടി ഗുരുതരമാണെന്ന് സേ വക്താവ് ജയിംസ് ഗില്ലിസ് വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു. ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലുള്ള തുരങ്കത്തില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോ കൊളൈഡര്‍ (എല്‍എച്ച്സി) പരിശോധിക്കുന്നതിന് തുരങ്കത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ടെന്ന് ഗില്ലിസ് പറഞ്ഞു. കൊളൈജര്‍ ശീതീകരിക്കുന്നതിനുപയോഗിച്ചിരുന്ന ട്രാന്‍സ്ഫോര്‍മറിന്റെ തകരാറാണ് പ്രശ്നമെന്നാണ് ആദ്യം കരുതിയത്. ട്രാന്‍സ്ഫോര്‍മര്‍ മാറ്റിയശേഷം പരീക്ഷണം തുടരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ശാസ്ത്രജ്ഞര്‍ തുരങ്കത്തിലേക്കിറങ്ങി പരിശോധിക്കണമെന്ന് തീരുമാനിച്ചത്. കൊളൈഡര്‍ സ്ഥാപിച്ച തുരങ്കത്തില്‍ പൂജ്യത്തിനും താഴെയാണ് താപനില. ഇത് ഉയര്‍ത്തിയ ശേഷമേ അറ്റകുറ്റപ്പണി നടക്കൂ. ഇതിന് സമയം പിടിക്കും. പ്രശ്നം കണ്ടെത്തി പരിഹരിച്ചശേഷം വീണ്ടും താപനില താഴ്ത്തണം. ഇതിനും സമയം വേണം. എല്‍എച്ച്സി സ്ഥാപിച്ചിട്ടുള്ള തുരങ്കത്തിലെ താപനില കൂട്ടാനും താഴ്ത്താനും അറ്റകുറ്റപ്പണി ചെയ്യാനും മറ്റുമായി രണ്ട് മാസത്തോളം സമയം വേണ്ടിവരുമെന്ന് ഗില്ലിസ് പറഞ്ഞു. മറ്റ് കണത്വരിത്രങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും രണ്ടുമൂന്നു ദിവസംകൊണ്ട് പരിഹരിക്കാന്‍ കഴിയും. എല്‍എച്ച്സി ലോകത്തില്‍ ഇന്നുവരെ ഉണ്ടാക്കിയിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ കണത്വരിത്രമാണ്. മാത്രവുമല്ല, അത് പ്രവര്‍ത്തിക്കുന്നത് കേവല പൂജ്യത്തിനടുത്ത താപനിലയിലാണ്. അതുകൊണ്ടാണ് കൂടുതല്‍ സമയം വേണ്ടിവരുന്നത്. കണത്വരിത്രത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ പതിവാണെന്നും അവ പരിഹരിക്കാനാവുമെന്നും ഗില്ലിസ് പറഞ്ഞു. ആയിരം കോടി ഡോളറോളം ചെലവിട്ട് 20 വര്‍ഷത്തിലേറെ സമയംകൊണ്ട് നിര്‍മിച്ച എല്‍എച്ച്സി ഉപയോഗിച്ച് നടത്തുന്ന കണികാപരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത് സേ (സിഇആര്‍എന്‍) ആണെങ്കിലും ഇന്ത്യയടക്കമുള്ള 32 രാജ്യങ്ങള്‍ ഇതില്‍ സഹകരിക്കുന്നുണ്ട്. പ്രപഞ്ച സൃഷ്ടിയെക്കുറിച്ചും പദാര്‍ഥങ്ങളുടെ ഘടനയെപ്പറ്റിയും കൂടുതല്‍ വ്യക്തത നല്‍കുമെന്ന് കരുതുന്ന പരീക്ഷണത്തെക്കുറിച്ച് ലോകമെമ്പാടും വിവാദങ്ങളും നടക്കുന്നുണ്ട്.

ദേശാഭിമാനി വാര്‍ത്ത

No comments:

Post a Comment

വായനക്കാരുടെ പ്രതികരണങ്ങള്‍.